എല്ലാ കണ്ണുകളും കയ്‌റാനയില്‍

ലഖ്‌നൗ- നാല് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും 10 നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് അറിയാനിരിക്കെ എല്ലാ കണ്ണുകളും ഉത്തര്‍ പ്രദേശിലെ കയ്‌റാന മണ്ഡലത്തിലേക്കാണ്. വിവിധ മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.
യു.പിയില്‍ സീറ്റുകള്‍ നഷ്ടപ്പെടുന്ന പ്രവണത പിടിച്ചുനിര്‍ത്താന്‍ ബി.ജെ.പിക്ക് സാധിക്കുമോ അതോ പ്രതിപക്ഷത്തിനു വഴങ്ങിക്കൊടുക്കേണ്ടി വരുമോ എന്നതാണ് അറിയാനിരിക്കുന്നത്. പ്രതിപക്ഷ ഐക്യത്തിന്റെ പരീക്ഷണ വേദിയായി മാറിയ കയ്‌റാന അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലക കൂടിയാണ്. യു.പിയില്‍ നൂര്‍പുര്‍ അസംബ്ലി മണ്ഡലത്തിലെ ഫലവും ഇന്ന് അറിയാനുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പി എം.പി ഹുകും സിംഗിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന കയ്‌റാന മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ മകള്‍ മൃഗങ്ക സിംഗാണ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി. കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി പിന്തുണയുള്ള രാഷ്ട്രീയ ലോക് ദളിലെ തബസ്സും ഹസനാണ് എതിര്‍ സ്ഥാനാര്‍ഥി. വോട്ടെടുപ്പിനു മുമ്പായി മത്സരരംഗത്തുനിന്ന് ലോക്ദള്‍ സ്ഥാനാര്‍ഥി കന്‍വര്‍ ഹസന്‍ ആര്‍.എല്‍.ഡിയില്‍ ചേര്‍ന്നതും ഇവരുടെ വിജയ സാധ്യത വര്‍ധിപ്പിക്കുന്നു.
ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഏകീകരിച്ച് ഗൊരഖ്പുരിലും ഫുല്‍പുരിലും നേടിയ വിജയം കയ്‌റാനയില്‍ ആവര്‍ത്തിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ. ഭരണകക്ഷിയായ ബി.ജെ.പിക്ക് കനത്ത തോല്‍വിയാണ് ഈ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിലുണ്ടായത്.
കയ്‌റാന നിലനിര്‍ത്താന്‍ ബി.ജെ.പി കഠിന പ്രയത്‌നമാണ് നടത്തിയത്. തിരിച്ചടി താല്‍ക്കാലികമായിരുന്നുവെന്ന ശക്തമായ സന്ദേശം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പ്രതിപക്ഷത്തിനും നല്‍കാന്‍ കയ്‌റാനയിലൂടെ സാധിക്കുമെന്ന് ബി.ജെ.പി കരുതുന്നു.
 

Latest News