Sorry, you need to enable JavaScript to visit this website.

VIDEO - സുരേഷ് ഗോപി എന്ന വെറുപ്പിന്റെ ഫാക്ടറി

ലയെയും കലാകാരൻമാരെയും ഏറെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. മലയാളികൾ ഏതു കാലത്തും മികച്ച കലകളെയും കലാകാരൻമാരെയും അളവറ്റ് സ്‌നേഹിക്കുകയും പിന്തുണക്കുകയും ചെയ്തിട്ടുണ്ട്. കലയിലൂടെ സന്തോഷവും ആഹ്ലാദവും തിരികെ ലഭിക്കുന്നതാണ് ഇത്തരം സ്‌നേഹപ്രകടനങ്ങളുടെ അടിസ്ഥാന കാരണങ്ങളിലൊന്ന്. മലയാളം ഇത്തരത്തിൽ ഏറെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്ത കലാകാരൻമാരിൽ ഒരാളാണ് സുരേഷ് ഗോപി. പോലീസ് വേഷങ്ങളിലൂടെ സാധാരണക്കാരന്റെ വികാരങ്ങൾ പകർത്തി സുരേഷ് ഗോപി വേറിട്ടുനിന്നു. തങ്ങൾക്ക് ചെയ്യാനാകാത്തത് സ്‌ക്രീനിലൂടെ സാധാരണക്കാരന് വേണ്ടി സുരേഷ് ഗോപി എന്ന നടൻ ചെയ്തുകാണിച്ചു. 
കരിയറിന്റെ മധ്യകാലം മുതൽ രാഷ്ട്രീയം പറഞ്ഞുതുടങ്ങിയ സുരേഷ് ഗോപിയെ അതിന്റെ പേരിൽ ആരും മാറ്റി നിർത്തിയിരുന്നില്ല. വർഷങ്ങൾക്ക് മുമ്പ് ബി.ജെ.പിയുടെ സഹയാത്രികനായിട്ടും കലാകാരൻ എന്ന നിലയിലുള്ള സുരേഷ് ഗോപിയുടെ ആദരവിനും കോട്ടം തട്ടിയില്ല. എം.പി സ്ഥാനത്തുനിന്ന് അദ്ദേഹം ചെയ്ത സേവനങ്ങളെയും മലയാളി ഏറെ ആദരവോടെയാണ് കണ്ടിരുന്നത്. 
എന്നാൽ ഈയിടെയായി കൂടുതൽ വെറുപ്പിന്റെ പ്രചാരണമാണ് സുരേഷ് ഗോപി നടത്തുന്നത്. ഏറ്റവും ഒടുവിൽ അദ്ദേഹം നടത്തിയ പ്രസ്താവന കേരളം കേട്ടത് ഏറെ ഞെട്ടലോടടെയാണ്. ഭക്തിയേയും ഭക്തി പ്രസ്ഥാനങ്ങളേയും നിന്ദിക്കാൻ വരുന്ന ഒരാളെയും സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കരുതെന്നാണ് സുരേഷ് ഗോപി ഇന്ന് പറഞ്ഞു. അവിശ്വാസികളോട് തനിക്ക് സ്‌നേഹമില്ല. വിശ്വാസത്തെ നശിപ്പിക്കാൻ വരുന്ന ഒരു ശക്തിയോടും പൊറുക്കില്ല, അവരുടെ സർവ്വ നാശത്തിന് വേണ്ടി ശ്രീകോവിലിന്റെ മുന്നിൽ നിന്ന് പ്രാർത്ഥിച്ചിരിക്കുമെന്നുമാണ് സുരേഷ് ഗോപി വ്യക്തമാക്കിയത്. ശിവരാത്രി ദിനാഘോഷത്തോട് അനുബന്ധിച്ച് നടന്ന പരിപാടിക്കിടെയായിരുന്നു താരത്തിന്റെ വിദ്വേഷപ്രസംഗം. 

