കൊല്ലിച്ചത് ആരാണെന്ന് ആകാശ് പറയുമോ... ഷുഹൈബിന്റെ പിതാവ് ചോദിക്കുന്നു

കണ്ണൂര്‍- കൊല്ലിച്ചത് ആരാണെന്ന് ആകാശ് പറയട്ടെ... നിറകണ്ണുകളോടെ പ്രതികരിക്കുന്നത് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ പിതാവ് മുഹമ്മദ്. സി.പി.എം നേതൃത്വത്തിനെതിരെ ആകാശ് തില്ലങ്കേരി ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഷുഹൈബ് വധക്കേസിലെ പ്രതിയാണ് ആകാശ് തില്ലങ്കേരി. ഷുഹൈബിനെ കൊന്നവരെയല്ല കൊല്ലിച്ചവരെയാണ് വേണ്ടതെന്ന് പിതാവ് മുഹമ്മദ് പ്രതികരിച്ചു.
കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെന്ന് ആകാശ് തില്ലങ്കേരിയുടെ വായില്‍നിന്ന് കേള്‍ക്കണമെന്നും ഇക്കാര്യം തില്ലങ്കേരി തന്നെ പറയുക തന്നെ ചെയ്യുമെന്നും മുഹമ്മദ് പറഞ്ഞു. മകന്‍ നഷ്ടപ്പെട്ട വേദന ഇന്നും അനുഭവിക്കുന്നുണ്ട്. എന്തിനാണ് മകനെ കൊലപ്പെടുത്തിയതെന്ന് ഇതുവരെ അറിയില്ലെന്നും പിതാവ് പറഞ്ഞു.
കൊല്ലാന്‍ ആഹ്വാനം ചെയ്തവര്‍ക്ക് വരെ പാര്‍ട്ടിക്കാര്‍ ജോലി കൊടുത്തെന്ന് ആകാശ് തില്ലങ്കേരി വെളിപ്പെടുത്തിക്കഴിഞ്ഞു. ഷുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്നും നീതി കിട്ടിയിട്ടില്ല. ഷുഹൈബ് വധക്കേസില്‍ സുപ്രീംകോടതിയില്‍നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കേസ് മാര്‍ച്ച് 14ന് കോടതി പരിഗണിക്കുന്നുണ്ടെന്നും മുഹമ്മദ് പറഞ്ഞു.
ഡി.വൈ.എഫ്.ഐ മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരം ഫേസ്ബുക്കിലിട്ട പോസ്റ്റിന് നല്‍കിയ കമന്റിലാണ് പാര്‍ട്ടി നേതൃത്വത്തിനെതിരെ ആകാശ് തില്ലങ്കേരി ആരോപണം ഉയര്‍ത്തിയത്. വിവാദത്തിന് പിന്നാലെ സരീഷ് പൂമരം ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News