നെൽപാടങ്ങളിൽ മകരക്കൊയ്ത്ത് സജീവമായി നടക്കുകയാണ്. കൃഷി ഉപജീവമാക്കിയവർക്ക് വിളവെടുപ്പ് ഏറെ പ്രധാനപ്പെട്ടതാണ്. കാരണം,അവരുടെ നിത്യജീവിതത്തിനുള്ള വരുമാനം വരുന്നത് അതിൽ നിന്നാണ്. മറ്റൊരർത്ഥത്തിൽ അവർക്ക് ജീവിതം തന്നെയാണ് കൃഷി.
കർഷകരുണ്ടാക്കുന്ന ഉൽപന്നങ്ങളാണ് സമൂഹത്തിന്റെ വിശപ്പകറ്റുന്നതിൽ പ്രധാനമെന്നത് പലപ്പോഴും ജനങ്ങൾ ചിന്തിക്കാറില്ല. സൂപ്പർ മാർക്കറ്റിൽ നിന്ന് ലഭിക്കുന്ന അരി എങ്ങനെ അവിടെയെത്തുന്നുവെന്നും മിക്കവരും ചിന്തിക്കാറില്ല. മാസങ്ങൾ വിയർപ്പെഴുക്കി കർഷകൻ അധ്വാനിച്ചുണ്ടാക്കുന്ന വിളവ് ഒരുനാൾ നിലച്ചാൽ എന്തു സംഭവിക്കുമെന്നും ആരും ചിന്തിക്കാറില്ല.
കർഷകരുടെ ജീവിതത്തിൽ ഓരോ വിളവും ഓരോ പരീക്ഷണമാണ്. കൃഷിയോടുള്ള താൽപര്യം, സമൂഹത്തിന്റെ ഭക്ഷ്യസുരക്ഷയെ കുറിച്ചുള്ള ഉത്തരവാദിത്തം, ലാഭമുണ്ടാക്കാനുള്ള നിക്ഷേപം തുടങ്ങി പല രീതിയിൽ കൃഷിയെ സമീപിക്കുന്ന കർഷകരുണ്ട്. ഇവർക്കെല്ലാം തന്നെ ഓരോ തവണത്തെ കൃഷിയും പരീക്ഷണങ്ങളുടേതാണ്. നഷ്ടം സംഭവിക്കാനുള്ള സാധ്യതകൾ ഏറിവരുമ്പോൾ കാർഷിക മേഖലയിൽ നിന്ന് പിന്തിരിഞ്ഞു നടക്കുന്നവരും കുറവല്ല.
മലബാറിലും കൃഷിയിടങ്ങളുടെ വലിപ്പം കുറഞ്ഞു വരികയാണ്. കാലങ്ങളായുള്ള വയൽനികത്തൽ തുടർന്നു കൊണ്ടേയിരിക്കുന്നു. ഉൽപാദനം വർധിപ്പിക്കുന്നതിനുള്ള ത്ര്രന്തങ്ങളൊന്നും ഏറെയൊന്നും വിജയിക്കാത്തതിനാൽ നെല്ലിന്റെ ലഭ്യതയിലും കുറവു വന്നിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് അരിയും അനുബന്ധ ഉൽപന്നങ്ങളും യഥേഷ്ടം എത്തുന്നതുകൊണ്ട് അതിനെ കുറിച്ച് ആരും വേവലാതിപ്പെടാറില്ല.
വരാനിരിക്കുന്ന നാളുകളിലും നെൽകൃഷിയുടെ അളവ് കുറയുമെന്നതിനാൽ ഈ മേഖലയിലേക്ക് കടന്നു വരുന്നവരുടെ എണ്ണത്തിലും കുറവുണ്ടാകും.
