Sorry, you need to enable JavaScript to visit this website.

മേഘാലയയിലെ വിജയം, കോൺഗ്രസ്  ഏറ്റവും വലിയ ഒറ്റകക്ഷി

കോഹിമ- അമ്പാട്ടി അസംബ്ലി മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ 21 സീറ്റുമായി കോൺഗ്രസ് മേഘാലയയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. കർണാടക അസംബ്ലി തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പി ഉയർത്തിയ വാദം കണക്കിലെടുത്താൽ കോൺഗ്രസിന് മേഘാലയയിൽ സർക്കാരുണ്ടാക്കാൻ അവകാശമുണ്ട്. പക്ഷെ കേവല ഭൂരിപക്ഷമില്ല. രണ്ട് സീറ്റ് മാത്രമുള്ള ബി.ജെ.പിയുടെ അടക്കം പിന്തുണയോടെ നാഷണൽ പീപ്പിൾസ് പാർട്ടി നേതാവ് കോൺറാഡ് സാംഗ്മയാണ് ഇപ്പോൾ മുഖ്യമന്ത്രി.
മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ മുകുൾ സാംഗ്മയുടെ മകൾ മിയാനി ഡി. ഷിറയാണ് അമ്പാട്ടി ഉപതെരഞ്ഞെടുപ്പിൽ 3191 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചത്. ഫെബ്രുവരിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മുകുൾ സംഗ്മ ജയിച്ച രണ്ട് മണ്ഡലങ്ങളിലൊന്നാണ് അമ്പാട്ടി. മറ്റൊന്ന് സോങ്‌സാക്കായിരുന്നു. ഒരു സീറ്റ് ഒഴിയേണ്ടത് നിർബന്ധമായതിനാൽ മുകുൾ സാംഗ്മ കൂടുതൽ സുരക്ഷിതമായ അമ്പാട്ടിയിൽനിന്നുള്ള എം.എൽ.എ സ്ഥാനം രാജിവെച്ചു. അതിനുമുമ്പ് തുടർച്ചയായി അഞ്ച് തവണ അദ്ദേഹം ജയിച്ച മണ്ഡലമാണത്. പകരം മകളെതന്നെ സ്ഥാനാർഥിയാക്കുകയും ചെയ്തു.
ഫെബ്രുവരിയിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 21ഉം എൻ.പി.പിക്ക് 19 സീറ്റുമായിരുന്നു. മുകുൾ സാംഗ്മ ഒരു സീറ്റ് രാജിവെച്ചപ്പോൾ കോൺഗ്രസിന് 20 ആയി. കോൺഗ്രസ് സർക്കാർ രൂപീകരണ ചർച്ചകൾ ആരംഭിക്കുംമുമ്പുതന്നെ എൻ.പി.പിയെ കൂട്ടുപിടിച്ച് ബി.ജെ.പി സർക്കാരുണ്ടാക്കിക്കഴിഞ്ഞു. ആറ് സീറ്റുള്ള യുനൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി, നാല് സീറ്റുള്ള പീപ്പിൾസ് ഡെമോക്രാറ്റിക് ഫ്രണ്ട്, രണ്ട് സീറ്റ് വീതമുള്ള ബി.ജെ.പി, എച്ച്.എസ്.പി.ഡി.പി, സ്വതന്ത്രനായ സാമുവൽ സംഗ്മ എന്നിവരുടെ പിന്തുണയോടെയാണ് കോൺറാഡ് സാംഗ്മ മുഖ്യമന്ത്രിപദത്തിലെത്തുന്നത്. കോൺഗ്രസിനെ അധികാരത്തിൽനിന്ന് പുറത്താക്കാൻ ബി.ജെ.പി അവിടെ ചടുല നീക്കങ്ങളാണ് നടത്തിയത്. പിന്നീട് വില്യംനഗർ സീറ്റിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ജയിച്ചതോടെ എൻ.പി.പിക്ക് 20 അംഗങ്ങളായി. അതോടെ അറുപതംഗ നിയമസഭയിൽ 35 പേരുടെ പിന്തുണ കോൺറാഡിനുണ്ട്. എന്നാൽ ഇപ്പോഴത്തെ ഉപതെരഞ്ഞെടുപ്പോടെ കോൺഗ്രസ് വീണ്ടും ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരിക്കുകയാണ്.

Latest News