നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം യുപിയില്‍ നിന്ന് ആദ്യ മുസ്ലിം ലോക്‌സഭാ എംപി

മുസഫര്‍നഗര്‍- 2014-ലെ പൊതുതെരഞ്ഞെടുപ്പിനു ശേഷം ഉത്തര്‍ പ്രദേശില്‍ നിന്ന് ആദ്യമായി ഒരു മുസ്ലിം എംപി പാര്‍ലമെന്റിലേക്ക്. കയ്‌റാനയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ അര ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയ രാഷ്ട്രീയ ലോക് ദള്‍ സ്ഥാനാര്‍ത്ഥി തബസും ഹസനാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള യുപിയില്‍ നിന്നുള്ള ഏക മുസ്ലിം പാര്‍ലമെന്റ്് അംഗമായത്. കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ബിഎസ്പി തുടങ്ങി പ്രതിപക്ഷ പാര്‍്ട്ടികളുടെ പിന്തുണയോടെയാണ് തബസും ജയിച്ചത്.

2014ല്‍ ഉത്തര്‍ പ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളില്‍ 71ഉം സ്വന്തമാക്കിയ ബിജെപി ഒരിടത്തു പോലും മുസ്ലിം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചിരുന്നില്ല. 2014-ല്‍ കയ്‌റാനയില്‍ ജയിച്ച ബിജെപിയുടെ ഹുക്കും സിങ് മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഹുക്കും സിങിന്റെ മകള്‍ മൃഗംഗ സിങായിരുന്നു സ്ഥാനാര്‍ത്ഥി. 2009-ല്‍ ഹുക്കും സിങിനെ പരാജയപ്പെടുത്തി തബസും ബിഎസ്പി ടിക്കറ്റില്‍ കയ്‌റാനയില്‍ ജയിച്ചിരുന്നു. പിന്നീട്് ബിജെപി വര്‍ഗീയ കലാപങ്ങളും ധ്രൂവീകരണവുമുണ്ടാക്കിയാണ് നിര്‍ണായ മുസ്ലിം ജനസംഖ്യയുള്ള മണ്ഡലം ബിജെപി തിരിച്ചു പിടിച്ചത്.

60-ഓളം മുസ്ലിംകള്‍ കൊല്ലപ്പെടുകയും 60,000 മുസ്ലിംകള്‍ക്ക് നാടും വീടും ഉപേകച്ചു പാലായനം ചെയ്യേണ്ടി വരികയും ചെയ്ത മുസാഫര്‍ നഗര്‍ കലാപക്കേസില്‍ പ്രതിയായിരുന്നു ബിജെപി എംപിയായിരുന്ന ഹുക്കും സിങ്. കലാപം ബാധിച്ച ഷംലിയുടെ കയ്‌റാന മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ്. ഇത്തവണ ബിജെപി ഇവിടെ നടത്തിയ തെരഞ്ഞെടുപ്പു പ്രചാരണവും അടിമുടി വര്‍ഗീയതയില്‍ ചാലിച്ചതായിരുന്നു.
 

Latest News