കൊച്ചി സ്വര്‍ണ കള്ളക്കടത്തുകാരുടെ  പ്രിയപ്പെട്ട എയര്‍പോര്‍ട്ട്, കണക്കുകളിതാ  

നെടുമ്പാശ്ശേരി- കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണ്ണ കള്ളക്കടത്ത് ക്രമാതീതമായി വര്‍ദ്ധിക്കുന്നു. രാജ്യത്ത് സ്വര്‍ണ്ണം കൂടുതല്‍ ഉപയോഗിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നായ കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴിയാണ് പ്രധാനമായും സ്വര്‍ണ്ണക്കടത്ത് നടക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. ഇതില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് കൂടുതലും സ്വര്‍ണ്ണ കള്ളക്കടത്ത് സംഘം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് . കേരളത്തിലെ മാധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന വിമാനത്താവളമെന്ന നിലയിലും വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രത്യേകിച്ച് ഗള്‍ഫ് നാടുകളില്‍ നിന്ന് കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ ഉള്ളതും കൊച്ചി വഴിയുള്ള കള്ളക്കടത്ത് വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. 2021 മാര്‍ച്ച് മുതല്‍ 2022 ഡിസംബര്‍ 31 വരെയുള്ള 22 മാസത്തിനിടെ 1003 കിലോഗ്രാം സ്വര്‍ണ്ണമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയിട്ടുള്ളത്. ഇത് കൂടാതെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് വിഭാഗവും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പിടികൂടിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തില്‍ വിദേശത്ത് നിന്നും എത്തുന്ന യാത്രക്കാരെ പരിശോധിച്ചാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം സ്വര്‍ണ്ണം പിടികൂടുന്നതെങ്കില്‍ മുന്‍ക്കൂടി ലഭിക്കുന്ന വിവരം അനുസരിച്ച് കൊച്ചി വിമാനത്താവളത്തില്‍ എത്തി പരിശോധന നടത്തിയാണ് സ്വര്‍ണ്ണം പിടികൂടുന്നത്. ഈ കാലയളവില്‍ അനധികൃത സ്വര്‍ണക്കടത്തില്‍ 1197 കേസുകളാണ് രജിസ്ട്രര്‍ ചെയ്തിട്ടുള്ളത് .641 പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. 1.36 കോടി രൂപ ഈ കാലയളവില്‍ പിഴയായി ഈടാക്കിട്ടുണ്ട് .  പഴയ കാലഘട്ടങ്ങളില്‍ സ്വര്‍ണ്ണക്കട്ടിരൂപത്തിലാണ് കൊണ്ടുവന്നിരുന്നതെങ്കില്‍ വിമാനത്താവളങ്ങളില്‍ കസ്റ്റംസ് പരിശോധന ശക്തമാക്കിയതിനെ തുടര്‍ന്ന് പരിശോധനയെ മറികടക്കുവാന്‍ പുതു രീതികളാണ് കള്ളക്കടത്ത് സംഘം സ്വീകരിച്ച് വരുന്നത്.  കുഴമ്പു രൂപത്തിലാക്കിയും മലദ്വാരത്തില്‍ ഒളിപ്പിച്ചുമാണ്  ഇപ്പോള്‍ പ്രധാനമായും സ്വര്‍ണ്ണം അനധികൃതമായി കടത്തുവാന്‍ ശ്രമിക്കുന്നത്. ശക്തമായ നീരിഷണവും പരിശോധനയുമാണ് ഇത്തരം കള്ളക്കടത്തുകാരെ പിടികൂടുന്നതിന് കാരണമാകുന്നത് .  അടിവസ്ത്രത്തില്‍ പ്രത്യേക പോക്കറ്റുകളുണ്ടാക്കി അതു മറിച്ചുവെച്ച് കത്തിയ സ്വര്‍ണ്ണം വരെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിട്ടുണ്ട്. കൂടാതെ കുഴമ്പു രൂപത്തിലാക്കിയ സ്വര്‍ണ്ണം പ്ലാസ്റ്റിക് കവറിലാക്കി കാല്‍പാദത്തില്‍ ഒട്ടിച്ചും ഗര്‍ഭനിരോധന ഉറയിലാക്കിയും സ്വര്‍ണ്ണം അനധികൃതമായി കടത്തുവാന്‍ ശ്രമിക്കുന്നതിനിടെ കസ്റ്റംസ് പിടിക്കൂടിട്ടുണ്ട്. ഗള്‍ഫില്‍ നിന്നും ഒരു കിലോ സ്വര്‍ണ്ണം അനധികൃതമായി കേരളത്തില്‍ എത്തിച്ചാല്‍ കാരിയര്‍ മാര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ലഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.രാജ്യത്ത് സ്വര്‍ണ്ണത്തിന് കനത്ത കസ്റ്റംസ് തിരുവ. ഏര്‍പ്പെടുത്തിയതും വിലയിലുള്ള വന്‍ വര്‍ദ്ധനവുമാണ് കള്ളക്കടത്ത് വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുള്ളത്

Latest News