സോഷ്യൽ മീഡിയയുടെ വർധിച്ചുവരുന്ന സ്വാധീനം ഉണ്ടായിരുന്നിട്ടും ടെലിവിഷൻ ചാനലുകളും പത്രങ്ങളും വിവരങ്ങൾ പങ്കിടുന്നതിന്റെ ഏറ്റവും വലിയ സ്രോതസ്സായി തുടരുന്നുവെന്നാണ് തുർക്കി-സിറിയ ഭൂകമ്പത്തിന്റെ വാർത്തകളിൽ കൂടി കടന്നുപോകുമ്പോൾ മനസ്സിലാകുന്നത്. പരമ്പരാഗത മാധ്യമങ്ങൾ പൊതുജനങ്ങളെ വിവരങ്ങൾ അറിയിക്കുക മാത്രമല്ല, ഭൂകമ്പവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഭാവിതലമുറക്ക് വേണ്ടി രേഖപ്പെടുത്തുകയും പങ്കിടുകയും ചെയ്യുന്നു.
മാധ്യമ പ്രവർത്തനത്തിലെ ശ്രദ്ധേയമായ ഒരു മേഖലയാണ് റിസ്ക് കമ്യൂണിക്കേഷൻ. മനുഷ്യ നേട്ടങ്ങളത്രയും നിഷ്ഫലവും നിഷ്പ്രഭവുമായിപ്പോകുന്ന വൻ ദുരന്ത മുഖങ്ങളിൽ വാർത്ത ശേഖരിക്കുകയും പുറത്തു വിടുകയും ചെയ്യുക എളുപ്പമല്ല. ഒരു മൾട്ടി ഡിസിപ്ലിനറി മേഖലയാണത്. പൊതുജനങ്ങളുമായി കഴിയുന്നത്ര തടസ്സമില്ലാത്ത ആശയവിനിമയം സാധ്യമാക്കുന്നതിന്, പ്രക്രിയയിൽ ഉൾപ്പെട്ടിരിക്കുന്ന മുഴുവൻ മേഖലകളുടെയും ഇടപെടൽ ആവശ്യമാണ്. ദുരന്ത നിവാരണ ഉദ്യോഗസ്ഥർ, മെഡിക്കൽ-ഹെൽത്ത് കമ്യൂണിക്കേഷൻ, മീഡിയ റിസ്ക് കമ്യൂണിക്കേഷൻ എന്നിവയുടെ കൃത്യമായ സമന്വയത്തിലൂടെ മാത്രമേ ഇത് സാധ്യമാകൂ.
ദുരന്ത മേഖലകളിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തെറ്റായ വിവരങ്ങളുടെ വ്യാപനമാണ്. പ്രത്യേകിച്ച് ഭൂകമ്പം പോലുള്ള പ്രതിസന്ധികളുടെ സമയങ്ങളിൽ, വിശ്വസനീയവും കൃത്യവുമായ വിവരങ്ങൾ ലഭിക്കാനുള്ള പ്രയാസം ഇൻഫോഡെമിക് എന്ന പ്രതിഭാസത്തിലേക്ക് നയിക്കുന്നു. ഈ പ്രക്രിയയിൽ, ഗൂഢാലോചന സിദ്ധാന്തങ്ങൾക്കും വ്യാജ വാർത്തകൾക്കും പ്രകോപനങ്ങൾക്കും മുമ്പെന്നത്തേക്കാളും സാധ്യതയേറും. പ്രതിസന്ധി ഘട്ടങ്ങളിൽ കൃത്യമായ വിവരങ്ങളുടെ ആവശ്യകത വർധിക്കുന്നതിനാൽ ശരിയായതും തെറ്റായതുമായ വിവരങ്ങൾ വേർതിരിച്ചറിയാനുള്ള വ്യക്തിയുടെ കഴിവില്ലായ്മ ഇൻഫോഡെമിക് വളരെ വേഗത്തിൽ വ്യാപിക്കുന്നതിന് കാരണമാകുന്നു. ഈ സാഹചര്യം പിന്നീട് പൊതുജനാരോഗ്യ പ്രശ്നത്തിലേക്കും മാറും. ഫെബ്രുവരി ആറിന് തുർക്കിയിലും