Sorry, you need to enable JavaScript to visit this website.

നിഫ്റ്റി സെൻസെക്‌സ് പോയന്റുകൾ നഷ്ടത്തിൽ

ഒടുവിൽ കാളകൾക്ക് മുന്നിൽ അടിയറ പറഞ്ഞ് കരടിക്കൂട്ടങ്ങൾ ഓഹരി വിപണിയിൽ നിന്നും ഓടി ഒളിക്കാൻ പരക്കം പാഞ്ഞത് ഇൻഡക്‌സുകളിൽ ഉണർവ് ഉളവാക്കിയെങ്കിലും അതിന് അൽപായുസ്സേ ഉണ്ടായുള്ളൂ. ദ്വന്ദ യുദ്ധത്തിന്റെ ഒടുവിൽ നിഫ്റ്റി സൂചിക 91 പോയന്റും സെൻസെക്‌സ് 317 പോയന്റും പ്രതിവാര നഷ്ടത്തിലാണ്. 
ഡോളറിന് മുന്നിൽ രൂപ 82.51 ൽനിന്നും മുൻവാരം സൂചിപ്പിച്ച 82.98 ലെ പ്രതിരോധം ഒരു പൈസ വ്യത്യാസത്തിൽ തകർത്ത് 82.99 ലേയ്ക്ക് ദുർബലമായ ശേഷം വാരാന്ത്യം 82.82 ലാണ്. ഫോറെക്‌സ് വിപണിയെ സാങ്കേതികമായി വീക്ഷിച്ചാൽ രൂപ 82.52 വരെ ശക്തി പ്രാപിക്കാം. അതേ സമയം രൂപ വീണ്ടും ദുർബലമായാൽ 83.02 ലേയ്ക്കും തുടർന്ന് 82.28 ലേയ്ക്കും മാർച്ചിൽ മൂല്യം ഇടിയാം. 
ഷോട്ട് പൊസിഷനുകളുടെ അമിത ഭാരം മൂലം ഫെബ്രുവരി തുടക്കം മുതൽ വിൽപന സമ്മർദത്തിൽ നീങ്ങിയ നിഫ്റ്റി കഴിഞ്ഞ വാരം മധ്യം പ്രതിരോധങ്ങൾ ഓരോന്നായി തകർത്തെങ്കിലും ഉണർവിന് അൽപായുസ്സ് മാത്രമേ ലഭിച്ചുള്ളു. നിഫ്റ്റി 17,856 ൽ നിന്നും 17,719 വരെ താഴ്ന്ന അവസരത്തിൽ ഉടലെടുത്ത പുൾ ബാക്ക് റാലിയിൽ സൂചിക 18,074 ലെ പ്രതിരോധം തകർത്ത് 18,134 പോയന്റ് വരെ ഉയർന്നു. 
ഇതിനിടയിൽ ഊഹക്കച്ചവടക്കാരുടെ ഷോട്ട് കവറിങ് അവസാനിച്ചതോടെ പുതിയ ബയ്യിങിന് ഫണ്ടുകൾ തയാറായില്ല. ഇതോടെ സംഭരിച്ച ഊർജമത്രയും കൈമോശം വന്നതിനിടയിൽ 17,965 ന് മുകളിൽ പിടിച്ചുനിൽക്കാനുള്ള കരുത്ത് നഷ്ടപ്പെട്ട് വ്യാപാരാന്ത്യം സൂചിക 17,944 പോയന്റിലാണ്. 
അദാനി ഗ്രൂപ്പ് ചെയർമാന്റെ സഹോദരനുമായി ബന്ധപ്പെട്ട പുതിയ വിവാദം, അതും 240 മില്യൺ ഡോളർ വായ്പ റഷ്യൻ ബാങ്കിൽ നിന്നും സിംഗപ്പൂർ വഴി സംഘടിപ്പിച്ച വിവരം പ്രത്യക്ഷത്തിൽ ഇന്ത്യയെ ബാധിക്കില്ലെങ്കിലും ഇത് സിംഗപ്പുർ നിഫ്റ്റിയെ പിടിച്ചു ഉലയ്ക്കാം. വാരാന്ത്യം 17,993 ൽ നിലകൊള്ളുന്ന എസ്ജിഎക്‌സിനെ സംബന്ധിച്ച് 17,884 ലെ താങ്ങും 18,032 ലെ  പ്രതിരോധവും നിർണായകം, ഈ ടാർഗറ്റിൽ നിന്നും ഏത് ദിശയിലേയ്ക്ക് സൂചിക നീങ്ങുമെന്നതിനെ ആശ്രയിച്ചാവും ഇന്ന് ഇന്ത്യൻ മാർക്കറ്റ്. 
