പ്രണയ വിവാഹത്തിന്റെ പേരിൽ ഒരു യുവാവ് സംസ്ഥാനത്ത് അരുംകൊല ചെയ്യപ്പെട്ടുവെന്നത് ഞെട്ടിക്കുന്നതും പ്രബുദ്ധ കേരളത്തിന് തീരാകളങ്കം വരുത്തിവച്ച അപമാനകരമായ സംഭവവുമാണ്. യുവാവിനെയും ബന്ധുവിനെയും സായുധരായ അക്രമികൾ തട്ടിക്കൊണ്ടുപോയി എന്ന് പരാതി ലഭിച്ചിട്ടും സംഭവത്തിൽ സത്വരം ഇടപെട്ട് അന്വേഷിക്കുന്നതിൽ എന്തു കാരണത്തിന്റെ പേരിലായാലും വീഴ്ച വന്നുവെന്നത് പോലീസ് സേനയുടെ വിശ്വാസ്യതയ്ക്കും കാര്യക്ഷമതയ്ക്കും നേരെ ഉയരുന്ന ചോദ്യചിഹ്നമാണ്. നവോത്ഥാന മൂല്യങ്ങളുടെ പിൻബലത്തിൽ അഭിമാനകരമായ സാമൂഹിക പരിവർത്തനത്തിന് വിധേയമായ ഒരു ജനസമൂഹമാണ് കേരളത്തിന്റേതെന്ന് ഊറ്റംകൊള്ളുന്നവരാണ് മലയാളികൾ. എന്നാൽ സമീപകാലത്തായി ആ പ്രതിഛായയ്ക്ക് മങ്ങലേൽപിക്കുന്ന സംഭവ പരമ്പരകൾ പലതും കേരളത്തിൽ അരങ്ങേറുന്നുവെന്നത് ഉൽക്കണ്ഠാജനകമാണ്. ഒരു കാലത്ത് നാം മറികടന്നുവെന്ന് വിശ്വസിക്കാൻ ശ്രമിച്ച ജാതിമതഭേദ ചിന്തകളും അർഥശൂന്യമായ ദുരഭിമാനവും കേരള സമൂഹത്തിലേക്ക് തിരിച്ചുവരികയാണ്.
താഴ്ന്ന ജാതിയിൽപെട്ട യുവാവിനെ വിവാഹം ചെയ്യാൻ തയാറായ മകളെ വിവാഹ വേദിയിലേക്ക് എത്തും മുൻപ് അച്ഛൻ കൊലക്കത്തിക്കിരയാക്കുന്നു. മതേതര വിവാഹത്തിന്റെ പേരിൽ ഉറ്റവർ ഏർപ്പാടാക്കിയ കൊലയാളി സംഘം വരനെ അരുംകൊല ചെയ്യുന്നു. ഇപ്പോൾ പ്രേമവിവാഹത്തിന്റെ പേരിൽ യുവതിയുടെ സഹോദരനും ബന്ധുക്കളും ഉൾപ്പെട്ട കൊലയാളി സംഘം ദുരഭിമാനക്കൊല നടത്തിയിരിക്കുന്നു. കേരളത്തെ ജാതിക്കോമരങ്ങളും മതാന്ധന്മാരും അഴിഞ്ഞാടുന്ന ഭ്രാന്താലയമാക്കി ഒരിക്കൽ കൂടി മാറ്റുകയാണ് സാമൂഹ്യ വിരുദ്ധ ശക്തികൾ. സംഘടനകളുടെ അറിവോടു കൂടിയല്ലെങ്കിൽ പോലും പുരോഗമനവാദികളും ഉൽപതിഷ്ണുക്കളും ആദർശ പ്രബുദ്ധരുമായ യുവാക്കൾ നേതൃത്വം നൽകുന്ന സംഘടനകളിൽ അംഗങ്ങളായവർ പോലും അത്തരം അതീവ നിന്ദ്യവും മനുഷ്യത്വ ഹീനവുമായ സാമൂഹ്യ കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുന്നുവെന്നത് സമൂഹത്തെ ആകെ ഇരുത്തിച്ചിന്തിപ്പിക്കേണ്ട സംഭവ വികാസങ്ങളാണ്.