സിറിയയിലും ഉണ്ടായ വലിയ ഭൂകമ്പത്തിലും ഇത്തരം വെല്ലുവിളികളുണ്ടായതായി മാധ്യമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഉദാഹരണത്തിന്, ദുരന്ത മുഖത്ത് രക്ഷാപ്രവർത്തനങ്ങൾ തിരക്കിട്ട് പ്രചരിക്കവേ, ഒരു മണിക്കൂറിനുള്ളിൽ 6.3 തീവ്രതയുള്ള ഭൂകമ്പമുണ്ടാകും എന്ന ശബ്ദസന്ദേശം ചുരുങ്ങിയ സമയത്തിനുള്ളിൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചു. ഇത് മണിക്കൂറുകളോളം രക്ഷാദൗത്യം മന്ദീഭവിപ്പിച്ചു. രക്ഷാപ്രവർത്തകരുടെ മുൻഗണനകൾ മാറ്റിമറിച്ചു. എന്നാൽ കുറച്ചുസമയത്തിന് ശേഷം ഈ സന്ദേശം കിംവദന്തി മാത്രമാണെന്ന് തെളിഞ്ഞു. വൈകുന്നേരം 8.5 തീവ്രതയുള്ള ഭൂകമ്പം ഉണ്ടാകുമെന്ന് തുർക്കി ദുരന്ത നിവാരണ അതോറിറ്റി പ്രസ്താവന നടത്തിയെന്ന തെറ്റായ അവകാശവാദത്തിനും അവിടെയുണ്ടായിരുന്ന മാധ്യമ പ്രവർത്തകർ സാക്ഷിയായി. സഹായമഭ്യർഥിച്ച് ചിലർ സോഷ്യൽ മീഡിയയിൽ വ്യാജ സന്ദേശങ്ങളും പോസ്റ്റ് ചെയ്തു.
ആദ്യ നിമിഷം മുതൽ രക്ഷാപ്രവർത്തനം നടന്നതായി ടി.വി ചാനലുകൾ വിവരം നൽകിയപ്പോൾ ഭൂകമ്പത്തിന്റെ മൂന്നാം ദിവസം വരെ ഭൂകമ്പം തകർത്ത ഭൂരിഭാഗം പ്രദേശങ്ങളിലും കാര്യമായ രക്ഷാപ്രവർത്തനം നടന്നില്ലെന്ന് ബദൽ, സ്വതന്ത്ര മാധ്യമങ്ങൾ മനസ്സിലാക്കി. മണ്ണു നീക്കുന്ന യന്ത്രങ്ങളോ തെർമൽ ക്യാമറകളോ മറ്റു ദുരന്ത നിവാരണ ഉപകരണങ്ങളോ ഇല്ലാതിരുന്നതിനാൽ ഉദ്യോഗസ്ഥരും നാട്ടുകാരും നഗ്നകരങ്ങൾ കൊണ്ട് മണ്ണ് നീക്കി അവശിഷ്ടങ്ങളിൽനിന്ന് ജീവനുള്ളതും ഇല്ലാത്തതുമായ ശരീരങ്ങൾ പുറത്തെടുക്കാൻ ശ്രമിച്ചു. ഇത്ര വലിയ വ്യാപ്തിയുള്ള ഒരു ദുരന്തത്തിൽ എന്തുമാത്രം നിസ്സഹായമായ ഒരു പ്രവൃത്തിയായിരിക്കും അതെന്ന് ഊഹിക്കാവുന്നതേയുള്ളൂ. നിലംപറ്റിയ ബഹുനില മന്ദിരങ്ങളുടെ സിമന്റും കമ്പിയും കോൺക്രീറ്റുമൊക്കെ അടങ്ങിയ അവശിഷ്ടങ്ങളിൽ കൈകൾ കൊണ്ട് എന്തുമാത്രം തെരയാനാകും. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഔദ്യോഗിക മാധ്യമങ്ങൾ പുറത്തുവിട്ടത് യാഥാർഥ്യവുമായി പൊരുത്തപ്പെടാത്ത വാർത്തകളും ദൃശ്യങ്ങളുമായിരുന്നു.
