Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുത്തങ്ങ സമരം: രണ്ടു പതിറ്റാണ്ടായിട്ടും മൂന്നു കേസുകൾ തീർപ്പായില്ല

മുത്തങ്ങ തകരപ്പാടിയിലെ ജോഗി സ്മാരകം. സമരത്തിൽ സജീവമായിരുന്ന കൊയാലിപ്പുര രമേശൻ സമീപം.


കൽപറ്റ- വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ചിൽ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ 2003 ജനുവരി-ഫെബ്രുവരി മാസങ്ങളിൽ നടന്ന ഭൂസമരവുമായി ബന്ധപ്പെട്ട കേസുകളിൽ മൂന്നെണ്ണം ഇനിയും തീർപ്പായില്ല. ഭൂസമരത്തിനിടെ വനത്തിലുണ്ടായ തീപ്പിടിത്തവും വനപാലകരെ ബന്ദികളാക്കലും, വനം കൈയേറ്റം ഒഴിപ്പിക്കാനെത്തിയ പോലീസുകാരെ ആക്രമിച്ച് പരിക്കേൽപ്പിക്കൽ, പോലീസുകാരൻ കെ. വിനോദിന്റെ മരണം എന്നിവയുമായി ബന്ധപ്പെട്ട കേസുകളാണ് രണ്ടു പതിറ്റാണ്ടായിട്ടും തുടരുന്നത്. ഈ മൂന്നു കേസുകളും കൊച്ചി സി.ബി.ഐ കോടതിയിലാണ് നടന്നിരുന്നത്. 2004 ലാണ് കേസുകളിൽ കുറ്റപത്രം സമർപ്പിച്ചത്. നിലവിൽ തീപ്പിടിത്തവും വനപാലകരെ ബന്ദികളാക്കലുമായി ബന്ധപ്പെട്ട കേസ് എറണാകുളം സി.ജെ.എം കോടതിയിലും മറ്റു രണ്ടു കേസുകൾ വയനാട് ജില്ലാ സെഷൻസ് കോടതിയിലുമാണുള്ളത്. 
കൊച്ചിയിൽ വിചാരണയ്ക്ക് ഹാജരാകുന്നതിൽ ആദിവാസികൾ നേരിടുന്ന പ്രയാസങ്ങൾ കണക്കിലെടുത്ത് കേസുകൾ വയനാട് സെഷൻസ് കോടതിയിലേക്ക് മാറ്റുന്നതിന് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അപേക്ഷ നൽകാൻ സി.ബി.ഐ കോടതി ഗോത്രമഹാസഭ നേതൃത്വത്തിനു നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഗോത്രമഹാസഭ 2015 സെപ്റ്റംബർ 26 ന് നൽകിയ അപേക്ഷയിലാണ് 2016ൽ രണ്ടു കേസുകൾ വയനാട്ടിലേക്ക് മാറ്റിയത്. 
വനം കൈയേറ്റം ഒഴിപ്പിക്കാനെത്തിയ പോലീസുകാരെ ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ 12 സ്ത്രീകളടക്കം 74 പ്രതികളാണുള്ളത്. മുത്തങ്ങ സമരം നയിച്ച സി.കെ. ജാനുവും എം. ഗീതാനന്ദനുമാണ് ഒന്നും രണ്ടും പ്രതികൾ. പ്രതികളിൽ പത്തിലധികം പേർ ഇതിനകം മരിച്ചു. 
സമരക്കാരെ ബലപ്രയോഗത്തിലൂടെ ഒഴിപ്പിച്ച 2003 ഫെബ്രുവരി 19 നാണ് പോലീസുകാരൻ കെ. വിനോദ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട കേസിൽ നാല് സ്ത്രീകളടക്കം 57 പ്രതികളുണ്ട്. ഗീതാനന്ദനാണ് ഒന്നാം പ്രതി. ജാനു ഈ കേസിൽ ഇല്ല. പ്രതികളിൽ അഞ്ച് പേർ ഇതിനകം മരിച്ചു. 
വനത്തിനു തീയിടുകയും വനം ജീവനക്കാരെ ബന്ദികളാക്കുകയും ചെയ്ത കേസിൽ നാല് സ്ത്രീകളടക്കം 53 പേർക്കെതിരെയായിരുന്നു കുറ്റപത്രം. 
മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് വനം വകുപ്പ് ചാർജ് ചെയ്ത ഏഴ് കേസുകളിൽ ഒന്ന് ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. മറ്റു കേസുകൾ സർക്കാർ പിൻവലിച്ചു. 11 കേസുകളാണ് ലോക്കൽ പോലീസ് രജിസ്റ്റർ ചെയ്തിരുന്നത്. പിന്നീട് ക്രൈം ബ്രാഞ്ച് കേസുകളുടെ എണ്ണം ആറാക്കി. സി.ബി.ഐ അന്വേഷണത്തെത്തുടർന്നാണ് കേസുകളുടെ എണ്ണം മൂന്നായത്. ഭൂസമരക്കാരെ മുത്തങ്ങ വനത്തിൽനിന്നു ഒഴിപ്പിക്കുന്നതിനായുള്ള പോലീസ് നീക്കത്തിന്റെ ഭാഗമായി നടന്ന വെടിവെപ്പിൽ ആദിവാസി ചെമ്മാട് ജോഗി കൊല്ലപ്പെട്ടിരുന്നു.
വയനാട്ടിലെ ആദിവാസി ഭൂപ്രശ്‌നം ദേശീയ ശ്രദ്ധയിലെത്തിച്ചതായിരുന്നു 2003 ജനുവരി നാലിന് മുത്തങ്ങ വനത്തിൽ ആരംഭിച്ച ഭൂസമരം. കേന്ദ്ര വനാവകാശ നിയമത്തിന്റെ നിർമാണത്തിനു കാരണമായത് മുത്തങ്ങ സമരമാണെന്നാണ് ഗോത്രമഹാസഭയുടെ വാദം. 
സമരം നടന്ന് 20 വർഷമായിട്ടും ജില്ലയിലെ ആദിവാസി ഭൂപ്രശ്‌നത്തിനു പൂർണ പരിഹാരമായില്ല. മുത്തങ്ങ സമരത്തിൽ പങ്കെടുത്തതടക്കം നിരവധി ആദിവാസി കുടുംബങ്ങൾ ഇപ്പോഴും ഭൂരഹിതരായി അവശേഷിക്കുകയാണ്. സമരത്തിൽ പങ്കെടുത്തതിൽ ചില കുടുംബങ്ങൾക്ക് പതിച്ചുകിട്ടിയത് വാസയോഗ്യമല്ലാത്ത ഭൂമിയാണെന്ന ആക്ഷേപവും നിലനിൽക്കുന്നു. നിലവിൽ ഗോത്രമഹാസഭ ഉൾപ്പെടെ ആദിവാസി സംഘടനകളുടെ നേതൃത്വത്തിൽ തെക്കേ വയനാട് വനം ഡിവിഷനിലെ പാമ്പ്ര കാപ്പിത്തോട്ടത്തിൽ ഭൂസമരം നടന്നുവരികയാണ്. 
മുത്തങ്ങ സമരത്തിന്റെ 20-ാം വാർഷികദിനം ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ ഇന്ന് ആചരിക്കും. രാവിലെ മുത്തങ്ങ തരപ്പാടി ജോഗി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തും. വൈകുന്നേരം നാലിന് സുൽത്താൻ ബത്തേരി ടിപ്പുസുൽത്താൻ പ്ലെയ്‌സിൽ അനുസ്മരണ സമ്മേളനം ഉണ്ടാകും. 

Latest News