Sorry, you need to enable JavaScript to visit this website.

വൈ.എസ്.ആർ കോൺഗ്രസ് എം.പിമാരുടെ രാജി സ്വീകരിക്കാതെ സ്പീക്കർ

ന്യൂദൽഹി- ലോക്‌സഭയിൽനിന്ന് രാജിക്കത്ത് നൽകിയ വൈ.എസ്.ആർ കോൺഗ്രസ് എം.പിമാരുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് സ്പീക്കർ സുമിത്ര മഹാജൻ. വൈ.എസ്.ആർ കോൺഗ്രസ് എം.പിമാരായ മേക്കപതി രാജ്‌മോഹൻ റെഡ്ഡി, മിഥുൻ റെഡ്ഡി, വൈ.എസ്. അവിനാഷ് റെഡ്ഡി, വൈ.വി. സുബ്ബ റെഡ്ഡി, വി.വി. പ്രസാദ റാവു എന്നിവരാണ് ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നൽകാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ രാജി സമർപ്പിച്ചത്. എന്നാൽ, ഇവരുടെ രാജിക്കത്തിൽ സ്പീക്കർ ഇതുവരെ തീരുമാനമെടുത്തിരുന്നില്ല. തുടർന്ന് അഞ്ച് എം.പിമാരും ബുധനാഴ്ച സുമിത്ര മഹാജനെ കണ്ട് തങ്ങളുടെ രാജി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു. രാജിക്കാര്യം പുനഃപരിശോധിക്കണമെന്നാണ് സ്പീക്കർ ഇവരോട് ആവശ്യപ്പെട്ടത്. ഇത് അസാധാരണ നടപടിയാണ്. രാജിക്കത്ത് നൽകിയ എം.പിമാരെ ലോക്‌സഭ സ്പീക്കർ നിരുത്സാഹപ്പെടുത്തിയ കീഴ്‌വഴക്കം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. ജൂൺ മൂന്നിനു മുമ്പ് തങ്ങളുടെ രാജി അംഗീകരിക്കണമെന്നാണ് വൈ.എസ്.ആർ കോൺഗ്രസ് എം.പിമാരുടെ ആവശ്യം. ഇതിന് ശേഷം കേന്ദ്ര സർക്കാരിന് ഒരു വർഷം മാത്രം കാലാവധിയുള്ളതിനാൽ ഈ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പു കമ്മീഷൻ ഒരുങ്ങില്ല. ഈ ആഴ്ച തന്നെ രാജി ആവശ്യപ്പെടുന്നത് ഉപതെരഞ്ഞെടുപ്പിലൂടെ തങ്ങളുടെ ജനസ്വാധീനം ഒരിക്കൽ കൂടി തെളിയിക്കാൻ ലക്ഷ്യമിട്ടാണ്. രാജി അംഗീകരിക്കാൻ സ്പീക്കർ ഇത്ര സമയം എടുക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. അഞ്ചു സീറ്റുകളിലും ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നതാണ് തങ്ങളുടെ ആവശ്യം. എന്നാൽ, ബി.ജെ.പിയും കേന്ദ്ര സർക്കാരും ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് ഒഴിവാക്കാനുള്ള നീക്കത്തിലാണ്. ജൂൺ മൂന്നിന് മുമ്പ് രാജി അംഗീകരിച്ചാൽ മാത്രമേ ഉപതെരഞ്ഞെടുപ്പു നടത്താൻ കഴിയൂ. ഇക്കാര്യം ആവശ്യപ്പെട്ട് സ്പീക്കറെ സമീപിച്ചിട്ടും അനുകൂല തീരുമാനം ഉണ്ടായില്ലെന്നും രാജിവെച്ച എം.പിമാരിൽ ഒരാളായ മിഥുൻ റെഡ്ഡി പറഞ്ഞു. 

 

Latest News