ബി.ബി.സിക്കും പണി കിട്ടി

തീർത്തും അപ്രതീക്ഷിതമായിരുന്നില്ല ബി.ബി.സിയുടെ ഇന്ത്യയിലെ ഓഫീസുകളിൽ കേന്ദ്ര ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡ്. 2002 ലെ ഗുജറാത്ത് വംശഹത്യക്കു പിന്നിൽ അന്നത്തെ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പങ്ക് അനാവരണം ചെയ്യുന്ന ഇന്ത്യ: ദി മോഡി ക്വസ്റ്റ്യൻ എന്ന ഡോക്യുമെന്ററി ബി.ബി.സിയുടെ വെബ്‌സൈറ്റിൽ ടെലികാസ്റ്റ് ചെയ്തതു മുതൽ തന്നെ ഇതിനൊരു തിരിച്ചടി ഉണ്ടാവുമെന്ന് മോഡിയുടെയും കേന്ദ്ര  സർക്കാരിന്റെയും പ്രവർത്തന ശൈലി മനസ്സിലാക്കിയവരൊക്കെ ഉറപ്പിച്ചിരുന്നു. 
പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെയും തങ്ങൾക്ക് എതിരുനിൽക്കുന്ന പൊതുപ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും കലാകാരന്മാരെയുമെല്ലാം വിവിധ കേന്ദ്ര ഏജൻസികളെ വിട്ട് റെയ്ഡ് നടത്തിയും കേസെടുത്തും പകവീട്ടുന്ന ശൈലി ഒന്നാം മോഡി സർക്കാരിന്റെ കാലത്തേ ആരംഭിച്ചതാണ്. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ എന്ന ബി.ബി.സി ലണ്ടൻ ആസ്ഥാനമായ, ലോകമെങ്ങും പ്രചാരവും അംഗീകാരവുമുള്ള ആഗോള മാധ്യമ സ്ഥാപനമായതിനാൽ തൊടാൻ ചിലപ്പോൾ ഒന്നറച്ചേക്കുമെന്ന് കരുതിയവർക്ക് തെറ്റി. തങ്ങൾക്കെതിരെ ഉയരുന്ന എല്ലാം ശബ്ദങ്ങളും മുളയിലേ നുള്ളണമെന്ന വാശിക്ക് ബി.ബി.സിയുടെ കാര്യത്തിലും ഒരു മാറ്റവുമുണ്ടായില്ല.
അന്താരാഷ്ട്ര നികുതി, ആദായ നികുതി ചട്ടങ്ങൾ ലംഘിച്ചു എന്ന് പറഞ്ഞാണ് ബി.ബി.സിയുടെ ദൽഹിയിലെയും മുംബൈയിലെയും ഓഫീസുകളിൽ  കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. 


ഓഫീസിലെ എല്ലാ രേഖകളും വിശദമായി പരിശോധിച്ചും അവിടെയുണ്ടായിരുന്ന എല്ലാ ജീവനക്കാരുടെയും മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചുവെച്ചും അവർക്ക് പുറത്തു പോകാനും വരാനും ഫോൺ ചെയ്യാനും അനുമതി നിഷേധിച്ചുമുള്ള പരിശോധനക്ക് റെയ്ഡിന്റെ എല്ലാ സ്വഭാവവുമുണ്ടായിരുന്നെങ്കിലും ഇത് വിവര ശേഖരണത്തിനുള്ള സർവേ മാത്രമാണെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. 
എന്നാൽ പരിശോധനയുടെ യഥാർഥ ലക്ഷ്യമെന്തെന്ന് ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയയുടെ വാക്കുകളിൽനിന്ന് വ്യക്തമായിരുന്നു. ബി.ബി.സി ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സ്ഥാപനമാണെന്നും ഇന്ത്യയിൽ ഏതെങ്കിലും കമ്പനിയോ സംഘടനയോ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അവർ ഇന്ത്യൻ നിയമങ്ങൾ പാലിക്കണമെന്നുമായിരുന്നു ബി.ജെ.പി വക്താവ് പറഞ്ഞത്. നിയമങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ എന്തിനാണ് ബി.ജെ.പി ഭയപ്പെടുന്നതെന്നും ഭാട്ടിയ ചോദിച്ചു. 