കർഷകരെ കാർഷിക വൃത്തിയിൽ പിടിച്ചുനിർത്തുന്നതിനുള്ള സാഹചര്യങ്ങളല്ല നിലവിലുള്ളത് എന്നതാണ് പ്രധാന ഭീഷണി. കൃഷിയിടങ്ങളിൽ ചെലവുകൾ വർധിക്കുകയും നെല്ലിന്റെ താങ്ങുവില വർധിക്കാതെ നിൽക്കുകയും ചെയ്യുന്നത് കർഷകർക്ക് വലിയ പ്രതിസന്ധിയാണ്. ട്രാക്ടർ ഉൾപ്പെടെയുള്ള കാർഷികോപകരണങ്ങളുടെ വാടകയിൽ വലിയ വർധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇന്ധന വിലവർധന ഈ മേഖലയിലും സൃഷ്ടിക്കുന്ന അധികച്ചെലവ് പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്നു. തൊഴിലാളികളുടെ കൂലി, വളങ്ങളുടെ വലിയ തോതിലുള്ള വിലവർധന തുടങ്ങി കാർഷിക വൃത്തി നഷ്ടത്തിലേക്ക് പോകുന്നതിനുള്ള എല്ലാ സാഹചര്യവും നിലനിൽക്കുന്നു. നഷ്ടം സഹിച്ചും കൃഷിയെ സ്‌നേഹിക്കുന്നവർ ഈ തൊഴിൽ തുടരണമെന്ന് ആവശ്യപ്പെടാനുമാകില്ല.
കൊയ്‌തെടുക്കുന്ന നെല്ല് വിൽക്കുന്നതിനും അതിന്റെ പണം ലഭിക്കുന്നതിനും കർഷകർ നേരിടുന്ന പ്രയാസങ്ങൾക്ക് അറുതി വന്നിട്ടില്ല. സംസ്ഥാന കൃഷി വകുപ്പിന് വേണ്ടി സിവിൽ സപ്ലൈസ് കോർപറേഷൻ താങ്ങുവിലയിൽ നെല്ല് സംഭരിക്കുന്നുണ്ടെങ്കിലും അതിന്റെ നൂലാമാലകൾ, അഭ്യസ്ത വിദ്യരല്ലാത്ത കർഷകരെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. മുൻവർഷങ്ങളിൽ സുഗമമായി നടന്നു വന്നിരുന്ന നെല്ല് സംഭരണം ഇത്തവണ കൂടുതൽ സങ്കീർണമായിരിക്കുകയാണ്.
നെല്ല് കച്ചവടത്തിലെ ഇടനിലക്കാരുടെ ക്രമക്കേടുകൾ സാധാരണ കർഷകരെ വിഷമിപ്പിക്കുകയാണ്. ക്രമേക്കേടുകൾ കണ്ടെത്താൻ സർക്കാർ ആരംഭിച്ച വിജിലൻസ് പരിശോധന സാധാരണക്കാരായ കർഷകരെയാണ് വലയ്ക്കുന്നത്.
സിവിൽ സപ്ലൈസ് കോർപറേഷൻ വഴി ഓരോ കർഷകന്റെയും കൈയിൽ നിന്ന് സംഭരിക്കുന്ന നെല്ലിന്റെ മറവിൽ, അന്യസംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുന്ന നെല്ല് സർക്കാരിന് നൽകി ലാഭമുണ്ടാക്കുന്ന ഇടനിലക്കാരുടെ പ്രവർത്തനങ്ങളാണ് ഇപ്പോൾ പരിശോധിക്കപ്പെടുന്നത്. ഇതിന്റെ ഭാഗമായി നെല്ലു സംഭരണത്തിൽ കൊണ്ടുവന്ന കർശന നിർദേശങ്ങൾ സാധാരണക്കാരായ കർഷകരെ വലയ്ക്കുകയാണ്. കർഷകർ അവർ വിളയിച്ചെടുത്ത നെല്ല് മാത്രമേ സർക്കാരിന് നൽകുന്നുള്ളൂ എന്ന് ഉറപ്പാക്കാൻ കർശന നിബന്ധനകളാണ് കൊണ്ടുവന്നിരിക്കുന്നത്.
