അഴിമതി: ചോദ്യം ചെയ്യലിന് ഹാജരാവാന്‍  സിസോദിയക്ക് സി.ബി.ഐ നോട്ടീസ് 

ന്യൂദല്‍ഹി-മദ്യനയ അഴിമതിക്കേസില്‍ സിസോദിയയെ വിടാതെ സിബിഐ. ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ്ക്ക് സിബിഐ വീണ്ടും നോട്ടീസ് നല്‍കി. ചോദ്യം ചെയ്യലിന് നാളെ എത്താനാണ് നിര്‍ദ്ദേശം. സിസോദിയ തന്നെയാണ് ഇക്കാര്യം വിശദമാക്കി ട്വീറ്റ് ചെയ്തത്. സിബിഐ നാളെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. തനിക്കെതിരായി സിബിഐ, ഇഡി എന്നിവയെ പൂര്‍ണ ബലം ഉപയോഗിച്ച് പ്രവര്‍ത്തിക്കുകയാണ്.
വീട്ടില്‍  റെയ്ഡ്, ബാങ്ക് ലോക്കര്‍ പരിശോധിക്കുന്നു എന്നാല്‍ ഒരിടത്തും തനിക്കെതിരായ തെളിവുകള്‍ ലഭ്യമായിട്ടില്ല. ദല്‍ഹിയിലെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാനുള്ള പദ്ധതികള്‍ രൂപീകരിച്ചത് നിര്‍ത്താനായാണ് അവര്‍ ശ്രമിക്കുന്നത്. താന്‍ അന്വേഷണത്തോടെ പൂര്‍ണമായും സഹകരിച്ചിട്ടുണ്ട്, തുടര്‍ന്നും സഹകരിക്കുമെന്നും സിസോദിയ ട്വീറ്റില്‍ വിശദമാക്കി. 
ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അടുപ്പക്കാരന്‍ കൈകാര്യം ചെയ്യുന്ന കമ്പനിക്ക് മദ്യ വ്യാപാരി ഒരു കോടി രൂപ നല്‍കിയെന്നാണ് സിബിഐ എഫ്ഐആറില്‍ പറയുന്നത്. കേന്ദ്ര ഏജന്‍സി വിശദമാക്കുന്നത് അനുസരിച്ച് സിസോദിയയും മറ്റ് ആരോപണവിധേയരായവരും 2021-22 ലെ എക്സൈസ് നയവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ശുപാര്‍ശ ചെയ്യുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തത് നിയമപരമായ നിലനില്‍പ്പ് ഇല്ലാതെയായിരുന്നു.
ദല്‍ഹി സംസ്ഥാനത്തെ ചില്ലറ മദ്യവില്‍പ്പന മേഖലയിലെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ എടുത്ത് കളഞ്ഞ് സ്വകാര്യ മേഖലയ്ക്ക് കടന്നുവരാന്‍  വഴിയൊരുക്കിയ ദല്‍ഹി എക്‌സൈസ് നയം 2021-22 വലിയ വിവാദമായിരുന്നു. ഇത് രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതി നടന്നുവെന്നാരോപിച്ചാണ് സിബിഐ ഫയല്‍ ചെയ്തിരിക്കുന്ന ഇപ്പോഴത്തെ അഴിമതി കേസ്.
ലൈസന്‍സ് സ്വന്തമാക്കുന്നവര്‍ക്ക് അനാവശ്യമായ ആനുകൂല്യങ്ങള്‍ നല്‍കല്‍, ലൈസന്‍സ് ഫീസില്‍ ഇളവ്/കുറവ്, കൈക്കൂലി വാങ്ങി എല്‍-1 ലൈസന്‍സ് നീട്ടി നല്‍കല്‍ തുടങ്ങിയ ആരോപണങ്ങളാണ് ഇതില്‍ ഉയരുന്നത്. ഈ നയം രൂപീകരിച്ച് നടപ്പിലാക്കുന്നതിലൂടെ പൊതുപ്രവര്‍ത്തകര്‍ അടക്കം അനധികൃത ആനുകൂല്യങ്ങള്‍ കൈപറ്റിയെന്നാണ് സിബിഐ ആരോപിക്കുന്നത്.
എന്റര്‍ടൈന്‍മെന്റ് ആന്‍ഡ് ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഒണ്‍ലി മച്ച് ലൗഡറിന്റെ മുന്‍ സിഇഒ വിജയ് നായര്‍, പെര്‍നോഡ് റിക്കാര്‍ഡിലെ മുന്‍ ജീവനക്കാരന്‍ മനോജ് റായ്, ബ്രിന്‍ഡ്കോ സ്പിരിറ്റ്സിന്റെ ഉടമ അമന്‍ദീപ് ധാല്‍, ഇന്‍ഡോസ്പിരിറ്റ്സ് ഉടമ സമീര്‍ മഹേന്ദ്രു എന്നിവര്‍ നയ രൂപീകരണത്തില്‍ ഇടപെട്ടുവെന്നാണ് സിബിഐ ആരോപണം. കഴിഞ്ഞ വര്‍ഷം നവംബറില്‍ കൊണ്ടുവന്ന എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും ക്രമക്കേടുകള്‍ ഉണ്ടായെന്നും സിബിഐ ആരോപിക്കുന്നു.
എഎപി സര്‍ക്കാര്‍ കൊണ്ടുവന്ന ദല്‍ഹി മദ്യ നയം ഏറെ വിവാദമായതിന് പിന്നാലെ പുതിയ മദ്യനയം ദല്‍ഹി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍, പുതുക്കിയ മദ്യം നയം വഴി ഏതെങ്കിലും മദ്യ വിതരണക്കാര്‍ക്ക് എതെന്തിങ്കിലും തരത്തില്‍ ഗുണം ചെയ്യാന്‍വേണ്ടി മദ്യനയത്തില്‍ ഇടപെടലുകള്‍ വരുത്തിയിരുന്നോ എന്നാണ് ഇ ഡിയും സിബിഐയും പ്രധാനമായും അന്വേഷിച്ചത്. ദല്‍ഹി ബജറ്റ് തയാറാക്കുന്ന തിരക്കിലായതിനാല്‍ സിസോദിയ ഹാജാരാവാന്‍ കൂടുതല്‍ സാവകാശം അവശ്യപ്പെട്ടിരിക്കുകയാണ്. 
 

Latest News