ബെംഗളുരൂ- ഒരേ സമയം 40 പേര്‍ക്ക് കിടന്നു യാത്ര ചെയ്യാനുള്ള സൗകര്യമുള്ള മള്‍ട്ടി ആക്‌സില്‍ സ്ലീപ്പര്‍ ബസുകളുമായി കര്‍ണാടക ആര്‍.ടി.സി. 'അംബാരി ഉത്സവ്' എന്ന പേരുള്ള ബസില്‍ ഫെബ്രുവരി 21 നു രാവിലെ പത്തിന് വിധാന്‍സൗധയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അംബാരി ഉത്സവ് ഫ്‌ളാഗ്ഓഫ് നിര്‍വഹിക്കും.
എറണാകുളത്തേക്ക് രണ്ടും തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഓരോ ബസും സര്‍വിസ് നടത്തും. എറണാകുളത്തേക്ക് 1,510 രൂപയും തൃശൂരിലേക്ക് 1,410 രൂപയും തിരുവനന്തപുരത്തേക്ക് 1,800 രൂപയുമാകും ടിക്കറ്റ് നിരക്കെന്നാണ് സൂചന. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് ആദ്യ സര്‍വിസുകള്‍. ടിക്കറ്റ് നിരക്ക്, റൂട്ട്, സമയം തുടങ്ങിയ കാര്യങ്ങള്‍ പിന്നീടാണ് തീരുമാനിക്കുക.
വോള്‍വോയുടെ ബി.എസ് 6 9600 ശ്രേണിയില്‍പെട്ട ബസാണിത്. ഐ ഷിഫ്റ്റ് ഓട്ടോമാറ്റിക് ഗിയര്‍, സുരക്ഷക്കായി ഹൈഡ്രോ ഡൈനാമിക് റിട്ടാര്‍ഡര്‍, എ.ബി.എസ് ബ്രേക്ക്, 8 എയര്‍ സസ്‌പെന്‍ഷന്‍ സിസ്റ്റം, ട്യൂബ് ലെസ് ടയറുകള്‍ എന്നിവയുള്ള ബസുകള്‍ ക്ഷീണമില്ലാത്ത യാത്രയാണ് പ്രദാനം ചെയ്യുക. ഓരോ ബര്‍ത്തിലും റീഡിംഗ് എല്‍.ഇ.ഡി ലൈറ്റുകള്‍, മൊബൈല്‍ ചാര്‍ജിംഗ് പോയിന്റ്, വിന്‍ഡോ കര്‍ട്ടന്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ റിസര്‍വേഷനും ടിക്കറ്റ് നിരക്കും അടുത്ത ദിവസം പ്രഖ്യാപിക്കും.
കൂടുതല്‍ ബസുകള്‍ വരുന്നതോടെ മൈസൂരു, മംഗളൂരു എന്നിവിടങ്ങളില്‍നിന്ന് എറണാകുളത്തേക്കും അംബാരി ഉത്സവ് സര്‍വീസുകള്‍ ആരംഭിക്കുമെന്ന് കര്‍ണാടക ആര്‍.ടി.സി കേരള മേഖല ലെയ്‌സണ്‍ ഓഫിസര്‍ ജി. പ്രശാന്ത് പറഞ്ഞു.






