സൗദി നിലപാടിലേക്ക് ഇസ്രായേല്‍ വരുമോ, ശ്രമം തുടരുന്നുവെന്ന് നെതന്യാഹു

ജറൂസലം- സൗദി അറേബ്യയുമായി സമാധാന കരാറിലെത്താന്‍ ശ്രമിക്കുന്നുണ്ടെന്നും ഇറാന്റെ അതിക്രമം തടയുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.  ഇവ രണ്ടും ഇഴചേര്‍ന്ന ലക്ഷ്യങ്ങളാണെന്ന് പ്രധാനമന്ത്രിയെ ഉദ്ധരിച്ച് ഞായറാഴ്ച ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സൗദി അറേബ്യയുമായി ധാരണയിലെത്തുന്നത് നയതന്ത്രപരമായ  കുതിച്ചുചാട്ടം ആയിരിക്കുമെന്ന് നെതന്യാഹു പറഞ്ഞു. സൗദി അറേബ്യയുമായി ഊഷ്മളമായ ബന്ധം സ്ഥാപിക്കുന്നത് മറ്റ് അറബ് ലോകവുമായുള്ള ഇസ്രായേലിന്റെ ബന്ധത്തില്‍ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രായേല്‍-അറബ്, ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം ഫലപ്രദമായി അവസാനിക്കുന്നതിനെക്കുറിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചതെന്ന്  ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.
സൗദി അറേബ്യയുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിന്റെ നേട്ടം മിഡില്‍ ഈസ്റ്റില്‍ ഇസ്രായേലിന്റെ ചരിത്രപരമായ മാറ്റത്തിന് തുടക്കമിടുമെന്ന് നെതന്യാഹു പറഞ്ഞു.
ഇറാന്‍ ഭീഷണിയാണ് പ്രഥമമെന്ന്  അറബ് ലോകം തിരിച്ചറിയുന്നുണ്ടെന്നും  പൊതുശത്രുവാണ്  അറബ് ലോകത്തെ ഇസ്രായേലുമായി അടുപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  
സൗദിയുമായി സമാധാന ഉടമ്പടി ഒപ്പുവെക്കുന്നതും ഈ മേഖലയിലേക്കുള്ള ഇറാന്റെ ഭീഷണി തടയുന്നതും ഇസ്രായേലിന്റെ രണ്ട് ഇഴചേര്‍ന്ന ലക്ഷ്യങ്ങളാണെന്ന് നെതന്യാഹു വിശേഷിപ്പിച്ചു.

ഇറാനെ തടയുക എന്ന ലക്ഷ്യത്തിന് സമാന്തരമായി പ്രവര്‍ത്തിക്കുന്ന ലക്ഷ്യമാണ് സൗദി അറേബ്യയുമായുള്ള ബന്ധം സാധാരണമാക്കലെന്നും രണ്ടും ഇഴചേര്‍ന്നു കിടക്കുന്നുവെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
യു.എ.ഇ, ബഹ്‌റൈന്‍, സുഡാന്‍, മൊറോക്കോ എന്നിവയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ യുഎസ് മുന്നോട്ടുവെച്ച അബ്രഹാം ഉടമ്പടിയില്‍ ഇസ്രായേല്‍ ഒപ്പുവച്ചതു മുതല്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് ഇത്  വ്യാപിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.
സൗദി അറേബ്യയുമായി ബന്ധം സ്ഥാപിക്കുന്നത് ആത്യന്തിക നേട്ടമാണെന്നും മേഖലയില്‍ സമാധാനം സ്ഥാപിക്കുന്നതില്‍ അത് നിര്‍ണായകമാണെന്നും ഇസ്രായേല്‍ അധികൃതര്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്.

ഇറാന്റെ ആണവ പദ്ധതി, ബാലിസ്റ്റിക് മിസൈല്‍ ആയുധശേഖരം, യെമന്‍, ലെബനന്‍, ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ആയുധങ്ങളും ധനസഹായവും വഴിയുള്ള ഇടപെടല്‍ എന്നിവായാണ് പൊതു ശത്രുവാണെന്ന കാര്യത്തില്‍ ഇസ്രാായേല്‍ അറബ് രാജ്യങ്ങള്‍ക്കു മുന്നില്‍ ഉയര്‍ത്തിക്കാണിക്കുന്നത്.  
അതേസമയം, സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുകയാണ് ഇസ്രയേലുമായി  ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള ഉപാധിയായി  സൗദി അറേബ്യ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്.
ഇസ്രായേലുമായുള്ള ബന്ധം സാധാരണനിലയിലാക്കുന്നത് മേഖലയുടെ  താല്‍പ്പര്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണെന്ന് വ്യക്തമാക്കിയ കാര്യമാണെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു.  എന്നാല്‍ ഫലസ്തീനികള്‍ക്ക് പ്രത്യാശ നല്‍കുന്നതിലൂടെയും അവര്‍ക്ക് മാന്യത നല്‍കുന്നതിലൂടെയും മാത്രമേ ബന്ധം സാധാരണ നിലയിലാകൂ. ഫലസ്തീനികള്‍  രാജ്യം അനുവദിക്കുകയാണ് ഇതിനുള്ള പരിഹാരമെന്നും അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യ ഇസ്രായേലിനെ ഒരു സാധ്യതയുള്ള സഖ്യകക്ഷി ആയി കാണുന്നുണ്ടെങ്കിലും നിരവധി പ്രശ്‌നങ്ങള്‍ ആദ്യം പരിഹരിക്കേണ്ടതുണ്ടെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ  മുഹമ്മദ് ബിന്‍ സല്‍മാന്‍ യുഎസ് മാസികയായ ദി അറ്റ്‌ലാന്റിക്കിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.  

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News