ജിദ്ദ- ഒ.ഐ.സി.സി ജിദ്ദ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന കണ്ണൂർ എടയന്നൂരിലെ ഷുഹൈബിന്റെ അഞ്ചാം രക്തസാക്ഷിത്വ ദിനാചരണവും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ഒ.ഐ.സി.സി കണ്ണൂർ ജില്ലാ ആക്ടിംഗ് പ്രസിഡന്റ് റഫീക്ക് മൂസ ഇരിക്കൂറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം റീജ്യണൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീർ ഉദ്ഘാടനം ചെയ്തു.
രാഷ്ട്രീയ കൊലപാതകികളെയും ലഹരി മാഫിയകളെയും സംരക്ഷിക്കുന്ന പാർട്ടിയായി കേരളത്തിൽ സി.പി.എം മാറിയെന്നും, കൊലപാതകികളെ രക്ഷിക്കാനായി സർക്കാർ ഖജനാവിൽ നിന്നും കോടികൾ പിണറായി സർക്കാർ ചെലവഴിക്കുകയാണെന്നും മുനീർ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ആശയത്തെ ആയുധം കൊണ്ട് നേരിടുന്ന രീതി അവസാനിപ്പിച്ച് നാട്ടിൽ സമാധാനം നിലനിർത്താൻ സി.പി.എം തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.റീജ്യണൽ കമ്മിറ്റി ട്രഷറർ ശ്രീജിത്ത് ചാലാട് അനുസ്മരണ പ്രഭാഷണം നടത്തി. രാധാകൃഷ്ണൻ കാവുമ്പായി, ഇഖ്ബാൽ പൊക്കുന്ന്, ഹക്കീം പാറയ്ക്കൻ, അലി തേക്കുതോട്, അസ്ഹാബ് വർക്കല, അഷ്‌റഫ് തൃശൂർ, പ്രിൻസാദ് കോഴിക്കോട്, നാസിമുദ്ദീൻ മണനാക്ക്, മുഹമ്മദ്കുഞ്ഞി കൊടശ്ശേരി, മുജീബ് മൂത്തേടത്ത്, ഷമീർ നദ് വി, ഇസ്മായിൽ കൂരിപ്പൊയിൽ, ഫൈസൽ അഷ്‌റഫ് അഴീക്കോട്, മനോജ് തുടങ്ങിയവർ പ്രസംഗിച്ചു. കണ്ണൂർ ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി നൗഷീർ ചാലാട് സ്വാഗതവും, അനിൽകുമാർ ചക്കരക്കൽ നന്ദിയും പറഞ്ഞു.