അതാണ് കാര്യം, ഭയപ്പെടുത്തുക. റെയ്ഡും കേസുമൊക്കെ കാട്ടി ഭയപ്പെടുത്തി വരുതിയിലാക്കുക. ബി.ബി.സി ലോകത്തിലെ ഏറ്റവും വലിയ അഴിമതി സ്ഥാപനമെന്ന് ആരോപിച്ച ബി.ജെ.പി വക്താവ് പക്ഷേ അതിന് തെളിവൊന്നും പുറത്തു വിട്ടിട്ടില്ല. അങ്ങനെയെന്തെങ്കിലും തെളിവുകൾ കിട്ടിയതായി വിവരവുമില്ല.
ബി.ജെ.പിക്കും കേന്ദ്ര സർക്കാരിനും ബി.ബി.സിയോട് ഇത്ര വിദ്വേഷം വരാൻ എന്താണ് കാരണമമെന്ന് കൊച്ചുകുട്ടികൾക്കു പോലും അറിയാം. ഗുജറാത്ത് കലാപത്തിന് പിന്നിൽ മോഡിയുടെ പങ്ക് വെളിപ്പെടുത്തുന്ന ബി.ബി.സി ഡോക്യുമെന്ററി അവരെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്. അതിന് പിന്നാലെ കശ്മീരിലടക്കം ബി.ജെ.പി സർക്കാരിന്റെ നടപടികൾക്കു പിന്നിലെ വസ്തുതകൾ വിശദമാക്കുന്ന മറ്റൊരു ഡോക്യുമെന്ററി കൂടി സംപ്രേഷണം ചെയ്തത് പക വർധിപ്പിച്ചു. 
ബി.ബി.സിയുടെ ഉപഗ്രഹ ചാനലിലൂടെയല്ല, താരതമ്യേന പ്രേക്ഷകർ കുറവുള്ള ഓൺലൈൻ ചാനലിലാണ് അവ സംപ്രേഷണം ചെയ്തത്. വിവാദമായിരുന്നില്ലെങ്കിൽ അധികമാരും കാണാതെ പോകുമായിരുന്ന സംഭവം. എന്നാൽ അമിതമായി പ്രതികരിച്ചും പ്രതിഷേധിച്ചും യൂട്യൂബിനെയും മറ്റും സ്വാധീനിച്ച് ഇന്ത്യയിൽ അതിന്റെ സംപ്രേഷണം തന്നെ തടഞ്ഞും കേന്ദ്ര സർക്കാരും ബി.ജെ.പിയും കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ ഫലത്തിൽ വിപരീത ഫലമാണുണ്ടാക്കിയത്. കോടിക്കണക്കിന് ആളുകൾ എങ്ങനെയൊക്കെയോ സംഘടിപ്പിച്ച് ഡോക്യുമെന്ററി കണ്ടു. 
ബി.ബി.സി ഡോക്യുമെന്ററി വന്നാലും ഇല്ലെങ്കിലും ഗുജറാത്ത് വംശഹത്യക്ക് പിന്നിൽ മോഡിക്ക് വ്യക്തമായ പങ്കാളിത്തമുണ്ടെന്ന് വിശ്വസിക്കുന്നവരാണ് ഇന്ത്യയിലെ ജനങ്ങൾ. ഒരു കോടതിയും അദ്ദേഹത്തെ ശിക്ഷിച്ചില്ലല്ലോ, വെറുതെ വിട്ടതല്ലേ എന്ന് ന്യായീകരിക്കുന്ന സംഘപരിവാറുകാർ പോലും രഹസ്യമായി ഇത് സമ്മതിക്കും. മാത്രമല്ല, അതിൽ അഭിമാനം കൊള്ളുന്നവരുമാണവർ. 
ഗുജറാത്ത് കലാപത്തിലൂടെയാണ് രാജ്യത്തെ മുസ്‌ലിംകളെ നല്ലൊരു പാഠം പഠിപ്പിക്കാൻ കഴിഞ്ഞതെന്ന് ഇപ്പോഴും ആർ.എസ്.എസ്, ബി.ജെ.പിക്കാർ സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്യുന്നുണ്ട്. നമ്മുടെ നിയമ സംവിധാനത്തിന്റെ പോരായ്മ കൊണ്ടോ, അന്വേഷണ ഉദ്യോഗസ്ഥരുടെ പിടിപ്പുകേടു കൊണ്ടോ, അല്ലെങ്കിൽ ബോധപൂർവം വീഴ്ച വരുത്തിയതുകൊണ്ടോ ഗുജറാത്ത് കലാപത്തിന് പിന്നിലെ യഥാർഥ വസ്തുത കോടതിക്കു മുന്നിൽ സ്ഥാപിക്കാനായില്ല എന്നു മാത്രം.
ഗുജറാത്ത് വംശഹത്യ കഴിഞ്ഞ് 20 വർഷത്തിനു ശേഷം പുറത്തു വന്ന ഡോക്യുമെന്ററി ഇന്ത്യൻ രാഷ്ട്രീയത്തിൽ കാര്യമായ ഒരു ചലനവും സൃഷ്ടിക്കില്ലെന്നതാണ് വാസ്തവം. ഗുജറാത്ത് കലാപത്തിന്റെ പേരിൽ മോഡിയെ വീരപുരുഷനായി കാണുന്നവർക്കിടയിൽ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം വർധിക്കുകയേ ഉള്ളൂ. എന്നിട്ടും ഡോക്യുമെന്ററിയുടെ പേരിൽ ബി.ജെ.പി കലിതുള്ളുകയാണ്. 
മോഡിയെ ഒരു ലോക പുരുഷനായി ഉയർത്തിക്കൊണ്ടുവരാനുള്ള ആസൂത്രിത നീക്കങ്ങൾ കുറെ വർഷങ്ങളായി നടന്നുവരുന്നുണ്ട്. അതിനൊരു വലിയ തിരിച്ചടിയാണ് ബി.ബി.സി ഡോക്യുമെന്ററി നൽകിയിരിക്കുന്നത്. മോഡി എന്ന പേര് കേൾക്കുമ്പോൾ ഗുജറാത്ത് കലാപം കൂടി ലോകത്തെങ്ങുമുള്ള ജനങ്ങളുടെ മനസ്സിൽ ഓടിയെത്തും.
ഡോക്യുമെന്ററി പുറത്തു വന്നതിന് തൊട്ടുപിന്നാലെ തന്നെ ബി.ബി.സിക്കെതിരെ കേന്ദ്ര സർക്കാരും ബി.ജെ.പിക്കാരും പ്രത്യാക്രമണമാരംഭിച്ചിരുന്നു. 2003 ലെ അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന് കാരണമായി പറഞ്ഞ കൂട്ടനശീകരണ ആയുധ കഥക്ക് പിന്നിൽ ബി.ബി.സി ആണെന്നു വരെ ആരോപണമുയർന്നു. എന്നാൽ സദ്ദാമിന്റെ പക്കൽ കൂട്ടനശീകരണ ആയുധങ്ങൾ ഉണ്ടെന്ന അമേരിക്കയുടെയും ബ്രിട്ടന്റെയും ഔദ്യോഗിക ഭാഷ്യങ്ങളെ പൊളിച്ചടുക്കുകയാണ് വാസ്തവത്തിൽ ബി.ബി.സി ചെയ്തത്. ലണ്ടൻ പൊല്യൂട്ടേഴ്‌സ് (ലണ്ടനിലെ മലിനീകരണക്കാർ) എന്നാണ് അന്നത്തെ ബ്രിട്ടീഷ് സർക്കാർ അനുകൂലികൾ ബി.ബി.സിയെ പരിഹസിച്ചിരുന്നത്. 
