വാലന്റൈൻസ് ദിനം: ഇന്ത്യയിൽ മുഴങ്ങിയ അപശബ്ദങ്ങൾ

പ്രണയദിനത്തിൽ പശുവിനെ കെട്ടിപ്പിടിക്കുകയെന്ന ബി.ജെ.പി സർക്കാരിന്റെ തീരുമാനം എന്തായാലും പിൻവലിക്കപ്പെട്ടു.  പശുവിന് മറ്റു മൃഗങ്ങളേക്കാൾ സവിശേഷതകളുണ്ട്. സമൂഹമായി ജീവിക്കണമെന്ന ബോധ്യം വന്നതോടെ കാർഷിക വൃത്തിയിലേക്കാണ് മനുഷ്യർ തിരിഞ്ഞത്. കൃഷിക്ക് പോഷക ഗുണമുള്ള വളം എക്കാലത്തേക്കും മികച്ചതെന്ന് ശങ്കലേശമെന്യേ തെളിയിക്കപ്പെട്ടതാണ് പശുവിന്റെ ചാണകവും മൂത്രവും. ഒരു ഏക്കർ ഭൂമിയിൽ കൃഷിയിറക്കാൻ ഒരു പശു ധാരാളമാണ്. ശുദ്ധമായ പശുവിൻപാൽ മനുഷ്യ വളർച്ചക്കും ആയുർവേദത്തിൽ മരുന്നുകൾക്കും പകരംവെക്കാനില്ലാത്ത ഔഷധ മൂല്യമുള്ളതാണ്. ഇതൊക്കെക്കൊണ്ട് പശു മനുഷ്യരുടെ സന്തത സഹചാരിയും അഭേദ്യമാംവണ്ണം സമ്പദ്്്ഘടനയുടെ നട്ടെല്ലുമായി. ധനവും ഐശ്വര്യവും നൽകുന്ന ഈ മൃഗത്തെ ആരാധനാപൂർവമാണ് പരിഗണിച്ചിരുന്നത്. എന്നാൽ അവയെ അറുക്കുകയും ഭക്ഷിക്കുകയും ചെയ്തിരുന്നു പണ്ടുകാലങ്ങളിൽ. വേദങ്ങളിൽ പശുവിന് പരാമർശിക്കുന്നത്, യാഗത്തിൽ ഹനിക്കപ്പെടുന്ന ജീവി എന്ന നിലക്കാണ്.
ഇന്ത്യയുടെ വിശ്വാസ സംഹിത പരമ്പരാഗതമായിത്തന്നെ നാനാത്വമാണ്. അതുകൊണ്ടാണ് ഒരേയൊരു പരാശക്തി ഉണ്ടെന്ന് ഭാവിക്കുമ്പോഴും മുപ്പത്തിമുക്കോടി ദൈവങ്ങൾ ഇന്ത്യക്കുണ്ടെന്ന് ഭംഗ്യന്തരേണ പറയപ്പെടാറുള്ളത്. അതിനകത്ത് പശു അമ്മയാണെന്നും ദൈവമാണെന്നും ആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കിൽ അതിന്റെ യുക്തിഭദ്രത ചോദ്യം ചെയ്യപ്പെടേണ്ടതില്ല. 
ഒരു രാജ്യമെന്ന നിലക്ക് പശുവിനെ അറുക്കുന്നതും പശുവിറച്ചി വിൽക്കുന്നതും ഇന്ത്യൻ സർക്കാരുകൾ എന്നും പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. പിങ്ക് റെവല്യൂഷൻ എന്നാണതിന്റെ ഓമനപ്പേര്. ഇന്ത്യ ബീഫ് കയറ്റുമതിയിൽ രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനം ബ്രസീലിനാണ്. ഒന്നാം സ്ഥാനത്തെത്തിക്കുമെന്നാണ് നരേന്ദ്ര മോഡിയുടെ അവകാശവാദം.
 ഇന്ത്യയിലെ മുൻനിര ബീഫ് കയറ്റുമതി കമ്പനികൾ മുസ്‌ലിംകളുടേതല്ല. അവയെല്ലാം ഹിന്ദുക്കളുടേതാണെന്ന് മാത്രം പറഞ്ഞാലും പോരാ. സംഘ് പരിവാർ സഹയാത്രികരാണ് അവരെല്ലാം. വാലന്റൈൻ ദിവസത്തിൽ പശുവിനെ ആലിംഗനം ചെയ്യണമെന്ന് ഉത്തരവ് വന്നത് രാഷ്ട്രീയ മുതലെടുപ്പിന് മാത്രമാണ്. രാഷ്ട്രീയമെന്നതിൽ മുക്കാലേമുണ്ടാണിയും കുതന്ത്രങ്ങളാണ് എന്നിരിക്കിലും ബി.ജെ.പി പയറ്റുന്നത് അതീവ ഭയാനകമായ ധ്രുവീകരണ രാഷ്ട്രീയമാണ്. അതിലേക്ക് പശു ഇടയ്ക്കിടെ തലവെച്ചുകൊടുക്കേണ്ടി വരുന്നുവെന്നത് ഖേദകരമാണ്.
