ജി 20: ലോകത്തിന് ഇന്ത്യയുടെ ആതിഥേയത്വം

രാഷ്ട്രങ്ങൾക്കിടയിൽ ധാരാളം ഗ്രൂപ്പുകൾ ഉണ്ട്. രാജ്യങ്ങളുടെ എണ്ണത്തിന്നനുസരിച്ചാണ് നമ്പർ ഇടുന്നത്.  രണ്ടു രാഷ്ട്രങ്ങൾ ചേർന്നാൽ ജി2 ആയി. 24 രാഷ്ട്രങ്ങളുടെ കൂട്ടായ്മ വരെ ഇപ്പോൾ നിലവിലുണ്ട്. ചിലതിലെല്ലാം ഇന്ത്യക്ക് അംഗത്വമുണ്ട്.  ചിലതിൽ ക്ഷണിതാവായി പങ്കെടുക്കാൻ അവസരം കിട്ടാറുണ്ട്. അമേരിക്കൻ വലയത്തിലുള്ള ജി7 രാഷ്ട്ര കൂട്ടായ്്മ പ്രത്യേകം ശ്രദ്ധേയമാണ്. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, ജർമനി, ജപ്പാൻ, കാനഡ എന്നിവയാണ് ഈ ഏഴ് രാഷ്ട്രങ്ങൾ. ഇവർക്കൊപ്പം റഷ്യ കൂടി ഉൾപ്പെടുന്നതാണ് ജിഎട്ട്.  ഇവയിൽ ഇന്ത്യ ഇല്ല.  ജിഇരുപതിൽ ഉണ്ടെങ്കിലും 23 ൽ ഇല്ല. 
ഇപ്പോൾ വളരെയേറെ  ചർച്ച ചെയ്യപ്പെടുന്നത് ജി20 കൂട്ടായ്മയെ കുറിച്ചാണ്. ഇത്തവണ അതിന്റെ അധ്യക്ഷൻ ഇന്ത്യയാണ് എന്നത് തന്നെ പ്രധാനം. ഇത് ഒരു അവസരമാണ്.  മഹത്വം എന്നോ നേട്ടം എന്നോ പറയാൻ സാധിക്കില്ല.  ഓരോ വർഷവും ഓരോ അംഗ രാജ്യത്തിനും നൽകുന്നതാണ്.  അക്ഷരമാല ക്രമത്തിൽ അധ്യക്ഷ പദവി എന്ന് തോന്നലുണ്ടെങ്കിലും പലപ്പോഴും അത് പാലിക്കപ്പെട്ടു കാണുന്നില്ല  നമ്മേക്കാൾ പ്രാധാന്യം കുറഞ്ഞ ഓസ്ട്രേലിയ, അർജന്റീന ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ ഇതിനകം അധ്യക്ഷ പദവി അലങ്കരിച്ചു കഴിഞ്ഞു.  രണ്ടു മൂന്നു രാജ്യങ്ങളേ ഇനി ബാക്കിയുള്ളൂ.  ഈ വർഷം ഇന്ത്യയാണെങ്കിൽ 2024 ൽ ബ്രസീൽ, 2025 ൽ സൗത്ത് ആഫ്രിക്ക എന്നിവക്ക് നായകത്വം ലഭിക്കുന്നതോടെ ആദ്യ റൗണ്ട് പൂർത്തിയാകും.  1999 ൽ രൂപംകൊണ്ട ഈ കൂട്ടായ്മയുടെ ആസ്ഥാനം മെക്‌സിക്കോ ആണ്.  ആദ്യ ഘട്ടത്തിൽ ധനകാര്യ മന്ത്രിമാരും റിസർവ് ബാങ്ക് ഗവർണർമാരെ പോലെയുള്ള സാമ്പത്തിക വിദഗ്ധരും ഒക്കെയാണ് സമ്മേളിച്ചിരുന്നതെങ്കിൽ 2008 മുതൽക്കാണ് രാഷ്ട്രങ്ങൾ ഓരോന്നായി നായക സ്ഥാനം ഏറ്റെടുത്തു തുടങ്ങിയത്.  ആ വർഷം അമേരിക്കയായിരുന്നു അധ്യക്ഷൻ. തുടർന്ന് ബ്രിട്ടനും.  അമേരിക്കയും റഷ്യയും ചൈന, ബ്രിട്ടൻ, ജപ്പാൻ എന്നിവയും ഒരേ സമയത്തു ഈ കൂട്ടായ്മയിൽ ഉണ്ടെന്നത് ഒരു സവിശേഷതയാണ്.  