നിഫ്റ്റി ഈ വാരം 18,145 ന് മുകളിൽ ഇടം പിടിച്ചാൽ സ്വാഭാവികമായും പുതിയ ബയ്യിങിന് ആഭ്യന്തര ഫണ്ടുകൾക്ക് ഒപ്പം വിദേശ ഓപറേറ്റർമാരും അണിചേരാം. ഈ വർഷം ഇതാദ്യമായി കഴിഞ്ഞ വാരം ഇരുകൂട്ടരും ഇടപാടുകളുടെ ആദ്യ നാല് ദിവസങ്ങളിൽ ബയ്യിങിന് ഉത്സാഹിച്ചു. അതേ നിലപാട് വീണ്ടും സ്വീകരിച്ചാൽ 18,347 ലേയ്ക്കുള്ള ദൂരം അകലെയല്ല. എന്നാൽ പ്രതികൂല വാർത്തകൾ ഓപറേറ്റർമാരെ സ്വാധീനിച്ചാൽ 17,730 ലും  17,517 ലും സപ്പോർട്ട് കണ്ടെത്താം. 
സെൻസെക്‌സ് വാരത്തിന്റെ ആദ്യ പകുതിയിൽ 60,682 ൽ നിന്നും 60,245 ലേക്ക് താഴ്ന്നു. മുൻവാരം സൂചിപ്പിച്ച 60,204 ലെ സപ്പോർട്ട് തകർച്ചയിൽ നിലനിർത്തിയത് തിരിച്ചുവരവിന് അവസരം ഒരുക്കി. 
ഇതിനിടയിലെ വാങ്ങൽ താൽപര്യം 61,016 ലും 16,351 ലും പ്രതിരോധങ്ങൾ തകർത്ത് സൂചികയെ 61,686 വരെ ഉയർത്തിയെങ്കിലും ഉയർന്ന റേഞ്ചിലെ അൽപായുസ്സിൽ വാരാന്ത്യം സൂചിക 61,002 പോയന്റിലാണ്. അതേസമയം 61,016 ലെ പ്രതിരോധത്തിന് മുകളിൽ ഇടം കണ്ടെത്താൻ സെൻസെക്‌സിനായില്ല. 
വിദേശ ഓപറേറ്റർമാർ 4630 കോടി രൂപയുടെ നിക്ഷേപവും 625 കോടിയുടെ വിൽപനയും നടത്തി. ആഭ്യന്തര ഫണ്ടുകൾ 2821 കോടി നിക്ഷേപിച്ച ശേഷം വെളളിയാഴ്ച 85 കോടിയുടെ ഓഹരികൾ വിറ്റു. 
ആഗോള സ്വർണ വിപണി ഇന്ത്യൻ ആഭരണ പ്രേമികൾക്ക് അനുകൂലമായി നീങ്ങി. 1865 ഡോളറിൽ നിന്നും 1818 ലേയ്ക്ക് ഇടിഞ്ഞ അവസരത്തിലെ ഫണ്ടുകൾ പ്രോഫിറ്റ് ബുക്കിങ് വാരാന്ത്യം 1842 ഡോളറിലെത്തിച്ചു. സാങ്കേതികമായി വിപണി ദുർബലമായ സാഹചര്യത്തിൽ 1795 ഡോളറിലേക്ക് തിരുത്തൽ പ്രതീക്ഷിക്കാം. 
ഫെബ്രുവരി ആദ്യം സൂചിപ്പിച്ച 1720 ഡോളറിലേക്ക് സ്വർണം പരീക്ഷണങ്ങൾക്ക് മുതിരാം. അതേ സമയം വടക്കൻ കൊറിയ സൗത്ത് കൊറിയക്ക് നേരേ വാരാന്ത്യം നടത്തിയ മിസൈൽ ആക്രമണം മഞ്ഞലോഹ വിലയിൽ ഇന്ന് ചെറിയ തോതിൽ മുന്നേറ്റം സൃഷ്ടിക്കാം.   

Latest News