മക്കയിൽ ആശുപത്രിയിൽ അഗ്നിബാധ

മക്ക - അൽസാഹിർ ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ അഗ്നിബാധ. ആശുപത്രിയിലെ മേജർ ഓപ്പറേഷൻ തിയേറ്ററിലാണ് തീ പടർന്നുപിടിച്ചത്. ഇവിടെ നിന്ന് അത്യാഹിത വിഭാഗത്തിലേക്കും തീ പടർന്നുപിടിച്ചു. മേജർ ഓപ്പറേഷൻ തിയേറ്ററിൽ വൈദ്യുതി വിതരണം സ്തംഭിക്കുന്ന സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ള അടിയന്തിര സംവിധാനത്തിന്റെ ഭാഗമായ ബാറ്ററികൾ സൂക്ഷിച്ച മുറിയിലാണ് തീ ആദ്യം പടർന്നുപിടിച്ചതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. 
ഇവിടെ നിന്ന് ഉയർന്ന കനത്തപുക കാരണം സമീപത്തെ തീവ്രപരിചരണ വിഭാഗം ഒഴിപ്പിക്കുകയായിരുന്നു. കനത്ത പുക മൂലം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന 23 രോഗികളെയാണ് ഒഴിപ്പിച്ചത്. ഇവരെ മറ്റൊരു വിഭാഗത്തിലേക്ക് മാറ്റി. അഗ്നിബാധ കാരണം ആളപായമോ ആർക്കെങ്കിലും പരിക്കോ നേരിട്ടിട്ടില്ല. 
മെയിന്റനൻസ് ജോലികളുടെ കരാർ ലഭിച്ച കമ്പനി ബാറ്ററി റൂമിൽ പതിവ് അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെയാണ് തീ പടർന്നുപിടിച്ചതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. സിവിൽ ഡിഫൻസ് സംഘങ്ങൾ തീയണച്ചു. സംഭവത്തിൽ സുരക്ഷാ വകുപ്പുകൾ വിശദമായ അന്വേഷണം ആരംഭിച്ചതായും ബന്ധപ്പെട്ടവർ പറഞ്ഞു.
 

Tags

Latest News