Sorry, you need to enable JavaScript to visit this website.

മുറിവിലൂടെ മാംസം ബാക്ടീരിയ  ഭക്ഷിച്ചു, പതിനൊന്നുകാരന് ദാരുണാന്ത്യം 

ന്യൂയോര്‍ക്ക്- കണങ്കാലില്‍ മുറിവുവന്ന പതിനൊന്ന് വയസുകാരന്‍ ബാക്ടീരിയ അണുബാധയുണ്ടായി മരിച്ചു. ഫ്‌ളോറിഡയിലാണ് സംഭവം. അഞ്ചാം ക്‌ളാസുകാരനായ ജെസെ ബ്രൗണ്‍ ആണ് മരിച്ചത്. ട്രെഡ്മില്ലില്‍ ഓടുന്നതിനിടെ കണങ്കാലിന് മുറിവേല്‍ക്കുകയായിരുന്നു. ഇതിലൂടെ മാംസം ഭക്ഷിക്കുന്ന ബാക്ടീരിയയുടെ ഇന്‍ഫക്ഷന്‍ ഉണ്ടാവുകയായിരുന്നു.
മുറിവുണ്ടായി കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ചുവപ്പ് കലര്‍ന്ന പര്‍പ്പിള്‍ നിറത്തിലുള്ള ചതവുകളും പാടുകളും ജെസെയുടെ കണങ്കാലില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് മുറിവില്‍ അണുബാധയുണ്ടാവുകയും കുട്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അണുബാധയുണ്ടായി ബാക്ടീരിയ രക്തത്തില്‍ പ്രവേശിക്കുകയും ക്രമേണ ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാവുകയും ചെയ്‌തെന്ന് കുട്ടിയുടെ കുടുംബം പറയുന്നു. ജെസെ ബ്രൗണിന് സ്ട്രെപ്- എ ബാക്ടീരിയയുടെ അണുബാധയുണ്ടായെന്നാണ് കണ്ടെത്തല്‍.
ചെറിയ രോഗങ്ങള്‍ മുതല്‍ മാരകമായ അണുബാധയ്ക്കുവരെ കാരണമാകുന്ന ബാക്ടീരിയയാണ് ഗ്രൂപ്പ് എ സ്ട്രെപ്പ്റ്റോകോക്കസ്. ഈ ബാക്ടീരിയമൂലം കൂടുതലായും തീക്ഷ്ണമല്ലാത്ത രോഗങ്ങളാണ് ഉണ്ടാവാറുള്ളതെങ്കിലും ചിലപ്പോഴിത് രക്തത്തിലെ അണുബാധ (ബാക്ടീരിമിയ), ഷോക്ക് സിന്‍ഡ്രോം, സന്ധി വീക്കം, ഹൃദ്രോഗങ്ങള്‍, മാംസം ഭക്ഷിക്കുന്ന രോഗം തുടങ്ങിയ മാരകരോഗങ്ങള്‍ക്കും കാരണമാവുന്നു. പ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന ബാക്ടീരിയയാണ് ഗ്രൂപ്പ് എ സ്ട്രെപ്പ്റ്റോകോക്കസ്. ഒരാളില്‍ നിന്ന് മറ്റൊരാളിലേയ്ക്ക് ഇത് വളരെവേഗം പടരുന്നു. രോഗബാധിതനായയാള്‍ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ ഇത് മറ്റൊരാളിലേയ്ക്ക് പടരുന്നു. രോഗബാധയേറ്റ ശരീരഭാഗത്ത് മറ്റൊരാള്‍ തൊടുകയാണെങ്കിലും രോഗം പകരാം. വിഴുങ്ങുന്നതിനുള്ള ബുദ്ധിമുട്ട്, കടുത്ത തലവേദന, വായ്ക്ക് മുകളിലായി ചുവന്ന കുത്തുകള്‍, വയറുവേദന, കഴുത്തിലും കക്ഷത്തും തിണര്‍പ്പ്, തൊലിപ്പുറത്തുള്ള ചൊറിച്ചില്‍, വ്രണങ്ങള്‍, അതിസാരം, പനി, വലിയ മുറിവുകള്‍, ഓക്കാനം, ഛര്‍ദ്ദി എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍.
തീവ്രതയില്ലാത്ത രോഗങ്ങളാണ് കൂടുതലും ഈ ബാക്ടീരിയ കാരണം ഉണ്ടാകുന്നത്. 

            


 

Latest News