ലോകത്ത് സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമ പ്രവർത്തനത്തിന് നിരവധി സംഭാവനകൾ നൽകിയ പ്രൗഢമായ സ്ഥാപനമാണ് ബി.ബി.സി. എന്നാൽ തങ്ങൾക്ക് അഹിതകരമായത് പറഞ്ഞുകളഞ്ഞു എന്നതിന്റെ പേരിൽ ഇത്രക്ക് പാരമ്പര്യമുള്ള ഒരു സ്ഥാപനത്തിന് നേരെ വാളോങ്ങുന്നത് വിഡ്ഢിത്തമാണെന്നു മാത്രമല്ല, ലോകത്തിനു മുന്നിൽ ഇന്ത്യയുടെ വിലയിടിക്കുന്ന കാര്യമാണ്. ജനാധിപത്യത്തിന്റെയും മാധ്യമസ്വാത്രന്ത്യത്തിന്റെയും കാര്യത്തിൽ ഇന്ത്യക്ക് ലോകത്തിനു മുന്നിലുള്ള മോശം പ്രതിഛായ ഒന്നുകൂടി മോശമാക്കാനേ ഇത്തരം നടപടികൾ കൊണ്ട് സാധിക്കൂ. മോഡിക്കു വേണ്ടി നടത്തുന്ന 100 പി.ആർ. പ്രചാരണങ്ങളെ നിർവീര്യമാക്കാൻ ഇതു മതി.  
ബി.ബി.സിക്ക് പിന്നാലെ ജർമൻ മാധ്യമമായ ഡി.ഡബ്ല്യൂ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററി ആർ.എസ്.എസിന്റെയും സംഘപരിവാറിന്റെയും യഥാർഥ മുഖം ലോകത്തിനു മുന്നിൽ അനാവരണം ചെയ്യുന്നതാണ്. സമൂഹത്തിൽ കടുത്ത വർഗീയ ചേരി തിരിവിനിടയാക്കുന്ന യു.പിയിലെയും ബിഹാറിലെയും മതഭ്രാന്തൻ പോപ് ഗായകന്മാരെ കുറിച്ചാണ്. ബി.ബി.സിക്ക് പിന്നാലെ ഡി.ഡബ്ല്യുവിനെതിരെയും സർക്കാർ തിരിയുമോ എന്നറിയില്ല.
ഇപ്പോഴത്തെ നടപടി കൊണ്ട് ബി.ബി.സിയുടെ വായ മൂടാനാവും കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. എന്നാൽ ഉദ്ദേശിച്ചതിന്റെ വിപരീത ഫലമേ അതുകൊണ്ട് ഉണ്ടാവുകയുള്ളൂ എന്നതാണ് വാസ്തവം. രാജ്യത്തെ ഒട്ടുമിക്ക ദേശീയ ചാനലുകളെയും പലവിധ തന്ത്രങ്ങളിലൂടെ പാട്ടിലാക്കിയ കേന്ദ്ര സർക്കാരിന് നേരെ എതിർ സ്വരം കടുപ്പിക്കാനാവും ഇനി ബി.ബി.സി ശ്രമിക്കുക. മോഡി സർക്കാരിന് കൂടുതൽ തലവേദന വരാനിരിക്കുന്നതേയുള്ളൂ. എങ്ങനെ നോക്കിയാലും കേന്ദ്ര സർക്കാർ                                                                                             നടപടിയെ ഇങ്ങനെയേ വിശേഷിപ്പിക്കാനാവൂ... വിനാശകാലേ വിപരീത ബുദ്ധി.

Latest News