ഒന്നിക്കണം മാനവികത എന്ന സന്ദേശത്തെ മുൻനിർത്തിയായിരുന്നു കഴിഞ്ഞ 10 ദിവസങ്ങളിലായി തൃശൂരിൽ പതിമൂന്നാമത് കേരള അന്താരാഷ്ട്ര നാടകോത്സവം സംഘടിപ്പിച്ചത്. വളരെ ആകർഷകമായ, എന്നാൽ സമകാലിക ലോകത്ത് തീർത്തും അമൂർത്തമായ, അപ്രായോഗികമായ ഒന്നാണ് ഈ സന്ദേശമെന്നത് വ്യക്തമാണ്. നിറത്തിന്റെയും വർണത്തിന്റെയും ജാതിയുടെയും മതത്തിന്റെയും വർഗത്തിന്റെയും ലിംഗത്തിന്റെയുമൊക്കെ പേരിൽ കടുത്ത വിവേചനം ഇപ്പോഴും നിലനിൽക്കുന്ന ലോകത്ത്, ഇപ്പോഴും ശക്തിയുള്ള രാഷ്ട്രങ്ങൾ ശക്തി കുറഞ്ഞ രാഷ്ട്രങ്ങളെ കടന്നാക്രമിക്കുമ്പോൾ, അനന്തമായ പലായനം ഇപ്പോഴും തുടരുമ്പോൾ കാണാവുന്ന കിനാവു മാത്രമാണല്ലോ മാനവികത.
നാടകോത്സവത്തിലെ പല നാടകങ്ങളും ഇത്തരത്തിലുള്ള വൈരുധ്യങ്ങളുടെ ആവിഷ്‌കാരങ്ങളുമായിരുന്നു. അപ്പോഴും ഏതൊരു കലാകാരനും, അല്ല ഏതൊരു മനുഷ്യനും കാണാൻ കഴിയുന്ന മനോഹരമായ സ്വപ്നം തന്നെയാണ് ഒന്നിക്കണം മാനവികത എന്നത് എന്ന കാര്യത്തിൽ തർക്കമുണ്ടാകാനിടയില്ല. സംഘാടകർ അവകാശപ്പെടുന്ന പോലെ തിയേറ്റർ എന്നത് പൗരത്വത്തിന്റെയും ദേശീയതയുടെയും വിലക്കുകളും വിലങ്ങുകളും ഇല്ലാത്ത സ്വതന്ത്ര റിപ്പബ്ലിക്കാണ്. എന്നാൽ വിലക്കുകളും വിലങ്ങുകളുമുള്ള ലോകത്ത് അതെത്ര മാത്രം സാധ്യമാകുമെന്ന ചോദ്യം അവശേഷിക്കും.
പതിമൂന്നാമത് അന്താരാഷ്ട്ര നാടകോത്സവം സമാപിച്ചപ്പോൾ സ്വാഭാവികമായും ഉയരുന്ന ചോദ്യം കഴിഞ്ഞ 12 തവണകളായി നിരവധി അന്താരാഷ്ട്ര നാടകങ്ങൾ കണ്ടിട്ടും അത് കേരളത്തിലെ നാടകവേദിയെ ഗുണപരമായി എത്രമാത്രം സ്വാധീനിച്ചു എന്നതാകുമല്ലോ. തീർച്ചയായും ആദ്യകാലത്ത് ഗുണപരമായ സ്വാധീനത്തിന്റെ കുറെ നിഴലാട്ടങ്ങൾ കണ്ടിരുന്നു. എന്നാൽ ഇപ്പോൾ നമ്മുടെ യാത്ര പിറകോട്ടാണെന്നാണ് ഇത്തവണത്തെ നാടകോത്സവത്തിൽ അവതരിപ്പിച്ച മലയാളം നാടകങ്ങൾ നൽകിയ സൂചന. അന്താരാഷ്ട്ര - ദേശീയ നാടകങ്ങളിലാകട്ടെ, ചില മിന്നലാട്ടങ്ങൾ കണ്ടെങ്കിലും പല മുൻ ഫെസ്റ്റിവലുകളിലും ഉണ്ടായ പോലെ ബ്രഹ്മാണ്ഡ നാടകം എന്നൊക്കെ പറയാവുന്ന ഒന്നും കണ്ടില്ല. അപ്പോഴും പല നാടകങ്ങളും മികച്ച രാഷ്ട്രീയ സന്ദേശം ഉൾക്കൊണ്ടിരുന്നു. മറുവശത്ത് ഒരുപക്ഷേ ചെലവു ചുരുക്കാനായിരിക്കാം, പല വിദേശ നാടകങ്ങളും സോളോ പെർഫോമൻസായിരുന്നുതാനും.
