കണ്ണൂര്‍- കനത്ത സുരക്ഷക്കിടയിലും മുഖ്യമന്ത്രി പിണറായി വിജയന് നേരെ കണ്ണൂരിലും കരിങ്കൊടി. വിവ കേരളം പരിപാടിയുടെ ഉദ്ഘാടനത്തിനായി തലശ്ശേരിയിലേക്ക് പോകുന്നതിനിടെയാണ് ചിറക്കരയില്‍ രണ്ട് വനിത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയത്. പോലീസ് ഇരുവരെയും അറസ്റ്റു ചെയ്തു നീക്കി.
ഇന്നലെ ഉച്ചക്കാണ് പാലക്കാട് നിന്നു മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് സുരേഷ്ബാബു, യൂത്ത് ലീഗ് നേതാവും കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത് അംഗവുമായ ഷബീര്‍ എടയന്നൂരിനേയും മട്ടന്നൂര്‍ പോലീസ് കരുതല്‍ തടങ്കിലാക്കിയിരുന്നു. കണ്ണൂരിലുണ്ടായിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഇടപെട്ട് ഇരുവരേയും പിന്നീട് മോചിപ്പിച്ചു.
വൈകുന്നേരം തലശ്ശേരിയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് ചിറക്കര വെച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി നിമിഷ, ബ്ലോക്ക് പ്രസിഡണ്ട് എ.ആര്‍.ചിന്മയി എന്നിവര്‍ കരിങ്കൊടി കാണിച്ചത്.