സൗദിയിൽ വാലന്റൈൻ ദിനത്തിൽ പൂക്കടകളിൽ വൻ ജനത്തിരക്ക്

റിയാദ്- പ്രണയ ദിനത്തിൽ സൗദി അറേബ്യയിൽ ചുവന്ന റോസാപ്പൂക്കൾക്ക് വൻ ഡിമാന്റ്. രാജ്യത്ത് വാലന്റൈൻ ദിനം ആഘോഷിക്കുന്നില്ലെങ്കിലും പൂക്കടകളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. എല്ലാ പൂക്കടകളിലും കഴിഞ്ഞ മൂന്നു ദിവസം റോസാപ്പൂക്കൾക്ക് ആവശ്യക്കാർ ഏറെയായിരുന്നു. പരസ്യമായി നല്ല വിലയ്ക്ക് പൂക്കൾ വിറ്റതായും മുൻ വർഷങ്ങളേക്കാൾ വിൽപന നടന്നതായും കച്ചവടക്കാർ പറഞ്ഞു. 
അതേസമയം, പ്രണയ ദിനത്തിൽ രാജ്യത്ത് പ്രത്യേക പരിപാടികൾ നടത്തിയിരുന്നില്ലെങ്കിലും ഹോട്ടലുകളും മറ്റും വാലന്റൈൻ ദിനം ആഘോഷിക്കാൻ ഉപഭോക്താക്കൾക്ക് ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു. രോഗികളെ കാണാൻ പോകുമ്പോഴും കുടുംബങ്ങളെ സന്ദർശിക്കുമ്പോഴുമെല്ലാം റോസാപ്പൂക്കൾ അടങ്ങുന്ന ബൊക്കെ നൽകുന്ന പതിവ് സൗദികൾക്കുണ്ട്.  അതിന്റെ ഭാഗമായി റോസാപ്പൂക്കൾക്ക് എപ്പോഴും നല്ല ഡിമാന്റാണെങ്കിലും ഇന്നലെ വൻതോതിൽ ആവശ്യക്കാർ എത്തി. എല്ലാ കച്ചവടക്കാരും നേരത്തെ തന്നെ വൻതോതിൽ പൂക്കൾ കടകളിൽ എത്തിച്ചിരുന്നു. ഒരു റോസ് ബൊക്കെയ്ക്ക് നൂറു റിയാലായിരുന്നു വില. എന്നാൽ ഒരു പാക്കേജിന് 1500 റിയാലും.
കഴിഞ്ഞ വർഷത്തെ വാലന്റൈൻ ദിനത്തിൽ അമ്പതിനായിരം റിയാലിലധികം കച്ചവടം നടന്നിരുന്നുവെന്നും ഈ വർഷം അതിലും കൂടുമെന്നും പൂക്കച്ചവടക്കാരനായ അബ്ദുല്ല അൽ സഫാർ പറഞ്ഞു. മുൻ വർഷങ്ങളിൽ ഇങ്ങനെ വാലന്റൈൻ ഡേ പരസ്യമായി ആചരിക്കാറുണ്ടായിരുന്നില്ല. എങ്കിലും ആളുകൾ അന്ന് പൂക്കൾ വാങ്ങാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കാലം മാറി. ഈ ദിനത്തിൽ പൂക്കൾക്ക് ആവശ്യക്കാർ കൂടിവരികയാണ്.
ഇന്നലെ പതിനായിരത്തിലധികം റിയാലിന് പൂക്കച്ചവടം നടത്തിയതായി മറ്റൊരു പൂക്കച്ചവടക്കാരി ദുഹ പറഞ്ഞു.
മുൻ വർഷങ്ങളിൽ വാലന്റൈൻ ദിനത്തിന് രഹസ്യമായി പൂക്കൾ വിറ്റിരുന്നുവെന്നും എന്നാൽ, ഇപ്പോൾ പരസ്യമായി തന്നെ വിൽക്കുന്നുവെന്നും ഒരു ബൊക്കെയ്ക്ക് 1200 റിയാൽ വരെ വിലയുണ്ടായിരുന്നുവെന്നും പൂക്കടയിലെ കോ-ഓർഡിനേറ്റർ ഇന്ത്യക്കാരനായ മുഹമ്മദ് റഫീഖ് പറഞ്ഞു.
അതേസമയം, പ്രണയിനികൾക്ക് ആശംസ നേരാനും മറ്റു ചിലർ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ഈ ദിനം ഉപയോഗപ്പെടുത്തി. ഇന്റർകോണ്ടിനെന്റൽ അടക്കമുള്ള ചില ഹോട്ടലുകളിൽ നിങ്ങളുടെ ഇഷ്ടക്കാർക്കൊപ്പം നിങ്ങൾ ആഘോഷിക്കുകയെന്ന പേരിൽ ജീവനക്കാർക്ക് പ്രോഗ്രാമുകൾ സംഘടിപ്പിച്ചിരുന്നു. വാലന്റൈൻ ദിനാഘോഷം ആരുടെയും കുത്തകയല്ലെന്നും മാനസിക സംഘർഷങ്ങൾ ലഘൂകരിക്കാൻ ഉത്തമമാണെന്നും മാനസികാരോഗ്യ വിദഗ്ധയായ മീസ അൽ ഹാരിസി അഭിപ്രായപ്പെട്ടു.

Tags

Latest News