അത്തരം സമയങ്ങളിൽ തെറ്റായ വിവരങ്ങൾ വ്യാപകമാണ് എന്ന വസ്തുത നിഷേധിക്കാനാവില്ല. എന്നാൽ തെറ്റായ വിവരങ്ങളെ ചെറുക്കുന്നതിന് സോഷ്യൽ മീഡിയക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ഐക്യദാർഢ്യത്തിനും സഹകരണത്തിനും ആശയവിനിമയ സ്വാതന്ത്ര്യത്തിനും അതിനാൽ ഭൂകമ്പ സമയത്ത് ജീവിക്കാനുള്ള അവകാശത്തിനും തടസ്സമാവുകയും ചെയ്തു. ഇത് മനസ്സിലാക്കി ട്വിറ്ററിലെയും ടിക് ടോക്കിലെയും നിയന്ത്രണങ്ങൾ, ഏർപ്പെടുത്തിയതിന് തൊട്ടുപിന്നാലെ തന്നെ നീക്കി. സാമൂഹിക മാധ്യമങ്ങൾ ഇരുതല മൂർച്ചയുള്ള വാളാണ് എന്ന് ഒരിക്കൽ കൂടി മനസ്സിലാക്കിത്തന്ന സന്ദർഭമായിരുന്നു ഇത്.
മാധ്യമങ്ങളും ചോദ്യങ്ങളും
മാധ്യമങ്ങൾ അവരുടെ വാർത്തകളിൽ ശരിയായതും ഉചിതവുമായ ചോദ്യങ്ങളും വിമർശനങ്ങളും എത്രത്തോളം, എങ്ങനെ ഉൾക്കൊള്ളിക്കുന്നു എന്നതാണ് ഇവിടെ പ്രധാനം. ഫീൽഡിൽ ഇറങ്ങുന്ന ഒരു മാധ്യമ പ്രവർത്തകൻ ഭൂകമ്പ ബാധിതർക്കും അവിടെയുള്ള രക്ഷാപ്രവർത്തകർക്കും മുന്നിൽ മൈക്ക് പിടിക്കണം. ഒരു ചാനൽ റിപ്പോർട്ടർ ഭൂകമ്പത്തിന് ഇരയായ ഒരു വ്യക്തിയുടെ കാഴ്ചപ്പാടുകൾ ഒഴിവാക്കാൻ ശ്രമിച്ചാൽ, തങ്ങൾക്ക് ആവശ്യമായ സഹായം ലഭിക്കുന്നില്ലെന്ന പരാതി പുറത്തെത്തിക്കാതിരുന്നാൽ പൗരന്മാരുടെ ശബ്ദം ഒളിച്ചുവെക്കപ്പെടുന്നു എന്ന ന്യായമായ ധാരണക്ക് കാരണമാകുന്നു.