'എന്റെ ഈശ്വരൻമാരെ ഞാൻ സ്‌നേഹിച്ച് ലോകത്തുള്ള വിശ്വാസികളായ മനുഷ്യരെ ഞാൻ സ്‌നേഹിക്കും എന്ന് പറയുമ്പോൾ ലോകത്തിലെ എല്ലാ അവിശ്വാസികളോടും ഒട്ടും തന്നെ സ്‌നേഹമില്ലെന്ന് ചങ്കൂറ്റത്തോടെ പറയും. വിശ്വാസികളുടെ വിശ്വാസത്തിലേക്ക് ധ്വംസന രൂപേണ വരുന്ന ഒരു ശക്തിയോടും പൊറുക്കില്ല, അവരുടെ സർവ്വ നാശത്തിന് വേണ്ടി ശ്രീകോവിലിന്റെ മുന്നിൽ നിന്ന് പ്രാർത്ഥിച്ചിരിക്കും. എല്ലാവരും അത് ചെയ്യണം. ഭക്തിയെന്നത് പറയുന്നത് ആരേയും ദ്രോഹിക്കാൻ ഉള്ളതല്ല, പക്ഷേ ഭക്തിയേയും ഭക്തി മാർഗങ്ങളേയും ഭക്തി സ്ഥാപനങ്ങളേയും നിന്ദിക്കാൻ വരുന്ന ഒരാളും സമാധാനത്തോടെ നല്ല ജീവിതം അനുഭവിക്കരുത്. 
താൻ ഉദ്ദേശിച്ചത് ആരെയാണെന്ന് പറഞ്ഞാൽ അതിൽ രാഷ്ട്രീയം കടന്നുവരും. അതുകൊണ്ട് അവരുടെ പേര് പറയുന്നില്ല. വിശ്വാസി സമൂഹത്തിന്റെ അതിർത്തി പ്രദേശത്ത് പോലും ആരും കടന്ന് വന്ന് ഞങ്ങളെ ദ്രോഹിക്കരുത്. ഞങ്ങൾ ലോകത്തിന്റെ നൻമയ്ക്ക് വേണ്ടിയുളള പ്രാർത്ഥനയിലാണ്. അതിനെ ധ്വംസിക്കാതെ അവിശ്വാസികൾക്ക് അവരുടെ വഴിയെ ചുറ്റി കറങ്ങി പോകാം. ഇങ്ങോട്ടേക്ക് നുഴഞ്ഞ് കയറാൻ ശ്രമിക്കരുത് എന്ന് ഉച്ചത്തിൽ വിളിച്ച് പറയേണ്ട കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നതെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. 

യഥാർത്ഥ ഫാഷിസ്റ്റിന്റെ രൂപഭാവമാണ് സുരേഷ് ഗോപിക്ക് സംഭവിച്ചിരിക്കുന്നത് എന്ന വിമർശനം ഉയർന്നുകഴിഞ്ഞു. അധികാരം കൈക്കലാക്കാൻ വെറുപ്പ് പ്രചരിപ്പിക്കുകയാണ് എളുപ്പവഴി എന്ന് ഫാഷിസ്റ്റുകൾക്ക് അറിയാം. അതുകൊണ്ടാണ് സുരേഷ് ഗോപിയും ഈ വഴി തെരഞ്ഞെടുത്തിരിക്കുന്നത്. അടുത്തു നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനും തുടർന്നുവരാനുള്ള നിയമസഭ തെരഞ്ഞെടുപ്പിലും കേരളത്തിൽ ബി.ജെ.പി മുന്നിൽനിർത്തുക സുരേഷ് ഗോപിയെ തന്നെ ആയിരിക്കും. അതിന്റെ ഏറ്റവും പുതിയ ഉദാഹരണങ്ങളിലൊന്നാണ് സുരേഷ് ഗോപിയുടെ ഇന്നത്തെ പ്രസ്താവന. വിശ്വാസി സമൂഹത്തെ രക്ഷിക്കാനാണ് താൻ ഇത്തരത്തിൽ പ്രസ്താവന നടത്തുന്നത് എന്ന് സുരേഷ് ഗോപി തീർച്ചയായും പറയും. എന്നാൽ, ഈ പ്രസ്താവനയെ ആകെ പൊതിഞ്ഞുനിൽക്കുന്നത് വർഗീയതയാണ്. 
പുറമേക്ക് പറയുന്നില്ലെങ്കിലും സുരേഷ് ഗോപി ഉദ്ദേശിച്ച രാഷ്ട്രീയ പ്രസ്ഥാനം സി.പി.ഐ.എമ്മാണ്. ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാറിന്റെ പദ്ധതികളെ തുടക്കം മുതൽ സുരേഷ് ഗോപി എതിർത്തുവന്നിരുന്നു. ശബരി വിവാദത്തിന് ശേഷം ഇടതുമുന്നണി സർക്കാർ വീണ്ടും അധികാരത്തിൽ വന്നെങ്കിലും സുരേഷ് ഗോപി അടക്കമുള്ള ബി.ജെ.പി നേതാക്കൾ വിമർശനം ഉന്നയിക്കുന്നത് അവസാനിപ്പിച്ചിരുന്നില്ല. അതിന്റെ തുടർച്ചയാണ് സുരേഷ് ഗോപി ഇന്നും നടത്തിയത്. 
ഒരു മികച്ച കലാകാരൻ എന്ന ഉയരത്തിൽനിന്ന് ഏറ്റവും മികച്ച വെറുപ്പു ഉൽപ്പാദകൻ എന്ന മാലിന്യക്കുഴിയിലേക്കാണ് സുരേഷ് ഗോപി പതിച്ചിരിക്കുന്നത്. നേരത്തെ പ്രതീക്ഷിച്ചതാണെങ്കിലും സുരേഷ് ഗോപിയുടെ വാക്കുകൾ ഉണ്ടാക്കിയ ഞെട്ടൽ അവസാനിക്കുന്നില്ല.
 

Latest News