നായയെ രക്ഷിക്കാന്‍ അര്‍ധരാത്രി കിണറ്റിലിറങ്ങി; വീഡിയോ വൈറലായി

തായിഫ് - നായയെ രക്ഷിക്കാന്‍ അര്‍ധരാത്രി കിണറ്റിലിറങ്ങിയ സൗദി യുവാവ് ഉറവ വറ്റാത്ത കാരുണ്യത്തിന്റെ പ്രതീകമായി മാറി. 'വടക്കന്‍ തായിഫിലെ ഗ്രാമത്തിലുള്ള എന്റെ വീട്ടുമുറ്റത്ത് രാത്രി സമയത്ത് ഇരിക്കുമ്പോഴാണ് വിദൂരതയില്‍നിന്ന് നായ ഓരിയിടുന്നതായി കേള്‍ക്കുന്നത് - സ്വദേശി യുവാവ് ഹാനി അല്‍നഫീഇ അറബിയ്യ ന്യൂസ് ചാനലിനോട് പറഞ്ഞു. 'അത് എന്തോ അപകടത്തില്‍ പെട്ടതാണെന്ന് ശബ്ദം കേട്ടമാത്രയില്‍ തോന്നി. ഉടന്‍തന്നെ ടോര്‍ച്ചെടുത്ത് ശബ്ദം കേട്ട ദിക്ക് ലക്ഷ്യമാക്കി നടന്നു. സഹോദരനും എന്റെ കൂടെക്കൂടി. അല്‍പംഅകലെ, ഒരു കിണറില്‍നിന്നാണ് നായയുടെ ശബ്ദം കേള്‍ക്കുന്നതെന്ന് ബോധ്യപ്പെട്ടു. വെളിച്ചമടിച്ചപ്പോള്‍, താഴെനിന്ന് നായ ദയനീമായി ഞങ്ങളെ നോക്കി. അതിന്റെ കണ്ണുകളില്‍ പ്രതീക്ഷയും ഭയപ്പാടും നിഴലിച്ചതായി കണ്ടു'- ഹാനി തുടര്‍ന്നു. 
ഉടന്‍ ഒരു കയര്‍ സംഘടിപ്പിച്ച് കിണലിറങ്ങി, അതുകൊണ്ട് നായയുടെ ശരീരത്തെ ബന്ധിച്ചു. രക്ഷപ്പെടുമല്ലോ എന്ന പ്രതീക്ഷയില്‍ നായ എല്ലാത്തിനും സഹകരിച്ചുവെന്ന് സ്വദേശി യുവാവ് വിശദീകരിച്ചു. കിണറില്‍നിന്ന് പുറത്തെത്തിച്ചതിന് ശേഷം നായ നന്ദി പ്രകടിപ്പിച്ചതായും വീട് വരെ അനുഗമിച്ചതായും ഹാനി പറഞ്ഞു. 
ഒരു ദിവസം പൂര്‍ണമായും തങ്ങളുടെ കൂടെ സഹവസിച്ചതിന് ശേഷമാണ് നായ മറഞ്ഞതെന്നും യുവാവ് സാക്ഷ്യപ്പെടുത്തുന്നു. നായയെ കിണറ്റിലിറങ്ങി രക്ഷിക്കുന്ന ഹാനിയുടെ വീഡിയോ  ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. 
 

Latest News