അതുകൊണ്ട് തന്നെ കരുത്തു കൊണ്ടും വലിപ്പം കൊണ്ടും ജി20 ഒരു വൻശക്തിയാണ്.   ആഗോള സാമ്പത്തിക വരുമാനത്തിന്റെ 85 ശതമാനവും ലോക വ്യാപാരത്തിന്റെ 75 ശതമാനവും ഇത് ഉൾക്കൊള്ളുന്നു. ജനസംഖ്യയുടെ കാര്യമാണെങ്കിൽ ഇന്ത്യയും ചൈനയും മാത്രം ചേർന്നാൽ മതി, ആധിപത്യത്തിന്.
അന്താരാഷ്ട്ര സാമ്പത്തിക സഹകരണമാണ് സഖ്യത്തിന്റെ ആത്യന്തിക ലക്ഷ്യം.  ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നതാണ് നാം മുന്നോട്ടുവെച്ച മുദ്രാവാക്യം.  നാം അതിഥികളായി നിർദേശിച്ചിട്ടുള്ളത് ഈജിപ്ത്, ബംഗ്ലാദേശ്, മ്യാന്മർ, മൊറീഷ്യസ്, ഒമാൻ എന്നിവയാണ്. 
സാധാരണ നവംബർ മാസത്തിലാണ് എല്ലായിടത്തും ഉച്ചകോടി ചേർന്നതെങ്കിലും ഇന്ത്യയിൽ ഈ വർഷം സെപ്റ്റംബറിലാണ് ചേരുന്നത്.
കഴിഞ്ഞ വർഷം തന്നെ ഇന്ത്യയിൽ നടക്കുമെന്ന് ശ്രുതി ഉണ്ടായിരുന്നുവെങ്കിലും സമ്മേളന വേദി കശ്മീർ നിർദേശിച്ചത് ചൈനയുൾപ്പെടെ ചില അംഗരാജ്യങ്ങൾ ബഹിഷ്‌കരണ ഭീഷണി ഉയർത്തിയതിനാൽ ഇന്തോനേഷ്യയിലേക്ക് മാറുകയായിരുന്നു. ഈ സെപ്റ്റംബറിൽ ദൽഹിയിൽ ആയിരിക്കും ജി20 ഉച്ചകോടി നടക്കുക. വലിയ ആഘോഷമാക്കിയാണ് നാം അധ്യക്ഷ പദവി ഏറ്റെടുത്തത്.  ഡിസംബർ ഒന്നിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ നൂറു സ്മാരക മന്ദിരങ്ങൾ ദീപാലംകൃതമാക്കി സ്ഥാനലബ്ധി അടയാളപ്പെടുത്തി.  മുംബൈയിലെ താജ് ഹോട്ടൽ ത്രിവർണ പതാകയുടെ നിറങ്ങളിൽ അലങ്കരിച്ചു.  ലോഗോ പ്രകാശനവും വെബ്‌സൈറ്റും ആഘോഷമാക്കി.  ഇത്ര ഒക്കെ വേണമോ എന്ന് ചോദിച്ചവരും ഇല്ലാതില്ല. ഇതിലും വലിയ ലോക ശക്തി വ്യൂഹത്തിനു ഇന്ത്യ മുമ്പും വേദിയായിട്ടുണ്ട്.  ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോൾ എൺപതുകളുടെ ആദ്യത്തിൽ ചേരിചേരാ രാഷ്ട്ര ഉച്ചകോടിയിൽ നൂറിലേറെ രാഷ്ട്രത്തലവന്മാർ ഇന്ത്യയിൽ സമ്മേളിച്ചിരുന്നു. കോമൺവെൽത്ത് രാഷ്ട്ര ഉച്ചകോടിയും ഇന്ത്യയിൽ നടന്നിരുന്നു. എലിസബത്ത് രാജ്ഞി അടക്കം പാക്കിസ്ഥാൻ പ്രസിഡന്റ് ഉൾപ്പെടെ നാൽപതിലേറെ രാഷ്ട്രത്തലവന്മാർ അന്ന് ദൽഹിയിൽ സമ്മേളിച്ചതിനു പുറമെ ഒരു ദിവസം ഗോവയിൽ ഉല്ലാസ യാത്രയും നടത്തിയിരുന്നു.  ചൈന, റഷ്യ, പാക്കിസ്ഥാൻ, ഇറാൻ എന്നിവരുൾപ്പെടുന്ന ഷാൻഗായി ഉച്ചകോടിയും ഈ വർഷം മെയ് മാസത്തിൽ ഗോവയിൽ നടക്കുന്നുണ്ട്. 