ഇറ്റ്‌ഫോക്കിലെ നാടകങ്ങളെ വിശകലനം ചെയ്യാനല്ല ഈ കുറിപ്പിൽ ഉദ്ദേശിക്കുന്നത്. മറിച്ച് ഇറ്റ്ഫോക് ഈ നിലയിൽ എത്രകാലം മുന്നോട്ടു പോകുമെന്ന ചോദ്യം ഉന്നയിക്കാനാണ്. അഞ്ചോളം വേദികളിലായാണ് നാടകങ്ങൾ അവതരിപ്പിക്കുന്നത്. അതിൽ സ്ഥിരം തിയേറ്ററായ കെ.ടി. മുഹമ്മദ് ഓഡിറ്റോറിയത്തിൽ മത്രമാണ് മാന്യമായി ഇരുന്ന് നാടകം കാണാനുള്ള സാഹചര്യമുള്ളത്. മറ്റെല്ലായിടത്തും അതിനുള്ള അവസരമില്ല. താൽക്കാലികമായ സംവിധാനങ്ങൾ ആവശ്യമാകാം.
അപ്പോഴും നടക്കുന്നത് ഒരു അന്താരാഷ്ട്ര നാടകോത്സവമാണെന്നും മറ്റു രാജ്യങ്ങളിൽ നിന്നു വരുന്നവർക്ക് സൗകര്യമായി നാടകം അവതരിപ്പിക്കാനുള്ള അവസരമുണ്ടാകണമെന്നും പ്രേക്ഷകർക്കും മാന്യമായ രീതിയിൽ ഇരിപ്പിടം ഉണ്ടാക്കണമെന്നും സംഘാടകർ ഓർക്കണം. പക്ഷേ അതു കാണുന്നില്ല. പ്രേക്ഷകരെ സംബന്ധിച്ച് നാടകങ്ങൾ കണ്ടാൽ മാത്രം പോരാ, സബ് ടൈറ്റിൽസ് വായിക്കുക കൂടി വേണം. അതിനുള്ള മിനിമം സൗകര്യം പോലും ഇല്ലാത്ത രീതിയിലാണ് നാടക വേദികൾ സൃഷ്ടിച്ചിരിക്കുന്നത്. മാത്രമല്ല, സ്വസ്ഥമായി ഇരിക്കാവുന്നതിന്റെ ഇരട്ടിയോളം പേരെ കയറ്റുകയും ചെയ്യുന്നു. പ്രേക്ഷകർ കൂടുമ്പോൾ കൂടുതൽ അവതരണങ്ങൾ നടത്തുക എന്നല്ലാതെ നാടകം കാണൽ ഒരു ദുരിതമായി മാറ്റുകയല്ല വേണ്ടത്. പക്ഷേ അതാണ് നടന്നത്. അതിനു ന്യായീകരണമായി എല്ലാവരും ചേർന്നിരിക്കണം, ഒന്നിക്കണം മാനവികത എന്നൊക്കെ അനൗൺസ് ചെയ്യുന്നതു പോലും കേട്ടു.