ഇത് നെല്ല് സംഭരണം വൈകുന്നതിനും കർഷകന് യഥാസമയം പണം ലഭിക്കാതിരിക്കുന്നതിനും കാരണമാകുന്നു. കൃഷി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മാത്രമേ നെല്ല് സംഭരണം നടത്താവൂ എന്ന നിബന്ധന വന്നതോടെ പലയിടത്തും സംഭരണം വൈകുകയാണ്.
മകരത്തിൽ കൊയ്‌തെടുക്കുന്ന നെല്ലിനൊപ്പം തന്നെ കർഷകർക്ക് വരുമാനം ലഭിക്കുന്നതാണ് വൈക്കോൽ. എന്നാൽ ഇത്തവണ വൈക്കോലിനും ആവശ്യക്കാർ കുറഞ്ഞതോടെ കർഷകർ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്.
വൈക്കോൽ വിൽപന നടത്തിയുള്ള വരുമാനത്തിലൂടെ കൃഷിയുടെ ചെലവിന്റെ ഒരു ഭാഗം തിരിച്ചു കിട്ടുമെന്നാണ് കർഷകന്റെ പ്രതീക്ഷ. എന്നാൽ ഇത്തവണ വൈക്കോലിന് ആവശ്യക്കാരില്ലാതെ വന്നതോടെ ആ പ്രതീക്ഷയും അസ്തമിച്ചിരിക്കുകയാണ്. പിന്നീട് വിൽക്കാമെന്ന കണക്കുകൂട്ടലിൽ വൈക്കോൽ സംഭരിച്ച് വെക്കുന്നതിനുള്ള സ്ഥലസൗകര്യമില്ലാത്തവരാണ് ഏറെ പേരും. കർഷകർ നേരിടുന്ന ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് വൈക്കോൽ സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കാൻ കൃഷി വകുപ്പ് തയാറാകേണ്ടതുണ്ട്.
സർക്കാരിന്റെ കീഴിലുള്ള ഫാമുകളിലേക്കുള്ള വൈക്കോൽ കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്നതിനും സംവിധാനങ്ങൾ ആവശ്യമാണ്. നിലവിൽ ഏജന്റുമാർ മുഖേന അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഈ ഫാമുകളിലേക്ക് വൈക്കോൽ എത്തുന്നുണ്ട്.
കാർഷിക മേഖലയിലെ പ്രതിസന്ധികൾ യഥാസമയം പരിഹരിച്ചാൽ മാത്രമേ കർഷകരെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് രക്ഷിക്കാനാകൂ. ഒരു വിളയിൽ വരുന്ന നഷ്ടങ്ങൾ അടുത്ത വിളയിൽ പരിഹരിക്കാൻ കഴിയുന്ന ഒന്നല്ല കൃഷി. നഷ്ടം വന്നുകഴിഞ്ഞാൽ അത് കർഷകന് തീരാബാധ്യതയായി മാറും. നെല്ലിന്റെ ഉൽപാദനം വർധിപ്പിക്കുന്നതിന് പ്രായോഗികമായ മാർഗങ്ങൾ കർഷകരെ പരിശീലിപ്പിച്ചും നെല്ലു സംഭരണം കാര്യക്ഷമമായി നടത്തിയും വൈക്കോൽ പോലുള്ള അനുബന്ധ ഉൽപന്നങ്ങൾക്ക് വില ഉറപ്പാക്കിയും കർഷകരെ സഹായിക്കാനുള്ള ഉത്തരവാദിത്തം സർക്കാർ മറക്കരുത്. നാട്ടിൽ നിന്ന് കൃഷി അകന്നു പോകുകയും ഭക്ഷ്യവസ്തുക്കൾക്കായി അതിർത്തിയിലേക്ക് നോക്കിയിരിക്കുകയും ചെയ്യുന്ന അപകടകരമായ അവസ്ഥയിലേക്ക് പൂർണമായും കാർഷിക മേഖലയെ തള്ളിവിടാതിരിക്കേണ്ടതുണ്ട്.






