ഇസ്രായേലിലേക്ക് പോയ ബിജു സുരക്ഷിതന്‍, തന്നെ അന്വേഷിക്കേണ്ടതില്ലെന്നും പ്രതികരണം

തിരുവനന്തപുരം : ആധുനിക കൃഷി രീതികളെക്കുറിച്ച് പഠിക്കനായി കൃഷി വകുപ്പ് സംഘത്തിനൊപ്പം കേരളത്തില്‍ നിന്ന് ഇസ്രായേലില്‍ പോയി കാണാതായ ബിജു കുര്യന്‍ സുരക്ഷിതനാണെന്ന് വിവരം. അദ്ദേഹം കുടുംബവുമായി ബന്ധപ്പെട്ടു. സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കണ്ടെന്നും ബിജു ഭാര്യയോട് പറഞ്ഞു. മന:പൂര്‍വ്വം മാറി നില്‍ക്കുകയാണെന്നാണ് സംശയിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ബിജുവുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും സഹോദരന്‍ ബെന്നി പറഞ്ഞു.

കേരള സര്‍ക്കാര്‍ ഇസ്രായേലിലേക്ക് അയച്ച 27 അംഗ ദൗത്യസംഘത്തില്‍നിന്ന് ഇരിട്ടി സ്വദേശി ബിജു കുര്യനെയാണ് ( 48) കാണാതായിരുന്നത്.   ഇസ്രയേലിലെ ഹെര്‍സ്ലിയയിലെ ഹോട്ടലില്‍നിന്നു 17ന് രാത്രിയാണ് കാണാതായത്. രാത്രി ഭക്ഷണം സൗകര്യപ്പെടുത്തിയിരുന്ന മറ്റൊരു ഹോട്ടലിലേക്കു പോകാനായി കാത്തുനിന്ന ബസിന് സമീപത്തെത്തിയ ബിജു കുര്യന്‍ വാഹനത്തില്‍ കയറാതെ അപ്രത്യക്ഷനായതായാണ് പറയുന്നത്.
 ഇസ്രായേല്‍ പോലീസെത്തി സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളെല്ലാം പരിശോധിച്ചെങ്കിലും അന്വേഷണത്തില്‍ ഇതുവരെയും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല.  പാസ്പോര്‍ട്ട് അടങ്ങിയ ഹാന്‍ഡ് ബാഗ് കര്‍ഷകന്റെ കൈവശം ഉള്ളതായാണ് കൂടെയുള്ളവര്‍ സംശയിക്കുന്നത്. സംഭവത്തില്‍ പോലീസും ഇന്ത്യന്‍ എംബസി വൃത്തങ്ങളും അന്വേഷണം നടത്തി വരികയായിരുന്നു.
 കാണാതായ വിവരം സംഘത്തെ നയിക്കുന്ന കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോക് അന്നുതന്നെ രാത്രി കേരള സര്‍ക്കാറിനെയും കേന്ദ്രത്തെയും അറിയിച്ചിട്ടുണ്ട്. എംബസി തലങ്ങളിലും മറ്റും ഊര്‍ജിതമായ ഇടപെടലുകള്‍ നടക്കുകയും ചെയ്യുന്നതിനിടയിലാണ് ബിജു കുടുംബത്തെ ബന്ധപ്പെട്ടത്. ബിജുവിന് അപകടം ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് വിവരമെന്നും  എംബസിയിലും പൊലീസിലും പരാതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പി.പ്രസാദ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News