നാഗാലാന്‍ഡില്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തയാളെ ആള്‍ക്കൂട്ടം തുണിയുരിഞ്ഞ് തല്ലിച്ചതച്ചു

ഗുവാഹത്തി- നാഗാലാന്‍ഡില്‍ 12-കാരിയായ ആദിവാസി ബാലികയെ പല തവണ ബലാല്‍സംഗം ചെയ്തയാളെ ആള്‍കൂട്ടം പിടികൂടി തുണിയിരിഞ്ഞ് തെരുവിലൂടെ നടത്തിക്കുകയും തല്ലിച്ചതക്കുകയും ചെയ്തു. മ്യാന്‍മര്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന മോണ്‍ ഗ്രാമത്തിലാണ് സംഭവം. പോലീസെത്തിയാണ് പ്രതിയെ ആള്‍കൂട്ട മര്‍ദനത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. പെണ്‍കുട്ടിക്ക് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡനത്തിനിരയായ കഥ പുറത്തറിയുന്നത്. പ്രതി ആരെന്ന് വെളിപ്പെടുത്താന്‍ പെണ്‍കുട്ടി ആദ്യം വിസമ്മതിച്ചെങ്കിലും ഒടുവില്‍ പ്രദേശത്തെ ഒരു കടയിലെ സെയില്‍സ്മാനെ ചൂണ്ടിക്കാണിക്കുകയായിരുന്നു.

തുടര്‍ന്ന് ആള്‍കൂട്ടം ഇയാളെ കടയില്‍ നിന്നും വലിച്ചിറക്കുകയും നഗ്നാക്കി തെരുവിലൂടെ നടത്തിക്കുകുയം മര്‍ദിക്കുകയും ചെയ്തു. സംഭവമറിഞ്ഞെത്തിയ പോലീസ് പ്രതിയെ ആള്‍ക്കൂട്ടത്തില്‍ നിന്നും രക്ഷപ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായതായി തെളിഞ്ഞു. അതേസമയം എത്ര തവണ പീഡനത്തിനിരയായിട്ടുണ്ടെന്ന് വ്യക്തമല്ല. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാനുള്ള മാനസികാവസ്ഥയിലല്ല ഇപ്പോള്‍ പെണ്‍കുട്ടിയെന്ന് പോലീസ് പറഞ്ഞു.
 

Latest News