Sorry, you need to enable JavaScript to visit this website.

കുരുമുളകിന് വൻ ഡിമാന്റ്, ഏലം വില കൂടി

ഹോളി ആഘോഷ വേളയിലെ ഡിമാന്റ് മുൻനിർത്തി ഉത്തരേന്ത്യക്കാർ സുഗന്ധവ്യഞ്ജനങ്ങളിൽ താൽപര്യം കാണിച്ചു.  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സുഗന്ധവ്യഞ്ജനങ്ങൾക്ക് ആവശ്യം ഉയർന്നു. കുരുമുളകിനുണ്ടായ ഡിമാന്റിനെത്തുടർന്ന്് ഉൽപാദന മേഖലകളിൽ നിന്നും ഉയർന്ന അളവിൽ ചരക്ക് ഉരത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റിപ്പോയി. വിളവെടുപ്പ് അവസാനിച്ചെങ്കിലും ടെർമിനൽ മാർക്കറ്റിൽ വരവ് ചുരുങ്ങിയതാണ് കാർഷിക മേഖലകളിൽ നേരിട്ട് ഇറങ്ങി ചരക്ക് ശേഖരിക്കാൻ ചില വാങ്ങലുകാരെ പ്രേരിപ്പിച്ചത്. കർണാടകയിൽ വിളവെടുപ്പ് പുരോഗമിച്ചെങ്കിലും പുതിയ ചരക്ക് തിരക്കിട്ട് വിൽപനയ്ക്ക് ഇറക്കാൻ അവർ താൽപര്യം കാണിച്ചില്ല. സാമ്പത്തിക ശേഷിയുള്ള വൻകിട തോട്ടങ്ങളായതിനാൽ നിരക്ക് കൂടുതൽ ഉയരട്ടെയെന്ന നിലപാടിലാണ് അവർ. എന്നാൽ ചെറുകിട കർഷകർ മുളക് വിൽപന നടത്തി. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് വില 500 രൂപ വർധിച്ച് 51,200 രൂപയായി. 
അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ കയറ്റുമതി സമൂഹം ടണ്ണിന് 6500 ഡോളറാണ് ആവശ്യപ്പെടുന്നത്. വിയറ്റ്‌നാം 3450 ഡോളറിനും ഇന്തോനേഷ്യ 3600 ഡോളറിനും ബ്രസീൽ 3350  ഡോളറിനും മലേഷ്യ 5100 ഡോളറിനും ശ്രീലങ്ക 5300  ഡോളറിനും ക്വാട്ടേഷൻ ഇറക്കി. 
ലേല കേന്ദ്രങ്ങളിൽ ഏലക്ക ചൂടുപിടിച്ചു. ഇടപാടുകാർ ചരക്ക് സംഭരിക്കാൻ ലേലത്തിൽ കാണിച്ച ഉത്സാഹം വിലക്കയറ്റത്തിന് വേഗം കൂട്ടി. ഉത്സവ ഡിമാന്റ് മുൻനിർത്തിയുള്ള ചരക്ക് സംഭരണം വരും ആഴ്ചകളിലും തുടരാം. രാജ്യത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിൽ നിന്നും ഏലത്തിന് വാങ്ങലുകാരുണ്ട്. വാങ്ങൽ താൽപര്യം ശക്തമായതോടെ മികച്ചയിനങ്ങൾ കിലോ 3001 രൂപ വരെ കയറി. ശരാശരി ഇനങ്ങൾ 1710 രൂപയിലാണ്. 
പകൽചൂട് കനത്തതോടെ റബർ മരങ്ങളിൽ നിന്നുള്ള പാൽ ലഭ്യത കുറഞ്ഞു. ഉയർന്ന താപനില കണക്കിലെടുത്താൽ മാസാവസാനത്തോടെ ഒട്ടുമിക്ക തോട്ടങ്ങളിൽ നിന്നും പിൻമാറാൻ ഉൽപാദകർ നിർബന്ധിതരാവും. ഇതിനിടയിൽ വിദേശ വിപണികളിലെ തളർച്ച മറയാക്കി ഇന്ത്യൻ വ്യവസായികൾ ആഭ്യന്തര വില ഇടിച്ചു. നാലാം ഗ്രേഡ് റബർ 14,200 രൂപ. അഞ്ചാം ഗ്രേഡിന് 500 രൂപ കുറഞ്ഞ് 13,500-14,000 രൂപയായി. വില ഇടിവ് കണ്ട് കർഷകരും സ്റ്റോക്കിസ്റ്റുകളും വിൽപനയിൽ നിന്നും പിന്നോക്കം വലിഞ്ഞതിനാൽ  വ്യവസായികൾക്ക് കാര്യമായി ഷീറ്റ് ശേഖരിക്കാനായില്ല. 
നാളികേരോൽപന്ന വിപണി തളർച്ചയിലാണ്.  വെളിച്ചെണ്ണ വിൽപനയിലെ മാന്ദ്യം കണക്കിലെടുത്ത് മില്ലുകാർ കൊപ്ര സംഭരണം കുറച്ചു. വിവിധ ഭാഗങ്ങളിൽ വിളവെടുപ്പ് ഊർജിതമായ സാഹചര്യത്തിൽ പച്ചത്തേങ്ങ ലഭ്യത ഉയരും. കൊച്ചിയിൽ വെളിച്ചെണ്ണ 13,100 ലും കൊപ്ര 8400 രൂപയിലുമാണ്. റമദാൻ വേളയിലെ ആവശ്യം  മുൻനിർത്തി ഇന്തോനേഷ്യ പാം ഓയിൽ കയറ്റുമതി നിയന്ത്രിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യയിലേക്കുള്ള പാം ഓയിൽ വരവ് കുറയുന്നത് വെളിച്ചെണ്ണക്ക് ഡിമാന്റ് ഉയർത്താം. 
കേരളത്തിൽ സ്വർണ വില താഴ്ന്നു. ആഭരണ കേന്ദ്രങ്ങളിൽ പവൻ 42,000 രൂപയിൽ നിന്നും 41,440 ലേക്ക് ഇടിഞ്ഞ ശേഷം ശനിയാഴ്ച 41,760 രൂപയിലാണ്. ഗ്രാമിന് വില 5220 രൂപ. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1842 ഡോളർ.

Latest News