ഉക്രൈൻ യുദ്ധം ബാലി (ഇന്തോനേഷ്യ) ഉച്ചകോടിയിൽ നിഴൽ വീഴ്ത്തുകയുണ്ടയി.  ഉക്രൈൻ പ്രസിഡന്റ് സെലൻസ്‌കി ക്ഷണിതാവാണെന്നറിഞ്ഞപ്പോൾ റഷ്യൻ പ്രസിഡന്റ് പുട്ടിൻ വരില്ലെന്നായി. റഷ്യ ഉണ്ടെങ്കിൽ വരില്ലെന്ന് മറ്റു ചില പ്രമുഖ രാഷ്ട്രത്തലവന്മാരും പറഞ്ഞു. പുട്ടിൻ വന്നില്ല.  പകരം വിദേശകാര്യ മന്ത്രിയെ അയച്ചു. ഉക്രൈൻ പ്രസിഡന്റ് വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ചു.  
ഉക്രൈൻ യുദ്ധം ഇപ്പോഴും തുടരുന്നുണ്ട്.  കൂടുതൽ വഷളാകാൻ സാധ്യതയുണ്ട്. പല യൂറോപ്യൻ രാജ്യങ്ങളിലും അത് വൻകെടുതികൾ വരുത്തിയിട്ടുണ്ട്. അഭയാർത്ഥി പ്രശ്‌നം, അവരുടെ പുനരധിവാസം, ജോലി എല്ലാം യൂറോപ്പിന്റെ നട്ടെല്ല് ഒടിച്ചിരിക്കയാണ്. ബ്രിട്ടനും ഫ്രാൻസും വൻ സമ്പത്തിക തകർച്ചയിലാണ്. തുർക്കി ജിഇരുപതിൽ ഉണ്ട്. അവിടെ ഈയിടെ ഉണ്ടായ ഭൂകമ്പവും പുനരധിവാസവും ഉച്ചകോടിയിൽ പ്രതിഫലിച്ചു കൂടായ്കയില്ല. 
ഈ ഉച്ചകോടി നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരതയെ കുറിച്ച് ലോകത്തിനു ഉൾക്കാഴ്ച നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവനയും സുപ്രധാനമാണ്.  ബഹുസ്വരതയെ തകർക്കുന്ന പല പ്രവണതകളും നാട്ടിൽ വർധിച്ചു വരുന്നുണ്ട്.  നിഷേധിച്ചിട്ടും വ്യാഖ്യാനിച്ചിട്ടും കാര്യമില്ല. ഇക്കാര്യത്തിൽ ശക്തമായ ഒരു തിരിച്ചുപോക്കിനും തിരുത്തലിനും നാം തയാറാവണം. ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യവും മൂല്യങ്ങളും ഉറപ്പു വരുത്തണമെന്ന് യൂറോപ്യൻ പാർലമെന്റിൽ നിന്നും ജർമനിയിൽ നിന്നും നാം കേട്ടു. നമ്മുടെ 'മാനസ പുത്രൻ'  ഋഷി തന്നെ ബ്രിട്ടീഷ് പാർലമെന്റിൽ നമ്മെ അപലപിച്ചു സംസാരിച്ചു. ഇന്ന് നമ്മുടെ പാർലമെന്റിനകത്തു വെച്ചു പോലും പ്രധാനമന്ത്രിയെ വിമർശിക്കാൻ സാധിക്കയില്ല. അത്തരം വിമർശനങ്ങൾ സഭ നടപടികളിൽ നിന്ന് നീക്കം ചെയ്യുന്നതും നാം കാണുകയുണ്ടായി. ഇതെല്ലാം ലോകം കാണുന്നുണ്ടെന്ന് നാം അറിയണം. ഉച്ചകോടികളുടെ നിറവിൽ നാം ലോകത്തിന്റെ നെറുകയിലേക്ക് ഉയരുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കാതെ പോകരുത്. 
യഥാർത്ഥ ബഹുസ്വരത എന്താണ് എന്ന് നാം പഠിക്കണം. ജനങ്ങളെ ബോധവൽക്കരിക്കണം. അതൊരു താൽക്കാലിക ഏർപ്പാട് ആകരുത്. സ്ഥിരം സംവിധാനമാകണം. അപ്പോൾ മാത്രമേ നമ്മുടെ ബഹുസ്വരതയെ കുറിച്ച് ലോകത്തിന് ഉൾക്കാഴ്ച ഉണ്ടാവുകയുള്ളൂ. ജി20 ന്റെ യഥാർഥ സത്ത അപ്പോഴേ അർത്ഥവത്താവുകയുള്ളൂ.  

Latest News