 ഇപ്പോൾ പേരു മാറ്റലിന്റെ കാലമാണ്. മുസ്‌ലിം, ക്രിസ്ത്യൻ പേരുകളൊക്കെ ഹിന്ദുപേരുകളാക്കുക. അങ്ങനെയാണ് വാലന്റൈൻ ദിനം പശുവിനെ ആശ്ലേഷിക്കുന്ന ദിവസമായി പുനർഭവിക്കുന്നത്. താജ്മഹൽ തേജോ മഹോൾ എന്ന ക്ഷേത്രമായിരുന്നുവെന്ന് പഠിപ്പിക്കുന്നത്. 
മക്ക ഹിന്ദുക്കളുടേതായിരുന്നു എന്ന് പ്രചരിപ്പിക്കുന്നത്. ഹിന്ദുവെന്നാൽ രൗദ്രഭാവ സമഷ്ടിയുടെ ആശയമാണെന്ന പൊതുബോധം സൃഷ്ടിക്കുന്നതിൽ വിജയിക്കുകയാണ് ഈ രാഷ്ട്രീയം. ആകെയുള്ള കൈമുതലും അതാണ്. 121 രാജ്യങ്ങളുടെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 107 ാം സ്ഥാനത്താണ്. പട്ടിണിയാണെങ്കിലും സന്തോഷമാവാമെന്ന് വെച്ചാലോ, 156 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 122. നമുക്ക് പിന്നിൽ സാർക് രാജ്യങ്ങളിൽ അഫ്ഗാനിസ്ഥാൻ മാത്രം.
 ഇക്കാലമത്രയും വാലന്റൈൻ ദിവസം ആചരിക്കുന്നവരെ തെരെഞ്ഞുപിടിച്ച് ശിക്ഷിക്കുന്ന ഒട്ടനവധി കേസുകൾ വിവിധ പ്രദേശങ്ങളിൽ നടന്നിട്ടുണ്ട്. അതിനൊക്കെ നേതൃത്വം കൊടുത്തിരുന്നത് സംഘ്പരിവാർ സംഘടനകളുമായിരുന്നു. യൂറോപ്പിൽ ആചരിച്ചുവരുന്ന ഒരു കാര്യമാണിത്. ഇതിന് പ്രണയിനികളുടെ ദിവസമെന്ന ചീത്തപ്പേരുണ്ടെങ്കിലും പ്രണയവുമായി കാര്യമായ ബന്ധമൊന്നും ഇതിനില്ല.  വാലെന്റൈൻ ഒരു ക്രിസ്ത്യൻ സന്ന്യാസിയായിരുന്നു. അദ്ദേഹം രക്തസാക്ഷിത്വം വരിച്ചയാളാണ്. അദ്ദേഹത്തോടുള്ള ആദരസൂചകമായിട്ടാണ് ഈ ആചാരം സമാരംഭിച്ചത്. 
