ന്യൂദല്‍ഹി- കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച സിബിഎസ് പത്താം ക്ലാസ് ഫലത്തില്‍ മാര്‍ക്കു കുറഞ്ഞതിനെ തുടര്‍ന്ന് മൂന്ന് വിദ്യാര്‍ത്ഥികള്‍ ദല്‍ഹിയില്‍ ആത്മഹത്യ ചെയ്തു. വസന്ത്കുഞ്ച് റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഒരു പെണ്‍കുട്ടിയും ദ്വാരക എം ആര്‍ വിവേകാനന്ദ മോഡല്‍ സ്‌കൂളിലെ ഒരു ആണ്‍കുട്ടിയും സ്‌കൂള്‍ ഓഫ് ഓപണ്‍ ലേണിങ്ങിലെ ഒരു 16-കാരിയുമാണ് മാര്‍ക്ക് കുറഞ്ഞതില് മനംനൊന്ത് ജീവനൊടുക്കിയതെന്ന് പോലീസ് അറിയിച്ചു.
വസന്ത്കുഞ്ചില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്റെ മകളായ 15-കാരിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഈ വിദ്യാര്‍ത്ഥിക്ക് 70 ശതമാനം മാര്‍ക്കുണ്ടായിരുന്നു. പ്ലസ്ടു സയന്‍സിന് പ്രവേശനം ലഭിക്കില്ലെന്ന് ആശങ്കപ്പെട്ട വിദ്യാര്‍ത്ഥി കടുത്ത നിരാശ അറിയിച്ചിരുന്നെന്ന് മ്ാതാപിതാക്കള്‍ പറഞ്ഞു.
ദ്വാരകയിലെ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥന്റെ മകനായ 15-കാരന്‍ അമ്മയുടെ ദുപ്പട്ട ഉപയോഗിച്ചാണ് തൂങ്ങിമരിച്ചത്. 59 ശതമാനം മാര്‍ക്ക് നേടിയിരുന്നു. മൂന്നാമത്തെയാള്‍ കൈതണ്ട മുറിച്ച് ദബ്രിയിലെ വീട്ടില്‍ തൂങ്ങിമരിച്ചനിലയും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ആരില്‍ നിന്നും ആത്മഹത്യാ കുറിപ്പുകള്‍ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.