Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മരുന്നും ഭക്ഷ്യവസ്തുക്കളുമായി സൗദി വിമാനം സിറിയയിലെ അലപ്പോയില്‍

റിയാദ്- സൗദി അറേബ്യ അയച്ച റിലീഫ് വസ്തുക്കള്‍ വഹിച്ച വിമാനം സിറിയയിലെ അലപ്പോ അന്താരാഷ്ട്ര എയര്‍പോര്‍ട്ടിലെത്തി. വിമാനത്തില്‍ 35.3 ടണ്‍ ഭക്ഷ്യവസ്തുക്കളും മരുന്നുകളും മറ്റു റിലീഫ് വസ്തുക്കളുമാണുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം തുര്‍ക്കിയില്‍ നിന്ന് 11 ട്രെയിലറുകളില്‍ സൗദി അറേബ്യ റിലീഫ് വസ്തുക്കള്‍ സിറിയയിലെത്തിച്ചിരുന്നു. പതിനൊന്നു വര്‍ഷം മുമ്പ് ആരംഭിച്ച സിറിയന്‍ ജനകീയ പ്രക്ഷോഭങ്ങളെ രക്തത്തില്‍ മുക്കിക്കൊന്ന സിറിയന്‍ ഭരണകൂടവുമായി സൗദി അറേബ്യക്ക് നിലവില്‍ നയതന്ത്രബന്ധമില്ല.
സിറിയയിലെ ഭൂകമ്പബാധിതര്‍ക്ക് സൗദി അറേബ്യ വിമാന മാര്‍ഗം അയക്കുന്ന ആദ്യ ലോഡ് റിലീഫ് വസ്തുക്കളാണ് അലപ്പോ എയര്‍പോര്‍ട്ട് വഴി എത്തിച്ചത്. സിറിയയിലെയും തുര്‍ക്കിയിലെയും ഭൂകമ്പബാധിതര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ സൗദി അറേബ്യ ഏഴു വിമാന ലോഡ് റിലീഫ് വസ്തുക്കള്‍ എത്തിച്ചിരുന്നു. തുര്‍ക്കിയിലെ വിവിധ എയര്‍പോര്‍ട്ടുകള്‍ വഴിയാണ് ഏഴു വിമാന ലോഡ് റിലീഫ് വസ്തുക്കളും എത്തിച്ചത്.
ട്രെയിലറുകള്‍ വഴി സിറിയയില്‍ 104 ടണ്‍ റിലീഫ് വസ്തുക്കള്‍ എത്തിച്ചതായി കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍ വക്താവ് ഡോ. സാമിര്‍ അല്‍ജുതൈലി പറഞ്ഞു. ഭൂകമ്പ കെടുകള്‍ക്കിരയായവരെ സഹായിക്കാന്‍ സിറിയയില്‍ 20 കേന്ദ്രങ്ങളില്‍ കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സിറിയയില്‍ റിലീഫ് വസ്തുക്കള്‍ എത്തിക്കാനുള്ള നടപടികള്‍ വളരെ മന്ദഗതിയിലാണ്. റിലീഫ് വസ്തുക്കള്‍ക്കുള്ള ആവശ്യം ഏറെ കൂടുതലുമാണ്. ഈ പശ്ചാത്തലത്തില്‍ ഭൂകമ്പബാധിതരെ സഹായിക്കാന്‍ സിറിയയില്‍ ഐക്യരാഷ്ട്രസഭയുടെ സാന്നിധ്യം അത്യാവശ്യമാണെന്നും ഡോ. സാമിര്‍ അല്‍ജുതൈലി പറഞ്ഞു.
തുര്‍ക്കിയിലെ ഗാസിഅന്റപ് നഗരത്തില്‍ സൗദി മെഡിക്കല്‍ സംഘത്തിന്റെ ഭാഗമായ 19 ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം മാത്രം 500 ലേറെ ഭൂകമ്പബാധിതര്‍ക്ക് ചികിത്സകള്‍ നല്‍കിയതായി സൗദി റെഡ് ക്രസന്റ് അംഗം അബ്ദുല്ല അല്‍റുവൈലി പറഞ്ഞു. ഭൂകമ്പബാധിതര്‍ കഴിയുന്ന താല്‍ക്കാലിക ക്യാമ്പുകളില്‍ സൗദി മെഡിക്കല്‍ സംഘം വലിയ ക്ലിനിക്കുകള്‍ തുറന്നിട്ടുണ്ട്. സൗദി റെഡ് ക്രസന്റ്, സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും സൗദിയില്‍ നിന്നുള്ള വളണ്ടിയര്‍മാരും റിലീഫ്, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഒറ്റ സംഘമെന്നോണമാണ് പ്രവര്‍ത്തിക്കുന്നതെന്നും അബ്ദുല്ല അല്‍റുവൈലി പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News