Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യൻ നിർമിത വോട്ടിംഗ് മെഷീനെതിരെ  ആഫ്രിക്കൻ രാജ്യത്തും കലഹം

ന്യൂദൽഹി - നരേന്ദ്ര മോഡിയെയും ബി.ജെ.പിയേയും ഒരുപോലെ കടന്നാക്രമിക്കാൻ പ്രതിപക്ഷ കക്ഷികൾക്ക് അവസരം ഒരുക്കിയ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ വിശ്വാസ്യതയെ ചൊല്ലിയുള്ള വിവാദം ഇന്ത്യയിൽനിന്ന് ഏഷ്യയും കടന്ന് ആഫ്രിക്കൻ ഭൂഖണ്ഡത്തിലെത്തി. ഇന്ത്യയിൽ നിർമിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ (ഇവിഎം) ഇനി എവിടെ ചെന്നാലും വിവാദ മെഷീൻ എന്നു തന്നെ വിശേഷിപ്പിക്കേണ്ടി വരും. 
ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വോട്ടിംഗ് മെഷീനുകളുടെ വിശ്വാസ്യതയെ ചൊല്ലി ആഫ്രിക്കൻ രാജ്യമായ ബോട്‌സ്വാനയിലാണ് പ്രതിപക്ഷം സർക്കാരിനെതിരേ രംഗത്തുവന്നിരിക്കുന്നത്. പ്രശ്‌നം ഗുരുതരമായതോടെ വോട്ടിംഗ് മെഷീനുകളുടെ വിശ്വാസ്യത തെളിയിക്കാൻ ഇന്ത്യൻ തെരഞ്ഞെടുപ്പു കമ്മീഷന്റെ സഹായം തേടിയിരിക്കുകയാണ് ബോട്‌സ്വാനയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ത്യയിലെ വോട്ടിംഗ് മെഷീനുകളെ വിശ്വസിക്കാൻ പറ്റില്ലെന്നാണ് ബോട്‌സ്വാനയിലെ പ്രതിപക്ഷത്തിന്റെ ആരോപണം. 
ബോട്‌സ്വാനയിലും 2019ലാണ് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വോട്ടിംഗ് മെഷീനുകൾ ഉപയോഗിച്ചു തെരഞ്ഞെടുപ്പു നടത്താനാണ് ഭരണപക്ഷമായ ബോട്‌സ്വാന ഡെമോക്രാറ്റിക് പാർട്ടിയുടെ (ബി.ഡി.പി) തീരുമാനം. എന്നാൽ ഇതിനെതിരേ പ്രതിപക്ഷമായ ബോട്‌സ്വാന കോൺഗ്രസ് പാർട്ടി (ബി.സി.പി) ഫ്രാൻസിസ് ടൗൺ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പു ഫലം തങ്ങൾക്ക് അനുകൂലമാക്കി മാറ്റാനുള്ള ഭരണപക്ഷ കക്ഷിയുടെ തന്ത്രമാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് വേണ്ടി വാശി പിടിക്കുന്നതെന്നാണ് ബി.സി.പിയുടെ ആരോപണം. എന്നാൽ, വോട്ടിംഗ് മെഷീനുകൾ തെരഞ്ഞെടുപ്പു പ്രക്രിയ വേഗത്തിലാക്കുമെന്ന് ബോട്‌സ്വാന സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വാദിക്കുന്നത്. 
വോട്ടിംഗ് മെഷീനിൽ കൃത്രിമം സാധ്യമാണെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി രൂക്ഷ വിമർശനം ഉയർത്തി കഴിഞ്ഞ വർഷം രംഗത്തു വന്നിരുന്നു. എന്നാൽ വോട്ടിം മെഷീനിൽ ഒരു തരത്തിലുള്ള കൃത്രിമവും നടക്കില്ലെന്നും വേണമെങ്കിൽ ഏതെങ്കിലും വിദേശ രാജ്യത്ത് കൊണ്ടുപോയി പരീക്ഷിച്ചു തെളിയിക്കാമെന്നുമാണ് ഇ.വി.എമ്മിന്റെ നിർമാതാക്കളായ ഭാരത് ഇലക്ട്രോണിക് ലിമിറ്റഡ് അന്നു വാദിച്ചത്. ഈ വാദമാണ് ഇപ്പോൾ ബോട്‌സ്വാനയിൽ നിന്നുള്ള വിവാദത്തോടെ പൊളിയുന്നത്. 
ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്ത വോട്ടിംഗ് മെഷീനുകളുടെ വിശ്വാസ്യത തെളിയിക്കുന്നതിനായി ബി.ഡി.പി സർക്കാർ ഇന്ത്യൻ തെരഞ്ഞെടുപ്പു കമ്മീഷന്റെ സത്യവാങ്മൂലം ആവശ്യപ്പെട്ടിട്ടുണ്ട്. സംശയങ്ങളും ആശങ്കകളും ഒഴിവാക്കുന്നതിനായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിന്റെയും വിവി പാറ്റ് മെഷീന്റെയും പ്രവർത്തനം കോടതിക്കു മുന്നിൽ ഇന്ത്യൻ തെരഞ്ഞെടുപ്പു കമ്മീഷനിൽ നിന്നുള്ള വിദഗ്ധർ നടത്തി കാണിക്കണമെന്നാണ് ആവശ്യം. ഈ ആവശ്യവുമായി ബോട്‌സ്വാനയിലെ സ്വതന്ത്ര തെരഞ്ഞെടുപ്പു കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനെ കാണാൻ ബുധനാഴ്ച ഇന്ത്യയിലെത്തിയിരുന്നു എന്നാണ് വിവരം. ബോട്‌സ്വാന സംഘത്തിന്റെ ആവശ്യത്തിന്മേൽ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ ഉടൻ തന്നെ തീരുമാനമെടുക്കും. 
വോട്ടിംഗ് മെഷീനുകളുടെ ഉപയോഗം സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനുമായി കഴിഞ്ഞ ആറുമാസമായി ബോട്‌സ്വാന തെരഞ്ഞെടുപ്പു കമ്മീഷൻ ചർച്ചകൾ നടന്നു വരികയായിരുന്നു. ജനസംഖ്യ കുറവായ ബോട്‌സ്വാനയിൽ 57 മണ്ഡലങ്ങളിലായി 6,000 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ഇതിനാവശ്യമായ മുഴുവൻ വോട്ടിംഗ് മെഷീനുകളും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നിർമിച്ചു നൽകാനാകും എന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ വിലയിരുത്തൽ. 
വജ്ര ഖനനത്തിന് പേര് കേട്ട ബോട്‌സ്വന ദക്ഷിണാഫ്രിക്കൻ രാജ്യമാണ്. ബോട്‌സ്വാന കോൺഗ്രസ് പാർട്ടി സർക്കാരിനെ വോട്ടിംഗ് മെഷീന്റെ പേരിൽ കോടതി കയറ്റിയതോടെ വലിയ രാഷ്ട്രീയ വിവാദങ്ങളാണ് അന്താരാഷ്ട്ര തലത്തിൽ ഉയർന്നിരിക്കുന്നത്. വോട്ടിംഗ് മെഷീനുകൾ ഉപയോഗിക്കുന്നതിലൂടെ കൃത്രിമം നടത്തി ഭരണപക്ഷത്തിന് അനുകൂലമായ തെരഞ്ഞെടുപ്പു ഫലം ഉണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് ബി.സി.പി കോടതിയെ സമീപിച്ചത്. ബാലറ്റ് പേപ്പറുകൾക്കു പകരം വോട്ടിംഗ് മെഷീനുകൾ ഉപയോഗിക്കുന്നത് 2016ലെ തെരഞ്ഞെടുപ്പു നിയമത്തിലെ ഏഴാം വകുപ്പിന്റെയും ബോട്‌സ്വാനയുടെ ഭരണഘടനയുടെ തന്നെ ലംഘനമാണെന്നാണ് പ്രതിപക്ഷംം കോടതിയിൽ വാദിച്ചത്.

Latest News