കറുപ്പിന് വിലക്ക്, കര്‍ശന സുരക്ഷ ; മുഖ്യമന്ത്രിയുടെ പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകരെപ്പോലും തടയുന്നു

കോഴിക്കോട് : കോഴിക്കോട് മീഞ്ചന്ത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ മുഖ്യമന്ത്രി പങ്കെടുത്തു കൊണ്ടിരിക്കുന്ന ചടങ്ങില്‍ കറുത്ത വസ്ത്രം ധരിക്കുന്നതിന് കര്‍ശന വിലക്കേര്‍പ്പെടുത്തിയതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു.
കറുത്ത വസ്ത്രവും മാസ്‌കും ധരിച്ചു കൊണ്ട് പരിപാടിക്ക് എത്തരുതെന്നാണ് കോളേജ് പ്രിന്‍സിപ്പള്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. എന്നാല്‍ കറുത്ത വസ്ത്രവുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നാണ് ഉന്നത പൊലീസ് അധികൃതര്‍ പറയുന്നത്. തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളവരെ മാത്രമേ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കായി കോളേജിനുള്ളിലേക്ക് കടത്തി വിടുന്നുള്ളു. മാധ്യമ പ്രവര്‍ത്തകരെ പോലും തടയുന്ന സ്ഥിതിയുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് പഴുതടച്ച സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്.

 

 

Latest News