എ.ഡി ഒന്നാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനുമിടയിൽ  റോമൻ സാമ്രാജ്യത്തിലെ ക്രിസ്ത്യാനികൾക്കെതിരായ പീഡനം സാധാരണമായിരുന്നു. കണ്ണിന് കാഴ്ചയില്ലായിരുന്ന ജയിലറുടെ മകൾക്ക് കാഴ്ച തിരിച്ചുകിട്ടാൻ വാലന്റൈൻ കാരണമായി. അദ്ദേഹം തൂക്കിലേറ്റപ്പെടുന്നതിന് തൊട്ടുമുമ്പ് ആ മകൾക്ക് 'എന്ന് നിന്റെ വാലന്റൈൻ' എന്നെഴുതിയ കത്തയച്ചുവെന്ന് പറയപ്പെടുന്നു. സ്‌നേഹത്തിന്റെ, കരുതലിന്റെ, ആർദ്രതയുടെ മാനുഷ ഭാവമായിട്ട് രക്തസാക്ഷി വാലന്റൈൻ സ്ന്ന്യാസി നമ്മുടെ മുമ്പിലുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ സ്മരണാർത്ഥം നമ്മൾ ആചരിക്കുമ്പോൾ എവിടെനിന്നോ കടന്നുകൂടിയ വ്യതിചലനമാണ് കമിതാക്കളുടെ പ്രണയ ദിനമായി മാത്രം ഇത് മാറ്റപ്പെട്ടത്. പ്രാപഞ്ചിക നന്മയായ കാരുണ്യത്തെ ചപലമായ പ്രണയ ചേഷ്ടകളിലേക്ക് പുനരവതരിപ്പിച്ചത് കച്ചവട തട്ടിപ്പാണ്. അതിനെ രാഷ്ട്രീയ തട്ടിപ്പാക്കുകയാണ് കേന്ദ്ര ഗവണ്മെന്റ് ചെയ്യുന്നത്. ഇത് വ്യക്തതയോടെ തിരിച്ചറിയുകയെന്നതാണ് രാജ്യസ്‌നേഹികൾ തിരിച്ചറിയേണ്ടത്.
 എ.ഡി 269 ന് റോമിൽ, ജയിലിൽ മരിക്കുകയും ഫ്‌ലെമിനയിലേക്കുള്ള പാതയിൽ മറയടക്കപ്പെടുകയും ചെയ്ത വാലന്റൈൻ ആണ് പ്രധാനമായും പരാമർശിക്കപ്പെടുന്നത്. പിന്നീട് അദ്ദേഹത്തിന്റെ തിരുശേഷിപ്പുകൾ മറ്റു ദേവാലയങ്ങളിലേക്ക് മാറ്റുകയും അവ തീർത്ഥാടന കേന്ദ്രങ്ങളാകുകയും ചെയ്തു. പതിനാല് പതിനഞ്ച് നൂറ്റാണ്ടുകൾ കാൽപനികതയുടെ കാലമായാണ് അറിയപ്പെട്ടത്. അതോടെ വാലന്റൈൻ പ്രണയ പരിവേഷത്താൽ വിജൃംഭിതമായി പ്രണയ ജോഡികൾ സമ്മാനങ്ങളും പോസ്റ്റ് കാർഡുകളും കൈമാറുവാൻ തുടങ്ങി. പത്തൊമ്പതാം നൂറ്റാണ്ട് മുതലാളിത്ത വ്യവസ്ഥയുടെ പ്രാരംഭമാകയാൽ, ദിനാചരണം എന്നത് ഒരാഴ്ച നീണ്ടുനിൽക്കുന്ന വാലന്റൈൻസ് പരിപാടികളായി പുരോഗതി പ്രാപിച്ചു. ഇന്നത് യൂറോപ്പും കടന്ന് ലോകമാകെ ആചരിക്കുവാൻ തുടങ്ങി. അതിലേക്കിപ്പോൾ സാധാരണ ജീവിയായിരുന്ന പാവം പശു കാമധേനുവായി, അഭീഷ്ടങ്ങളെല്ലാം സാധിച്ചുകൊടുക്കുന്ന പ്രണയിനിയായ ദിവ്യപശു പുനഃസ്ഥാപിക്കപ്പെട്ടു.
 സ്‌നേഹവും പശുവും മഹാമൂല്യങ്ങളും ജീവജാലങ്ങളും മനുഷ്യർക്കു വേണ്ടി സംവിധാനിച്ചവയാണ്. ഗുജറാത്തിൽനിന്നുള്ള ഏറ്റവും മനോഹര ഗീതമാണ് 'ആകാശ് ഗംഗ സൂര്യ ചന്ദ്ര് താരാ' എന്നുള്ള, ദേശീയ ഐക്യത്തെയും സമാധാനത്തെയും കുറിച്ചുള്ള നീനു മജുംദാറിന്റെ  രചന. താരാപഥങ്ങളും ഇന്ദ്രനും ചന്ദ്രനും രാവും പകലും കടലും കരയും നദികളുമൊന്നും ആരുടേതുമല്ല. അഥവാ എല്ലാവരുടേതുമാണ്. ഈ സത്യത്തിന് മുന്നിൽ ഇത്തരം പരിരംഭണ ദിനങ്ങൾ ദുരുപദിഷ്ടിത ദൃക്കുകളോടെ തങ്ങളുടേതാക്കാൻ വിഫല ശ്രമം നടത്തുന്നവർ ഇന്ത്യയെ കണ്ടെത്തുവാൻ ശ്രമിക്കുക.

Latest News