ജിദ്ദ - സൗദി പൗരന്മാരുടെയും വിദേശികളുടെയും ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കാൻ പ്രവിശ്യാ ഗവർണർമാർക്ക് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദേശം നൽകി. 24 ാമത് വാർഷിക യോഗത്തോടനുബന്ധിച്ച് ഗവർണർമാരെ അൽസലാം കൊട്ടാരത്തിൽ സ്വീകരിച്ചാണ് രാജാവ് ഇക്കാര്യം ഉണർത്തിയത്. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സാന്നിധ്യത്തിലാണ് പ്രവിശ്യാ ഗവർണർമാരെ രാജാവ് സ്വീകരിച്ചത്.
ഗവർണർമാരുടെ വാർഷിക യോഗത്തിൽ വിശകലനം ചെയ്ത പ്രധാന വിഷയങ്ങൾ രാജാവ് വിലയിരുത്തി. ദൈവത്തെ സൂക്ഷിച്ച് ഔദ്യോഗിക കൃത്യനിർവഹണം നടത്തണമെന്നും സൗദി പൗരന്മാരുടെയും വിദേശികളുടെയും ക്ഷേമം മുൻനിർത്തി കഠിനാധ്വാനം ചെയ്യണമെന്നും രാജാവ് പറഞ്ഞു.
രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ, ജിസാൻ ഗവർണർ മുഹമ്മദ് ബിൻ നാസിർ രാജകുമാരൻ, റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ, തബൂക്ക് ഗവർണർ ഫഹദ് ബിൻ സുൽത്താൻ രാജകുമാരൻ, അസീർ ഗവർണർ ഫൈസൽ ബിൻ ഖാലിദ് രാജകുമാരൻ, കിഴക്കൻ പ്രവിശ്യ ഗവർണർ സൗദ് ബിൻ നായിഫ് രാജകുമാരൻ, നജ്‌റാൻ ഗവർണർ ജലവി ബിൻ അബ്ദുൽ അസീസ് രാജകുമാരൻ, അൽഖസീം ഗവർണർ ഡോ. ഫൈസൽ ബിൻ മിശ്അൽ രാജകുമാരൻ, അൽബാഹ ഗവർണർ ഡോ. ഹുസാം ബിൻ സൗദ് രാജകുമാരൻ, ഹായിൽ ഗവർണർ അബ്ദുൽ അസീസ് ബിൻ സഅദ് രാജകുമാരൻ, മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ, ഉത്തര അതിർത്തി പ്രവിശ്യ ഗവർണർ ഫൈസൽ ബിൻ ഖാലിദ് ബിൻ സുൽത്താൻ രാജകുമാരൻ, അൽജൗഫ് ഗവർണർ ബദ്ർ ബിൻ സുൽത്താൻ രാജകുമാരൻ, ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. നാസിർ അൽദാവൂദ് എന്നിവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.






