റിയാദ് - സൗദി ജീവനക്കാരനെ അപകീർത്തിപ്പെടുത്തിയ സ്ഥാപനത്തിനും കുറ്റക്കാരനായ വിദേശ തൊഴിലാളിക്കും എതിരെ നടപടികൾ സ്വീകരിക്കുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ അറിയിച്ചു. സൗദി ജീവനക്കാരനെ അപകീർത്തിപ്പെടുത്തിയതിനു പിന്നിൽ പ്രവർത്തിച്ച വിദേശ തൊഴിലാളിക്കെതിരെ സൗദിയിൽ ജോലി ചെയ്യുന്നതിനുള്ള വിലക്ക് അടക്കം ഏറ്റവും കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയ വക്താവ് പറഞ്ഞു. അതേസമയം, സംഭവത്തിൽ അൽശംസ് വൽരിമാൽ സ്‌പോർട്‌സ് കമ്പനി ക്ഷമാപണം നടത്തി. വിദേശ തൊഴിലാളിയുടെ അംഗീകരിക്കാൻ കഴിയാത്ത പ്രവൃത്തി മൂലം നേരിട്ട പ്രയാസങ്ങൾക്ക് തങ്ങൾ ക്ഷമാപണം നടത്തുന്നു. ഇത് ഒറ്റപ്പെട്ട വ്യക്തിയുടെ ഭാഗത്തുണ്ടായതാണ്. കമ്പനിയുടെ പ്രവർത്തന ശൈലിയല്ല ഇത്. എപ്പോഴും എന്നും സൗദി അറേബ്യയെ മാനിക്കുന്നതാണ് കമ്പനിയുടെ രീതി. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കില്ലെന്നും കമ്പനി പറഞ്ഞു.
റിയാദിലെ പ്രശസ്തമായ സ്‌പോർട്‌സ് വസ്ത്ര വ്യാപാര കേന്ദ്രമാണ് സ്ഥാപനത്തിലെ കാഷ്യറായ സൗദി യുവാവിനെ അപകീർത്തിപ്പെടുത്തുന്ന ബോർഡ് സ്ഥാപനത്തിൽ പ്രദർശിപ്പിച്ചത്. കാഷ്യറായ സൗദി പൗരൻ ഡ്യൂട്ടിക്ക് ഹാജരായിട്ടില്ല എന്ന് രേഖപ്പെടുത്തിയ ബോർഡ് ആണ് സ്ഥാപനത്തിലെ അറബ് വംശജനായ തൊഴിലാളി സ്ഥാപനത്തിനു മുന്നിൽ പ്രദർശിപ്പിച്ചത്. സൗദി ജീവനക്കാർക്ക് അപകീർത്തിയുണ്ടാക്കുന്ന ബോർഡ് പ്രദർശിപ്പിച്ച സ്ഥാപനത്തിനും ബോർഡ് അച്ചടിച്ച് പ്രദർശിപ്പിച്ച ജീവനക്കാരനുമെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും സ്ഥാപനത്തിൽ സമ്പൂർണ സൗദിവൽക്കരണം നിർബന്ധമാക്കണമെന്നും കമ്പനിയെ ബഹിഷ്‌കരിക്കണമെന്നും സാമൂഹിക മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു.