കേരളം നമ്പർ വൺ എന്ന് സ്ഥാനത്തും അസ്ഥാനത്തും അഹങ്കരിക്കുന്നവരാണല്ലോ പൊതുവിൽ മലയാളികൾ. അപൂർവം ചില മേഖലകളിലൊഴികെ മിക്കവാറും മേഖലകളിൽ അതങ്ങനെയല്ല എന്ന് എത്രയോ പഠനങ്ങളും കണക്കുകളും അനുഭവങ്ങളും പുറത്തു വന്നിട്ടും ഇതേ വാചകം നിരന്തരം ആവർത്തിക്കുന്നത് നാം കേൾക്കാറുണ്ട്. ആദിവാസികളുടെ ജീവിത നിലവാരത്തിൽ കേരളം എത്ര പിറകിലാണെന്നു വളരെ വ്യക്തമാണ്. എന്നാലതു പോലും അംഗീകരിച്ച്, മറികടക്കാനുള്ള പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കാൻ നമുക്കാവുന്നില്ല. തോമസ് ഐസക് ധനമന്ത്രിയായിരുന്ന കാലത്ത് ഒരിക്കൽ, കേരളത്തിന്റെ വികസനത്തിന്റെ വിഹിതം കിട്ടാത്ത വിഭാഗമാണ് ആദിവാസികൾ എന്നു സമ്മതിച്ചതു മാത്രമാണ് മുഖ്യധാര രാഷ്ട്രീയക്കാരിൽ നിന്നു മറിച്ചുകേട്ട ഏകസ്വരം.
അട്ടപ്പാടിയിൽ ആവർത്തിക്കുന്ന നവജാത ശിശുമരണങ്ങളും മധുവെന്ന ചെറുപ്പക്കാരനെ ക്രൂരമായി തല്ലിക്കൊന്നതും മാത്രം മതി, ആദിവാസികളുടെ യഥാർത്ഥ അവസ്ഥ വ്യക്തമാകാൻ. എന്നാൽ അതെല്ലാം സംഭവിച്ചിട്ടും നമ്മുടെ പൊതുസമൂഹത്തിന്റെയും അതിന്റെ ഭാഗമായി തന്നെ സർക്കാരിന്റെയും ആദിവാസികളോടുള്ള സമീപനത്തിൽ ഒരു മാറ്റവുമില്ല എന്നതിന്റെ തെളിവാണ് പുറത്തുവരുന്ന പല സംഭവങ്ങളും. അതിലവസാനത്തേതാണ് വയനാട് ആദിവാസി യുവാവ് വിശ്വനാഥന്റെ (46) മരണം. ആശുപത്രിയിൽ ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിക്കാൻ വന്ന വിശ്വനാഥനെ മോഷ്ടാവെന്നാരോപിച്ച്, മധുവിനെ മർദിച്ച പോലെ തന്നെ ആൾക്കൂട്ടം മർദിച്ചതായി ദൃക്‌സാക്ഷികൾ പറയുന്നു. അതേസമയം മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനെ ഉദ്ധരിച്ച് പോലീസ് പറയുന്നത്. അതു ശരിയാണെന്നു സമ്മതിച്ചാൽ തന്നെ അതിനു കാരണം ആൾക്കൂട്ട ആക്രമണമാണെന്ന് പകൽ പോലെ വ്യക്തമാണ്. ഒരാളുടെ ജാതിയും നിറവും വസ്ത്രധാരണവും ഭാഷയുമൊക്കെ നോക്കി കളളനാണെന്നു മുദ്രകുത്തുന്ന മലയാളി പൊതുബോധമാണ് വിശ്വനാഥന്റെ മരണത്തിനു കാരണം. മർദിച്ചവർക്കു മാത്രമല്ല, ഈ പൊതുബോധം പേറുന്ന എല്ലാവർക്കും അതിൽ ഉത്തരവാദിത്തമുണ്ട്.
വാഴക്കൃഷി ചെയ്ത് അഭിമാനത്തോടെയായിരുന്നു വിശ്വനാഥന്റെ ജീവിതം. അത്തരമൊരാൾക്ക് കള്ളനെന്ന ആരോപണവും മർദനവും സഹിക്കുക എളുപ്പമായിരിക്കില്ല. വിവാഹം കഴിഞ്ഞ് എട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കുഞ്ഞുണ്ടായതിന്റെ സന്തോഷത്തിലായിരുന്നു സത്യത്തിൽ വിശ്വനാഥൻ. കുഞ്ഞിനെ ആദ്യം കണ്ട ശേഷം 'കുട്ടിയെ നോക്കാൻ ഒരു 15 വർഷമെങ്കിലും ആയുസ്സ് എനിക്ക് തരണേ' എന്നാണ് വിശ്വനാഥൻ പറഞ്ഞതെന്ന് ജ്യേഷ്ഠൻ ഗോപി സാക്ഷ്യപ്പെടുത്തുന്നു. അങ്ങനെയുള്ള വിശ്വനാഥൻ ആത്മഹത്യ ചെയ്യേണ്ടുന്ന ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല എന്നുമവർ കൂട്ടിച്ചേർക്കുന്നു. മാത്രമല്ല വെള്ളിയാഴ്ച ബന്ധുക്കൾ തെരച്ചിൽ നടത്തിയ സ്ഥലത്തെ മരത്തിന് മുകളിലാണ് ശനിയാഴ്ച മൃതദേഹം കണ്ടതെന്നും മൃതദേഹത്തിൽ മുറിവുകളും മൂക്കിൽ നിന്ന് ചോരയും വന്നിരുന്നു എന്നുമവർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ മരത്തിൽ കയറുമ്പോഴുണ്ടായ മുറിവുകളേ ഉള്ളൂ എന്നാണത്രേ പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്.
ആശുപത്രിയിൽ വരുമ്പോൾ വിശ്വനാഥന്റെ കൈയിൽ ആവശ്യത്തിന് പണമുണ്ടായിരുന്നുവെന്നു ഭാര്യ ബിന്ദു പറയുന്നു. കാണാതായ അന്നു തന്നെ കേസ് നൽകാൻ ഭാര്യ ബിന്ദുവും അമ്മ ലീലയും പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ പോലീസ് കേസ് എടുത്തില്ല. പിറ്റേന്ന് വിശ്വനാഥന്റെ സഹോദരൻ വിനോദ് കേസ് നൽകാൻ ചെന്നപ്പോൾ മദ്യപിച്ചു എന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയാണ് പോലീസ് ചെയ്തത്. മെഡിക്കൽ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണത്രേ പോലീസ് കേസെടുത്തത്.
പോലീസിന്റെ ഭാഗത്തുണ്ടായ വീഴ്ചകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മധു കൊല ചെയ്യപ്പെട്ട് അഞ്ചു വർഷം കഴിഞ്ഞിട്ടും ആ കുടുംബത്തിനു നീതി കിട്ടിയിട്ടില്ല എന്നു മാത്രമല്ല, കേസ് അട്ടിമറിക്കാനും സാക്ഷികളെ കൂറുമാറ്റാനുമുള്ള ശ്രമങ്ങൾ ശക്തമായി നടക്കുകയാണല്ലോ. കേസ് നടത്തുന്നതിൽ സർക്കാരിന്റെ ഉദാസീനതയും പ്രകടമാണ്. ആദിവാസികൾ രണ്ടാംതര പൗരന്മാരും മോഷ്ടാക്കളും ക്രിമിനലുകളും മദ്യപാനികളുമാണെന്ന ജാതീയ-വംശീയ ബോധ്യമാണ് ആധുനികരെന്നു സ്വയം അഹങ്കരിക്കുന്ന മലയാളിയുടേത് എന്നതു തന്നെയാണ് സത്യം. ഈ ബോധ്യമാണ് ഒരു തെളിവുമില്ലാതെ വിശ്വനാഥനാണ് മോഷ്ടാവെന്നു തീരുമാനിച്ച മെഡിക്കൽ കോളേജ് പോലീസിന്റേയും സെക്യൂരിറ്റിക്കാരുടേയും. എസ്.സി, എസ്.ടി കമ്മീഷൻ വിഷയത്തിൽ ഇടപെടുകയും അസ്വാഭാവിക മരണത്തിനു മാത്രം കേസെടുത്ത പോലീസിനെ വിമർശിക്കുകയും എസ്.സി, എസ്.ടി പീഡന നിരോധന നിയമപ്രകാരം തന്നെ കേസെടുക്കണമെന്ന് നിർദേശിക്കുകയും കറുത്തവരോടും വസ്ത്രം മോശമായി തോന്നുന്നവരോടുമുള്ള നമ്മുടെ സമീപനം മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തതാണ് അൽപപ്പം പ്രതീക്ഷ നൽകുന്നത്.
ആദിവാസി-ദളിത് പാർശ്വവൽക്കൃത വിഭാഗങ്ങളെ ഒരു വോട്ട് ബാങ്ക് ആക്കുക എന്ന ലക്ഷ്യമുണ്ടെങ്കിലും സാമൂഹികമായ ഒഴിവാക്കലുകൾക്കെതിരെ (ീെരശമഹ ലഃരഹൗശെീി) ശക്തമായ സമരം നടത്താനുള്ള കൂട്ടായ വേദി എന്ന നിലയിലുള്ള പ്രവർത്തനത്തിനാണ് ഇന്നത്തെ സാഹചര്യത്തിൽ ഊന്നൽ നൽകുക എന്ന് സംഘാടകർ പറയുന്നു.
കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പുറത്തുവന്ന 2021 ലെ ദേശീയ പഠന നിലവാര സർവേ പരിശോധിച്ചാൽ ആദിവാസികളുടെ ഇന്നത്തെ അവസ്ഥയും അവരുന്നയിക്കുന്ന ആവശ്യങ്ങളുടെ പ്രസക്തിയും ബോധ്യമാകും. അതനുസരിച്ച് കേരളത്തിലെ ആദിവാസി വിദ്യാർത്ഥികളുടെ പഠനനിലവാരം ദേശീയ ശരാശരിയേക്കാൾ താഴെയാണ്. ശരിയായ രീതിയിൽ എഴുതാനോ വായിക്കാനോ കണക്കുകൂട്ടാനോ കഴിയാതെയാണ് അവർ പത്താം ക്ലാസിലെത്തുന്നതെന്ന ആരോപണത്തെ റിപ്പോർട്ട് ശരിവെക്കുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിൽ ഒന്നാം സ്ഥാനത്തെന്ന് അഹങ്കരിക്കുന്ന സംസ്ഥാനത്താണ് ഇതു നടക്കുന്നത്. എസ്.ടി വിദ്യാർത്ഥികളുടെ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലും അവസ്ഥ വ്യത്യസ്തമല്ല. അവരുടെ വിദ്യാഭ്യാസ നിലവാരമുയർത്താനായി നിരവധി പദ്ധതികൾ നിലവിലുണ്ടെന്നു പറയുമ്പോഴും അവയെല്ലാം പരാജയമാണെന്നും കുട്ടികളുടെ കൊഴിഞ്ഞുപോകൽ വ്യാപകമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരമൊരു സാഹചര്യത്തിന്റെ തുടർച്ചയാണ് മധുവും വിശ്വനാഥനും മുത്തങ്ങയും നവജാത ശിശുമരണവുമെല്ലാം എന്നാണ് നമ്മൾ മനസ്സിലാക്കേണ്ടത്.
ഐസക് പറഞ്ഞ പോലെ കേരള വികസനത്തിന്റെ അർഹമായ വിഹിതത്തിന് ആദിവാസി ജനതയെ അർഹരാക്കുന്ന സമീപനങ്ങളും നിലപാടുകളും തീരുമാനങ്ങളുമാണ് കാലം ആവശ്യപ്പെടുന്നത്. അല്ലാതെ പതിവു വാചാടോപങ്ങളല്ല.