ഭൂകമ്പ നിർമാണ ചട്ടങ്ങൾ നിലവിൽ വന്ന ശേഷം നിർമിച്ച കെട്ടിടങ്ങൾ എന്തുകൊണ്ടാണ് തകർന്നത്, ഇവയുടെ നിർമാണ മേൽനോട്ടത്തിന് ആരാണ് ഉത്തരവാദി, രക്ഷാപ്രവർത്തകരുടെ ഇടപെടൽ വൈകുന്നത് എന്തുകൊണ്ട്, ക്രെയിനുകൾ, നിർമാണ യന്ത്രങ്ങൾ എന്നിവ എന്തുകൊണ്ടാണ് ഇല്ലാത്തത് തുടങ്ങി നിരവധി പ്രധാന ചോദ്യങ്ങളുണ്ട്. ഉപകരണങ്ങൾ, വെള്ളം, വൈദ്യുതി എന്നിവയുടെ അഭാവത്തെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാതെ പത്രപ്രവർത്തനം നടത്താൻ കഴിയില്ല. ദുരന്ത സ്ഥലത്തും മാധ്യമ പ്രവർത്തകർ നെഗറ്റീവ് റിപ്പോർട്ടിംഗ് നടത്തുന്നു എന്ന പരാതിക്കുള്ള മറുപടി ഇതാണ്. തെരച്ചിൽ, രക്ഷാപ്രവർത്തനം എന്നിവയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ പ്രസിദ്ധീകരിക്കുക മാത്രമല്ല, പരാജയങ്ങളും പിശകുകളും പുറത്തു കൊണ്ടുവരിക കൂടിയാണ് മാധ്യമങ്ങളുടെ ചുമതല. ഭൂകമ്പത്തെ അതിജീവിച്ചവർ പങ്കുവെക്കുന്ന വിവരങ്ങൾ നുണയാണെന്ന് അവകാശപ്പെടുന്നത് ഈ ദുരന്ത ഇരകളിൽ നിസ്സഹായത, നിരാശ, നീരസം, ദേഷ്യം, ഏകാന്തത എന്നിവ സൃഷ്ടിക്കാനേ ഉപകരിക്കൂ.
വ്യക്തിവൽക്കരണം, നാടകീയത സൃഷ്ടിക്കൽ, പക്ഷപാതം എന്നിവ പലപ്പോഴും ദുരന്ത മേഖലയിലെ വാർത്ത റിപ്പോർട്ടിംഗിൽ കടന്നുകൂടുന്നു. ഈ പ്രക്രിയയിൽ, പത്ര തലക്കെട്ടുകളും കഥകളും മനുഷ്യ നഷ്ടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പക്ഷേ ഇത് മാരകമായ നിഗമനങ്ങളിലേക്ക് നയിക്കുകയും നാശത്തിനും നിരാശക്കും കാരണമാകുകയും ചെയ്യാം. ടി.വിയിൽ, നാടകീയമായ ഇഫക്റ്റുകളും സംഗീതവും ദുരന്ത ബാധിതരുടെ വേദന വർധിപ്പിക്കുന്നതിലേക്ക് നയിച്ചേക്കാം.
മാധ്യമങ്ങൾ, ഇതുപോലുള്ള ഒരു സമയത്ത്, റിപ്പോർട്ടിംഗിന്റെ ഭാരിച്ച ഉത്തരവാദിത്തം വഹിക്കുന്നുണ്ട്. ആളുകൾക്ക് ആവശ്യമായ അടിയന്തര കോൺടാക്റ്റുകൾ, എവിടെ അഭയം ലഭ്യമാണ്, ബന്ധുക്കളെ എങ്ങനെ ബന്ധപ്പെടാം, എന്ത് സുരക്ഷ നടപടികൾ നിലവിലുണ്ട് തുടങ്ങിയവ പോലുള്ള വിശദാംശങ്ങൾ പുറത്തു കൊണ്ടുവരണം. പകരം വൈകാരിക അടിക്കുറിപ്പുകളോടെ ദുരിതത്തിലായ കുട്ടികളുടെ ഫോട്ടോകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെയോ 'അത്ഭുതശിശു' പോലുള്ള വാക്കുകൾ ഉപയോഗിച്ച് വ്യക്തിപരവും നാടകീയവുമായ ചട്ടക്കൂട്ടിലേക്ക് ചുരുങ്ങുന്നതോ ആശാസ്യമല്ല.
വ്യക്തിഗത കഥകളിൽ അനാവശ്യമായ ശ്രദ്ധ കൊടുക്കുന്നതിലൂടെ വാർത്തകളെ സന്ദർഭത്തിൽനിന്ന് അടർത്തി മാറ്റുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന്, ഒരു റിപ്പോർട്ടർ ഇഷ്ടികക്കൂമ്പാരത്തിലേക്ക് മൈക്രോഫോൺ തിരുകിക്കയറ്റി മരണത്തിനും ജീവിതത്തിനുമിടയിൽ കഴിയുന്ന ഭൂകമ്പ ബാധിതനോട്, ഞാൻ പറയുന്നത് കേൾക്കാമോ...അവിടെ എത്ര പേരുണ്ട് എന്നൊക്കെ ചോദിക്കുന്നത് ഇരകളുടെ വേദന വർധിപ്പിക്കുകയേയുള്ളൂ.
ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഒരു റിപ്പോർട്ടർക്ക് ദുരന്ത ബാധിതനോട് സഹാനുഭൂതി കാണിക്കാൻ കഴിയണം. എന്നാൽ ഇതിന് ശരിയായ പരിശീലനം ആവശ്യമാണ്. ഉറവിടം വിശ്വസനീയമല്ലാത്ത വിവരങ്ങൾ കൈമാറാൻ പാടില്ല, അതേസമയം വിശ്വസനീയമായ വിശദാംശങ്ങൾ വസ്തുനിഷ്ഠമായി അവതരിപ്പിക്കണം.
ജേണലിസ്റ്റിന്റെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ടർക്കിഷ് ജേണലിസ്റ്റ് അസോസിയേഷന്റെ പ്രഖ്യാപനത്തിൽ ഇങ്ങനെ പറയുന്നു: 'ദുഃഖമോ, ദുരിതമോ, അപകടമോ, നാശമോ, ദുരന്തമോ അനുഭവിക്കുന്ന ആളുകളുടെ കാര്യത്തിൽ, മാധ്യമ പ്രവർത്തകന്റെ സമീപനവും അന്വേഷണവും മാനുഷികവും രഹസ്യാത്മകത മാനിക്കുന്നതും വൈകാരിക ചൂഷണം ഒഴിവാക്കുന്നതുമായിരിക്കണം'.
ഇരകൾക്ക് അവരുടെ ജീവിതം പുനർനിർമിക്കാൻ പ്രയാസമുണ്ടാക്കുന്ന തരത്തിലാവരുത് വാർത്തകൾ. കുട്ടികളായ ഇരകളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. പ്രത്യേകിച്ച്, അവരെ 'പോസ്റ്റർ കുട്ടികൾ' ആക്കി മാറ്റരുത്; ഇത് കുട്ടികൾക്ക് സ്വന്തം സാഹചര്യം മനസ്സിലാക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം. ദീർഘകാലം പ്രചരിപ്പിക്കപ്പെടുന്ന ഇത്തരം ചിത്രങ്ങൾ കൂടുതൽ നീണ്ടുനിൽക്കുന്ന സംഘർഷത്തിലേക്കും മാനസിക പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം.
എന്നത്തേക്കാളും ഇപ്പോൾ, അവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ള പത്രപ്രവർത്തനം പരിശീലിക്കേണ്ടത് അനിവാര്യമാണ്. സംവിധാനം മികച്ചതാക്കാൻ ശ്രമിക്കുന്നതിനു പകരം ജനങ്ങളുടെയും ദുരന്ത ബാധിതരുടെയും വീക്ഷണ കോണിൽനിന്നുള്ള റിപ്പോർട്ടിംഗിലാണ് ശ്രദ്ധ വേണ്ടതെന്നും തുർക്കിയിലെ ദുരന്ത ഭൂമി സാക്ഷ്യപ്പെടുത്തുന്നു.






