എയർ ഇന്ത്യ ഓഹരികൾ വാങ്ങാൻ ആളില്ല

മുംബൈ- കടത്തിൽ മുങ്ങിയ എയർ ഇന്ത്യയുടെ ഭൂരിഭാഗം ഓഹരികളും വിൽക്കാൻ കേന്ദ്ര സർക്കാർ തയാറായെങ്കിലും വാങ്ങാൻ ആളില്ല. ഓഹരി വാങ്ങാൻ താൽപര്യമുള്ളവർക്കുള്ള സമയപരിധി ഇന്നലെ അവസാനിക്കുമ്പോഴും രാജ്യത്തിനുള്ളിൽനിന്നോ വിദേശത്തുനിന്നോ ആരും താൽപര്യം പ്രകടിപ്പിച്ചില്ല. 
മുൻ നിശ്ചയിച്ച സമയപരിധി മൂന്നാഴ്ച നീട്ടിനൽകിയിട്ടും ഇതാണ് സ്ഥിതി. ഇതുവരെ ആരും താൽപര്യവുമായി സമീപിച്ചില്ലെന്ന് കേന്ദ്ര സിവിൽ വ്യോമയാന സെക്രട്ടറി ആർ.എൻ. ചൗബേ പറഞ്ഞു. എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികൾ വിൽക്കാനുള്ള തീരുമാനം മാർച്ച് 28നാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടത്. എന്നാൽ സ്ഥാപനം നേരിടുന്ന ഭീമമായ നഷ്ടവും, ഓഹരി വിൽക്കുന്നതിൽ സർക്കാർ മുന്നോട്ട് വെക്കുന്ന വ്യവസ്ഥകളും നിക്ഷേപകരെ പിന്തിരിപ്പിക്കുന്നു എന്നാണറിയുന്നത്. 
ടാറ്റ ഗ്രൂപ്പും സിംഗപ്പൂർ എയർലൈൻസും ചേർന്ന് രൂപം നൽകിയ വിസ്താര, ഇൻഡിഗോ തുടങ്ങിയ സ്ഥാപനങ്ങൾ നേരത്തെ എയർ ഇന്ത്യയിൽ താൽപര്യം പ്രകടിപ്പിച്ചെങ്കിലും പിന്നീട് അവരും പിന്മാറി. 

Latest News