സാക്ഷരതയിലും വിദ്യാഭ്യാസ നിലവാരത്തിലും സാമൂഹ്യ പുരോഗതിയിലും ഏറെ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമെന്ന മലയാളിയുടെ അഭിമാനത്തിന്റെ മേലാണ് ഇത്തരം ഞെട്ടിക്കുന്ന ദുരന്തങ്ങൾ ചോരക്കറ വീഴ്ത്തുന്നത്. കുറ്റകൃത്യങ്ങളെ, വിശിഷ്യ സാമൂഹ്യ പ്രത്യാഘാതം സൃഷ്ടിക്കുന്നവയെ, കുറ്റകൃത്യങ്ങളായിത്തന്നെ കണ്ട് കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് കർശനമായ ശിക്ഷാ നടപടികൾക്ക് വിധേയമാക്കുക എന്നത് ഒരു പുരോഗമന ജനാധിപത്യ ഭരണകൂടത്തിന്റെ കർത്തവ്യമാണ്. അത് അർഹിക്കുന്ന കാർക്കശ്യത്തോടെ നടപ്പിലാക്കുമെന്ന ഉറപ്പാണ് എൽ.ഡി.എഫ് ഗവൺമെന്റിൽനിന്നും പോലീസ് ഭരണ സംവിധാനത്തിൽ നിന്നും ഇതിനകം ഉണ്ടായിട്ടുള്ളത്. ആ ഉറപ്പ് കാലവിളംബം കൂടാതെ, മുഖം നോക്കാതെ, പാലിക്കപ്പെടുമോയെന്നത് പൊതുസമൂഹത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ്. ഇപ്പോഴത്തെ സംഭവത്തിൽ പോലീസ് സേനയ്ക്കുണ്ടായ വീഴ്ച അക്ഷന്തവ്യമാണ്. പോലീസിന്റെ ഭാഗത്ത് നിന്ന് തുടരെയുണ്ടാകുന്ന, അറിഞ്ഞും അറിയാതെയും ആസൂത്രിതമെന്ന ധാരണ പരത്തുന്നതുമായ, ഇത്തരം വീഴ്ചകൾ ആവർത്തിക്കപ്പെടാതിരിക്കാൻ ഉയർന്ന ഭരണകൂട ജാഗ്രത അനിവാര്യമാണ്. അനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട് പോലീസ് സേനയെ നിലയ്ക്കു നിർത്താനും നവീകരിച്ച് മാന്യവും കാര്യക്ഷമവുമായ ഒന്നായി മാറ്റിയെടുക്കാനുമുള്ള നിശ്ചയദാർഢ്യം ജനാധിപത്യ ഭരണകൂടത്തിന് കൂടിയേ തീരൂ. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റിന്റെ എല്ലാ നേട്ടങ്ങളുടേയും മേൽ കരിവാരിത്തേയ്ക്കാൻ പോലീസ് സേനയെ ഇനിയും അനുവദിച്ചുകൂടാ. വരാപ്പുഴയും കോട്ടയത്തെ ഗാന്ധി നഗറുമൊക്കെ നമുക്ക് നൽകുന്ന പാഠമതാണ്.
കേരളത്തിന്റെ സാമൂഹിക ജീവിതത്തെ മലീമസമാക്കാൻ ജാതിമത സാമുദായിക യാഥാസ്ഥിതികത്വം സംഘടിതമായി ശ്രമിക്കുകയാണെന്നു വേണം മനസ്സിലാക്കാൻ. അക്കാര്യത്തിൽ ഭൂരിപക്ഷ ന്യൂനപക്ഷ ഭേദങ്ങൾ തെല്ലുമില്ല. യാഥാസ്ഥിതികത്വത്തിലേക്കും സാമൂഹ്യ തിന്മകളിലേക്കുമുള്ള തിരിച്ചുപോക്കിനുള്ള മത്സരമാണ് ഇവിടെ നടക്കുന്നത്. അതിനെ തടയാൻ ഉൽപതിഷ്ണുക്കളും പുരോഗമന ശക്തികളും പ്രസ്ഥാനങ്ങളും സ്വയം സജ്ജരാകേണ്ടിയിരിക്കുന്നു.
കായിക ശക്തിക്ക് ഊന്നൽ നൽകുന്ന സംഘ ബലത്തേക്കാൾ ആദർശ സ്ഥൈര്യമുള്ള പുരോഗമനവാദികളുടെ കൂട്ടായ്മകളാണ് കരുത്താർജിക്കേണ്ടത്. സാമൂഹ്യ വിരുദ്ധ പ്രവണതകളെയും അക്രമവാസനകളെയും പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സംസ്‌കാരത്തെ അപ്പാടെ തിരസ്‌കരിക്കാനും ഒറ്റപ്പെടുത്താനും നാം സന്നദ്ധമാകണം. ജാതിമത ചിന്തകളെയും വർഗീയതയെയും അക്രമവാസനകളെയും ചെറുക്കാൻ കഴിയണമെങ്കിൽ അതിൽനിന്നും തീർത്തും വിഭിന്നമായ ഒരു സംസ്‌കാരത്തെ ഉയർത്തിപ്പിടിക്കുന്ന ശക്തികൾക്ക് പൊതുജീവിതത്തിന്റെ നേതൃത്വത്തിലേക്ക് ഉയർന്നുവരാൻ കഴിയണം. അത് അംഗബലം കൊണ്ടും പേശീബലം കൊണ്ടും നേടിയെടുക്കാവുന്ന ഒന്നല്ല.
ഉന്നതമായ സാമൂഹ്യ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന ബഹുജന പ്രസ്ഥാനങ്ങളിലും സംഘടനകളിലും വളർന്നുവരുന്നതും അറിഞ്ഞോ അറിയാതെയോ പ്രോത്സാഹിക്കപ്പെടുന്നതുമായ, സാമൂഹ്യ വിരുദ്ധ പ്രവണതകളെ മുളയിലേ നുള്ളാനുള്ള ആർജവം നമുക്കുണ്ടാകണം. എങ്കിൽ മാത്രമേ ലജ്ജാകരമായ ദുരഭിമാന കൊലപാതകം പോലുള്ള തിന്മകളെ കേരള സമൂഹത്തിൽ നിന്നും തുടച്ചുനീക്കാനാകൂ.