മിന്നു മണി ഇനി ദല്‍ഹി  ക്യാപിറ്റല്‍സ് താരം

മിന്നു

മാനന്തവാടി-ഒണ്ടയങ്ങാടി  കൈപ്പാട്ട് മാവുംകണ്ട മണി-വസന്ത ദമ്പതികളുടെ മകള്‍ മിന്നു മണി ഇനി ദല്‍ഹി ക്യാപിറ്റല്‍സിന്റെ താരം. പ്രഥമ വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി 20 ക്രിക്കറ്റ് താരലേലത്തില്‍  30 ലക്ഷം രൂപയ്ക്കാണ് ദല്‍ഹി ക്യാപിറ്റല്‍സ് മിന്നുവിനെ  ടീമിന്റെ ഭാഗമാക്കിയത്. വനിതാ ഐപി ലീഗിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി താരമാണ് മിന്നു. ബംഗളൂരു റോയല്‍ ചാലഞ്ചേഴ്സ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളും 23കാരിയായ മിന്നുവിനായി രംഗത്തുണ്ടായിരുന്നു.
കേരളത്തില്‍നിന്ന് ഇന്ത്യന്‍ വനിതാ എ ടീമിലെത്തുന്ന ആദ്യ ആദിവാസി യുവതിയാണ് മിന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജൂണിയര്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം, യൂത്ത് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം, പ്രോമിസിംഗ് പ്ലെയര്‍ പുരസ്‌കാരം തുടങ്ങിയവ നേടിയിട്ടുണ്ട്. നിലവില്‍ ഇന്റര്‍സോണ്‍ വനിതാ ക്രിക്കറ്റ് മേഖലാ ടീം അംഗമാണ്. മാനന്തവാടി ജി.വി.എച്ച്.എസ്.എസില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മിന്നു  ക്രിക്കറ്റില്‍ പിച്ചവച്ചത്. കായികാധ്യാപിക എത്സമ്മയാണ് മിന്നുവിലെ താരത്തെ കണ്ടെത്തിയത്. അനുമോള്‍ ബേബി, ഷാനവാസ് എന്നിവരായിരുന്നു ആദ്യ പരിശീലകര്‍. തൊടുപുഴയിലെ ജൂണിയര്‍ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനത്തിനു അസരം ലഭിച്ചത് മിന്നുവിന്റെ കരിയറില്‍ വഴിത്തിരിവായി.

 

Latest News