Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ടെ പുതിയാപ്ല  നഴ്‌സറി സ്‌കൂള്‍ യൂനിഫോമില്‍ 

കോഴിക്കോട്- കോഴിക്കോട് തെക്കേപ്പുറത്ത് കല്യാണത്തോടനുബന്ധിച്ച് അനാചാരങ്ങള്‍ അരങ്ങേറുകയെന്നത് പുതിയ കാര്യമല്ല. ജെ.സി.ബിയിലും ആംബുലന്‍സിലും പുതിയാപ്ല വന്നിറങ്ങിയിട്ടുണ്ട്. കോവിഡ് കാലത്തെ വേഷം ധരിച്ച് വധുവിന്റെ വീട്ടിലെത്തിയ മണവാളനുമുണ്ട്. ഇപ്പോള്‍ ഏറ്റവുമൊടുവില്‍ തെക്കേ പുറത്തെ ഒരു പുതിയാപ്ല നഴ്‌സറി സ്‌കൂള്‍ യൂനിഫോമിട്ടെത്തിയതാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ഇളം പ്രായക്കാരനായ പുതിയാപ്ലക്കൊപ്പം മണവാട്ടി നൃത്തച്ചുവടുകള്‍ വെക്കുന്നതും വൈറല്‍ വീഡിയോയിലുണ്ട്. ഇതെല്ലാം ഓന്റെ ചങ്ങായിമാര്‍ ഒപ്പിക്കുന്നതാണെന്ന് പറഞ്ഞ് സാമ്‌ന്യവല്‍ക്കരിക്കാനാണ് സ്ഥലവാസികള്‍ക്കിഷ്ടം. ആരൊക്കെ ബോധവല്‍ക്കരിച്ചാലും ഇതൊക്കെ തുടരുകയും ചെയ്യും. കുറ്റിച്ചിറയിലെ ഒരു പുതിയാപ്ലയെ സുഹൃത്തുക്കള്‍ വയനാട്ടിലേക്കാണ് കൊണ്ടു പോയത്. ഏതാണ്ട് പുലരാന്‍ നേരത്താണ് വരനും കൂട്ടുകാരും തിരിച്ചെത്തിയത്. ഇതെല്ലാം കാണുമ്പോള്‍ പഴയ കോവിഡ് കാലം തന്നെയായിരുന്നു നല്ലതെന്ന് പറയുന്ന പഴഞ്ചന്മാരുമുണ്ട്. 
ഏറ്റവുമൊടുവില്‍ നഴ്‌സറിക്കുട്ടിയുടെ വേഷം കെട്ടി കല്ല്യാണച്ചെറുക്കന്‍ ആടിത്തിമിര്‍ത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി  പ്രചരിച്ചിരുന്നു. രണ്ട് ജീവിതങ്ങളെ, രണ്ട് കുടുംബങ്ങളെ, രണ്ട് സംസ്‌കാരങ്ങളെ കൂട്ടിയിണക്കുന്ന  പവിത്രമായൊരു ആചാരത്തെ  ആഭാസങ്ങള്‍ കൊണ്ടും മലിനമാക്കുന്നതിനെ പലരും ശക്തമായി എതിര്‍ത്തു. സമുദായവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളുടെ ബോധവല്‍ക്കരണവും കൊണ്ടു പിടിച്ചു നടന്നു. ഏറ്റവുമൊടുവില്‍ സമൂഹ മാധ്യമങ്ങളില്‍ ഇത് സുന്നി-മുജാഹിദ് തര്‍ക്കമായി മാറിയിട്ടുണ്ട്. മുസ്‌ലിം കല്യാണങ്ങളിലെ അനാചാരം ചര്‍ച്ചയായപ്പോള്‍ ഹിന്ദു വിഭാഗത്തിലെ വിവാഹ ചടങ്ങുകള്‍ സമ്പന്ന-ദരിദ്ര വ്യത്യാസമില്ലാതെ അന്നും ഇന്നും ഒരു പോലെയെന്ന പോസ്റ്റും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. മുസ്‌ലിംകള്‍ക്കാണെങ്കില്‍ ബോധവല്‍ക്കരിക്കാന്‍ ആവശ്യത്തിലേറെ പണ്ഡിതന്മാര്‍. എന്നിട്ടും സൗകര്യങ്ങള്‍ കൂടിയപ്പോള്‍ മുസ്‌ലിം കല്യാണത്തിന് വരന്‍ ജെ.സിബിയില്‍ വരേണ്ട ഗതികേടിലായെന്ന പോസ്റ്റ് ആരെയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. 


 

Latest News