കണ്ണൂർ - കണ്ണൂർ വിമാനത്താവളത്തിൽ പ്രീ ലൈസൻസ് ഓഡിറ്റിംഗ് പൂർത്തിയായി. ഡയരക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിലെ വിദഗ്ധ സംഘമാണ് മൂന്നു നാൾ നീണ്ട പരിശോധന നടത്തിയത്. ലൈസൻസ് ലഭിക്കുന്നതിനു മുന്നോടിയായുള്ള പ്രധാന പരിശോധനയാണിത്.
വിമാനത്താവളത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തിയ സാഹചര്യത്തിൽ കിയാൽ ഇതിനായി അപേക്ഷ നൽകിയിരുന്നു. റൺവേ, ഓപ്പറേഷൻ ഏരിയ, എയർ ട്രാഫിക് കൺട്രോൾ, സെക്യുരിറ്റി, പാസഞ്ചർ ടെർമിനൽ, ലൈറ്റിംഗ്, സിഗ്നൽ സംവിധാനം തുടങ്ങിയവയാണ് സംഘം പരിശോധിച്ചത്. അടുത്ത ദിവസം തന്നെ വകുപ്പിനു പരിശോധനാ റിപ്പോർട്ട് സമർപ്പിക്കും. ഈ റിപ്പോർട്ടിലെ കണ്ടെത്തലനുസരിച്ച് ആവശ്യമായ മറ്റു കാര്യങ്ങൾ നിർദേശിക്കും. ഇവ നടപ്പിലാക്കിയതിനു ശേഷമാവും ലൈസൻസ് നൽകുന്നതിനുള്ള അന്തിമ പരിശോധന.
കണ്ണൂർ വിമാനത്താവളത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ 95 ശതമാനത്തിലധികം പൂർത്തിയായിക്കഴിഞ്ഞു. പാസഞ്ചർ ടെർമിനലിന്റെ മിനുക്കുപണികൾ മാത്രമാണ് അവശേഷിക്കുന്നത്. റോഡ് അടക്കമുള്ള അനുബന്ധ നിർമ്മാണങ്ങളും പുരോഗമിക്കുന്നു. ആഭ്യന്തര സർവീസുകളും വിദേശ സർവീസുകളും നടത്തുന്നതിന് വിമാനകമ്പനികൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്. വിദേശ സർവീസ് നടത്തുന്നതിന് എയർ ഇന്ത്യ, എമിറേറ്റ്‌സ്, ഗൾഫ് എയർ, ഖത്തർ എയർവേയ്‌സ്, ഒമാൻ എയർ, ശ്രീലങ്കൻ എയർവേയ്‌സ്, ഇത്തിഹാദ്, ഫ്‌ളൈ, ടൈഗർ എയർ തുടങ്ങിയ കമ്പനികളാണ് സന്നദ്ധമായിരിക്കുന്നത്. ഇവരുമായി ചർച്ചകൾ നടന്നു വരികയാണ്.
നിലവിലെ ജോലികൾ ഇതേ രീതിയിൽ മുന്നോട്ടു പോവുകയും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുകയും ചെയ്താൽ കണ്ണൂർ വിമാനത്താവളം വരുന്ന സെപ്റ്റംബറിൽ തന്നെ കമ്മീഷൻ ചെയ്യാനാവുമെന്ന് കിയാൽ എം.ഡി തുളസീദാസ് 'മലയാളം ന്യൂസി'നോട് പറഞ്ഞു.
ഉദ്ഘാടനത്തിന്റെ തീയതി മുൻ കൂട്ടി നിശ്ചയിക്കാനാവില്ല. ഓരോ മാസവും പൂർത്തിയാക്കേണ്ട പ്രവൃത്തികളുടെ കലണ്ടർ തയ്യാറാക്കിയാണ് പദ്ധതി മുന്നേറുന്നത്. മുഴുവൻ പ്രവർത്തികളും പൂർത്തിയാക്കിയ ശേഷം മാത്രം ഉദ്ഘാടനം നടത്തിയാൽ മതിയെന്നാണ് നേരത്തെ തന്നെ സർക്കാർ എടുത്ത നിലപാട്. എല്ലാ മേഖലകളിലും നിർമാണം ദ്രുത ഗതിയിൽ പുരോഗമിക്കുന്നു. റൺവേ പൂർത്തിയായി. ടെർമിനലിന്റെയും അനുബന്ധ കെട്ടിടങ്ങളുടെയും നിർമാണം അവസാന മിനുക്കു പണിയിലാണ്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിൽ ഒന്നായി കണ്ണൂർ വിമാനത്താവളത്തെ മാറ്റാനാണ് ശ്രമം.
വിമാന കമ്പനികളുമായുള്ള ചർച്ചകളാണ് ഇപ്പോൾ നടന്നു വരുന്നത്. ഗൾഫ് രാജ്യങ്ങളിലേക്കും മലേഷ്യ, സിംഗപൂർ എന്നിവിടങ്ങളിലേക്കും സർവീസ് നടത്തുന്നതിനു വിമാനക്കമ്പനികൾ സന്നദ്ധമായിട്ടുണ്ട്.
ഇക്കാര്യത്തിൽ വ്യോമയാന മന്ത്രാലയമാണ് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്. വിമാനങ്ങൾ ഇറങ്ങാൻ സഹായിക്കുന്ന ഇൻസ്ട്രുമെന്റേഷൻ ലാൻഡിംഗ് സിസ്റ്റം സ്ഥാപിച്ചു കഴിഞ്ഞു. എയർപോർട്ട് അതോറിറ്റിയാണ് ഈ ഉപകരണം നൽകിയത്. എല്ലാ വകുപ്പുകളുടെയും പരിശോധനകൾ പൂർത്തിയായ ശേഷം കിയാൽ ഡയറക്ടർ ബോർഡും, സർക്കാരും ചേർന്നാണ് വിമാനത്താവളത്തിന്റെ കമ്മീഷനിംഗ് തീയതി തീരുമാനിക്കുകയെന്നും തുളസീദാസ് പറഞ്ഞു.