പോക്കറ്റില്‍ ആകെയുണ്ടായിരുന്നത് കുറച്ച് നാണയത്തുട്ടുകളും മുറുക്കാനും സിഗരറ്റും, എന്നിട്ടും വിശ്വനാഥനെ കള്ളനാക്കി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം സംഘം ആറ് പേരെ ചോദ്യം ചെയ്യുന്നു. മരണത്തിന് തൊട്ടു മുന്‍പ് വിശ്വനാഥനുമായി സംസാരിച്ച ആറു പേരെയാണ് പോലിസ് കണ്ടെത്തിയിട്ടുള്ളത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയ രോഗികളും അവരുടെ കൂട്ടിരിപ്പുകാരുമാണ് ഇവര്‍.
വിശ്വനാഥന്‍ മരിച്ച ദിവസം ധരിച്ചിരുന്ന കള്ളിഷര്‍ട്ട് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കുറച്ച് നാണയത്തുട്ടുകളും ഒരു കെട്ട് മുറുക്കാനും സിഗരറ്റും തീപ്പെട്ടിയുമാണ് ഇതിലുണ്ടായിരുന്നത്. പണവും മൊബൈല്‍ ഫോണും വിശ്വനാഥന്‍  മോഷ്ടിച്ചെന്നാണ് ഇയാളെ തടഞ്ഞുവെച്ചവര്‍ ആരോപിച്ചിരുന്നത്. എന്നാല്‍ ഇതൊന്നും വിശ്വനാഥനില്‍ നിന്ന് കണ്ടെത്തിയിട്ടുമില്ല. എന്നിട്ടും കള്ളനാക്കി മാറ്റുകയായിരുന്നുവെന്നാണ് വിശ്വനാഥന്റെ കുടുംബം ആരോപിക്കുന്നത്. ആളുകള്‍ കള്ളനാക്കി ചിത്രീകരിച്ച തടഞ്ഞുവെച്ചതിലുള്ള മനോവിഷമത്തില്‍ വിശ്വനാഥന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം.

എന്നാല്‍ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തമെന്ന് കുടുംബം ആവശ്യപ്പെട്ടു.  വിശ്വനാഥന്റെ മൃതദേഹത്തിലുണ്ടായിരുന്ന പാടുകളും മുറിവും മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായതാണെന്ന് സഹോദരന്‍ ആരോപിച്ചു. നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും വിശ്വനാഥന്റെ സഹോദരന്‍ ഗോപി പറഞ്ഞു.
വിശ്വനാഥന്റെ  മരണത്തില്‍ പൊലീസ് റിപ്പോര്‍ട്ട് സംസ്ഥാന എസ്സി-എസ്ടി കമ്മീഷന്‍ കഴിഞ്ഞ ദിവസം  പൂര്‍ണ്ണമായി തള്ളിയിരുന്നു. നടപടിക്രമങ്ങളെ വീഴ്ച ചൂണ്ടിക്കാട്ടിയ കമ്മീഷന്‍ നാല് ദിവസത്തിനകം പുതിയ റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. സംഭവത്തില്‍ കേസെടുത്ത ദേശീയ പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ ഡിജിപിയോടും, കോഴിക്കോട് കളക്ടറോടും അടിയന്തര റിപ്പോര്‍ട്ട് തേടിയിരുന്നു.

 

Latest News