Sorry, you need to enable JavaScript to visit this website.

യാത്രക്കിടെ എയര്‍ഇന്ത്യ വിമാനത്തില്‍ മലയാളി  മരിച്ചു, സ്വീകരിക്കാനെത്തിയ ഭാര്യക്ക് താങ്ങാനായില്ല  

ലണ്ടന്‍- കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട  എയര്‍ ഇന്ത്യ വിമാനത്തില്‍ വച്ച് മലയാളി മരിച്ചു.  ബ്രിട്ടനിലെ നോട്ടിംഗ്ഹാംമിന് സമീപം ഡെര്‍ബിഷെയറിലെ ഇല്‍ക്കിസ്റ്റണില്‍ താമസിക്കുന്ന ദിലീപ് ഫ്രാന്‍സിസ് ജോര്‍ജ് (65) ആണ് നാട്ടില്‍ നിന്നുള്ള മടക്കയാത്രക്കിടെ മരിച്ചത്. ഇന്നലെ രാവിലെ കൊച്ചിയില്‍ നിന്ന് പുറപ്പെട്ട എ1 - 149 വിമാനത്തില്‍ വച്ചായിരുന്നു സംഭവം. ഭര്‍ത്താവിനെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ ഭാര്യ സോഫിയയ്ക്ക് താങ്ങാനായില്ല. മൂവാറ്റുപുഴ സ്വദേശിയായ ദിലീപ് ഫ്രാന്‍സിസ് ജോര്‍ജ് ആദ്യഭാര്യയുടെ മരണശേഷം പാക്കിസ്ഥാന്‍ സ്വദേശിയായ സോഫിയയെ വിവാഹം കഴിച്ചു. മൂന്ന് മക്കളുണ്ട്. വിമാനത്തില്‍നിന്നും ലഭിച്ച സന്ദേശം എയര്‍ ഇന്ത്യയിലെ മലയാളിയായ ഉദ്യോഗസ്ഥന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.
യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ദിലീപിന് യാത്രക്കാരിലെ മെഡിക്കല്‍ പ്രൊഫഷണല്‍സിന്റെ സഹായത്തോടെ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇക്കാര്യം യാത്രക്കാരന്റെ അടുത്ത ബന്ധുക്കളെ കണ്ടെത്തി അറിയിക്കണമെന്നും പോലീസിന്റെയും ആംബുലന്‍സിന്റെയും സഹായം ആവശ്യമുണ്ടെന്നുമുള്ള അടിയന്തര സന്ദേശം വിമാനത്തില്‍ നിന്ന് എയര്‍ ഇന്ത്യയുടെ കൊച്ചിയിലെയും ലണ്ടനിലെയും ഓഫിസുകളിലേക്ക് എത്തിയിരുന്നു. മൃതദേഹം ഇപ്പോള്‍ ലണ്ടന്‍ ഹീത്രു വിമാനത്താവളത്തിലാണ്. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.


            

Latest News