Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തീർഥാടകരുടെ നടപടികൾ മുൻകൂട്ടി പൂർത്തിയാക്കുന്ന പദ്ധതി വ്യാപിപ്പിക്കും -ജവാസാത്ത്

തീർഥാടകരുടെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് നേരിടുന്ന പ്രതിബന്ധങ്ങളെ കുറിച്ച് ജവാസാത്ത് ഉദ്യോഗസ്ഥരോട് മേജർ ജനറൽ സുലൈമാൻ അൽ യഹ്‌യ ചോദിച്ചറിയുന്നു. 

ജിദ്ദ- ഹജ് തീർഥാടകർക്ക് സൗദിയിലേക്ക് പ്രവേശനം നൽകുന്നതുമായി ബന്ധപ്പെട്ട ജവാസാത്ത് നടപടിക്രമങ്ങൾ തീർഥാടകരുടെ രാജ്യങ്ങളിൽ വെച്ചു തന്നെ മുൻകൂട്ടി പൂർത്തിയാക്കുന്ന പദ്ധതി വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ജവാസാത്ത് മുന്നോട്ടു പോകുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ സുലൈമാൻ അൽ യഹ്‌യ വെളിപ്പെടുത്തി. 
ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിലെ ഹജ്, ഉംറ ടെർമിനലിൽ സന്ദർശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. മലേഷ്യയിൽ നിന്നുള്ള ഹജ് തീർഥാടകർക്ക് കഴിഞ്ഞ വർഷം പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിരുന്നു. ഇത് വൻ വിജയമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പദ്ധതി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. മലേഷ്യയും ഇന്തോനേഷ്യയും അടക്കം ഏറ്റവും കൂടുതൽ ഹജ് തീർഥാടകർ എത്തുന്ന 27 രാജ്യങ്ങളിൽ പദ്ധതി നടപ്പാക്കുന്നതിനാണ് നീക്കം. ആദ്യ ഘട്ടത്തിൽ മലേഷ്യയിലും ഇന്തോനേഷ്യയിലും പദ്ധതി നടപ്പാക്കും. ഈ രണ്ട് രാജ്യങ്ങളിൽ നിന്നുമുള്ള ഹജ് തീർഥാടകർക്ക് സൗദി അറേബ്യയിലേക്ക് പ്രവേശനം നൽകുന്നതുമായി ബന്ധപ്പെട്ട മുഴുവൻ നടപടിക്രമങ്ങളും ഈ വർഷം അവരവരുടെ രാജ്യങ്ങളിൽ വെച്ച് ജവാസാത്ത് പൂർത്തിയാക്കും. 
വിരലടയാളം രജിസ്റ്റർ ചെയ്യൽ, ആരോഗ്യ നടപടിക്രമങ്ങൾ, തീർഥാടകരുടെ താമസസ്ഥലം നിർണയിക്കൽ, സേവനം നൽകുന്ന ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റിനെയും ഗ്രൂപ്പിനെയും നിർണയിക്കൽ അടക്കമുള്ള നടപടികളാണ് തീർഥാടകരുടെ രാജ്യങ്ങളിൽ വെച്ച് പൂർത്തിയാക്കുക. ഇതിലൂടെ ജിദ്ദ, മദീന എയർപോർട്ടുകളിൽ ഇറങ്ങുന്ന തീർഥാടകർക്ക് ജവാസാത്ത് കൗണ്ടറുകളെ സമീപിക്കാതെ നേരെ ബസുകളിൽ കയറി തങ്ങളുടെ താമസസ്ഥലങ്ങളിലേക്ക് പോകുന്നതിന് സാധിക്കുമെന്ന് മേജർ ജനറൽ സുലൈമാൻ അൽ യഹ്‌യ പറഞ്ഞു. 
ഉംറ തീർഥാടകരുടെ പ്രവേശന നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് ഹജ്, ഉംറ ടെർമിനലിൽ ജവാസാത്ത് കൗണ്ടറുകളിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരോട് ജവാസാത്ത് മേധാവി ആവശ്യപ്പെട്ടു. തീർഥാടകർക്ക് രാജ്യത്തേക്ക് വേഗത്തിൽ പ്രവേശനം നൽകുന്നതിന് നേരിടുന്ന പ്രതിബന്ധങ്ങളെ കുറിച്ച് പഠിച്ച് അവക്ക് പരിഹാരം കാണണമെന്നും ജവാസാത്ത് മേധാവി ആവശ്യപ്പെട്ടു. ഉംറ തീർഥാടകരുമായി കൂടിക്കാഴ്ച നടത്തിയ മേജർ ജനറൽ സുലൈമാൻ അൽയഹ്‌യ ജിദ്ദ എയർപോർട്ടിൽ അവർക്ക് നേരിട്ട പ്രശ്‌നങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞു. തീർഥാടകരുടെ പ്രവേശന നടപടികൾക്ക് കാലതാമസമുണ്ടാക്കുന്ന പ്രതിബന്ധങ്ങളെ കുറിച്ച് തന്റെ ശ്രദ്ധയിൽ പെടുത്തണമെന്ന് ജവാസാത്ത് ഉദ്യോഗസ്ഥരോട് അദ്ദേഹം ആവശ്യപ്പെട്ടു. 
മുഴുവൻ ഹജ്, ഉംറ തീർഥാടകരുടെയും പ്രവേശന നടപടികൾ അവരവരുടെ രാജ്യങ്ങളിൽ വെച്ച് പൂർത്തിയാക്കുന്നതിനാണ് നീക്കം. ഈ വർഷത്തെ ഉംറ സീസൺ ആരംഭിച്ച ശേഷം ഇതുവരെ വിദേശങ്ങളിൽ നിന്ന് 63 ലക്ഷം ഉംറ തീർഥാടകർ എത്തിയിട്ടുണ്ടെന്നും മേജർ ജനറൽ സുലൈമാൻ അൽ യഹ്‌യ പറഞ്ഞു. 


 

Latest News