തീർച്ചയായും നാടകോത്സവമടക്കമുള്ള വൻ പരിപാടികൾ തൃശൂരിൽ മനോഹരമായി സംഘടിപ്പിക്കാനാകും. ഔദ്യോഗികമായ അക്കാദമികൾ സ്ഥിതി ചെയ്യുന്നതിനാലാണല്ലോ തൃശൂരിനെ സാംസ്—കാരിക നഗരമെന്നു പറയുന്നത്. സാഹിത്യ അക്കാദമി, ലളിതകല അക്കാദമി, സംഗീത നാടക അക്കാദമി, സ്‌കൂൾ ഓഫ് ഡ്രാമ, കലാമണ്ഡലം, ഫൈനാർട്സ് കോളേജ് എന്നിവയൊക്കെ ഇവിടെയാണ്. അതിനാൽ തന്നെ നിരന്തരമായി സാംസ്‌കാരിക പരിപാടികൾ നടക്കുന്നു. പക്ഷേ അതിനുള്ള സൗകര്യങ്ങൾ കുറവാണ്. ഈ സാഹചര്യത്തിലാണ് ഏതാനും വർഷം മുമ്പ് സാംസ്‌കാരിക പ്രവർത്തകർ ഒരു നിവേദനം സർക്കാരിനു സമർപ്പിച്ചത്. മൂന്നു അക്കാദമികൾ, മുണ്ടശ്ശേരി സ്മാരകം, രാമനിലയം, കെ.ടി.ഡി.സി, ഫൈനാർട്സ് കോളേജ്. ടൗൺ ഹാൾ, പബ്ലിക് ലൈബ്രറി, ശക്തൻ പാലസ്, മ്യൂസിയം, ഇൻഡോർ സ്റ്റേഡിയം, പാലസ് ഗ്രൗണ്ട്, ബാലഭവൻ എന്നിവയെല്ലാം സ്ഥിതി ചെയ്യുന്നത് നഗരത്തിലെ പാലസ് റോഡിലും അതിനോടു ചേർന്നുമാണ്. ഇതിനു തൊട്ടടുത്താംണ് മൃഗശാല സ്ഥിതി ചെയ്യുന്നത്. അത് പുത്തൂരിലേക്ക് മാറ്റാനുള്ള തീരുമാനമെടുത്ത് വർഷങ്ങളായി. ഇതുവരെയും നടന്നില്ല. ഈ വർഷം നടക്കുമെന്നു ഉറപ്പായിട്ടുണ്ട്. അങ്ങനെ വരുമ്പോൾ നിരവധി വൃക്ഷങ്ങളാൽ സമൃദ്ധമായ ഇപ്പോൾ മൃഗശാല നിൽക്കുന്ന സ്ഥലം ഒരു കൾച്ചറൽ കോംപ്ലക്സ് ആക്കണമെന്നും പാലസ് റോഡിനെ കൾച്ചറൽ റോഡ് എന്നു നാമകരണം ചെയ്യണമെന്നുമായിരുന്നു നിവേദനം. നിലവിലെ അന്തരീക്ഷം പരമാവധി സംരക്ഷിച്ച്, നാടകാവതരണത്തിനും സിനിമ കാണിക്കാനും സെമിനാറുകൾ നടത്താനും ചിത്ര - ശിൽപ - പുസ്തക പ്രദർശനത്തിനും മറ്റുമായി അത്യാവശ്യം കെട്ടിടങ്ങൾ നിർമിക്കാം. ഇപ്പോൾ സ്ഥലപരിമിതി മൂലം വീർപ്പുമുട്ടുന്ന പബ്ലിക് ലൈബ്രറിക്കും റീഡിംഗ് റൂമിനുമായി ഒരു കെട്ടിടവും നിർമിക്കാം.
നിവേദനം കൊടുത്ത് കാലം കുറച്ചായെങ്കിലും തീരുമാനമാകാത്തതിന്റെ പേരിൽ വീണ്ടും നിവേദനം കൊടുക്കാനുള്ള നീക്കത്തിലാണ് സാംസ്‌കാരിക പ്രവർത്തകർ.
തൃശൂരിൽ അന്താരാഷ്ട്ര സാഹിത്യോത്സവവും ആരംഭിക്കാൻ പോകുകയാണല്ലോ. ഇപ്പോഴത്തെ സാഹചര്യങ്ങൾ അവയെല്ലാം നടത്താൻ അപര്യാപ്തമാണ്. അക്ഷരാർത്ഥത്തിൽ കേരളത്തിന്റെ സാംസ്‌കാരിക നഗരമായി മാറാൻ തൃശൂർ ഇനിയുമേറെ മാറണം. അതിനുള്ള നടപടികളെടുക്കാൻ അധികൃതരും അതിനവരെ നിർബന്ധിതരാക്കാൻ സാംസ്‌കാരിക പ്രവർത്തകരും തയാറാവണം.






