വോട്ടിങ് യന്ത്രം തകരാറിലായ 123 ബൂത്തുകളില്‍ ഇന്ന് വീണ്ടും വോട്ടെടുപ്പ്

ന്യൂദല്‍ഹി- വോട്ടിങ് യന്ത്രങ്ങളും അനുബന്ധ വിവിപാറ്റ് യന്ത്രങ്ങളും തകരാറിലായ ഉത്തര്‍ പ്രദേശിലെ കൈരാന, മഹാരാഷ്ട്രയിലെ ഭണ്ഡാര ഗോണ്ടിയ എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലെ 122 പോളിങ് ബൂത്തുകളില്‍ ഇന്ന് വീണ്ടും വോട്ടെടുപ്പ് നടക്കും. നാഗാലാന്‍ഡില്‍ ഒരിടത്തും റീപോളിങ് നടക്കും. വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി നടന്നെന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ വീണ്ടും വോട്ടെടുപ്പു നടത്താന്‍ ഉത്തരവിട്ടത്. വിവിപാറ്റ് യന്ത്രങ്ങളില്‍ വ്യാപകമായി ക്രമക്കേട് കണ്ടെത്തിയ ഗോണ്ടിയയിലെ കലക്ടറെ കമ്മീഷന്‍ സ്ഥലംമാറ്റുകയും ചെയ്തു.

മൂന്ന് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പു നിരീക്ഷകരുടെ നിര്‍ദേശം അനുസരിച്ചാണ് കമ്മീഷന്‍ പുനര്‍ വോട്ടെടുപ്പു നടക്കാന്‍ തീരുമാനിച്ചത്. രാജ്യം ഉറ്റുനോക്കുന്ന കൈരാന മണ്ഡലത്തിലെ 73 ബൂത്തുകളിലും ഭണ്ഡാര-ഗോണ്ടിയയിലെ 49 ബൂത്തുകളിലുമാണ് വോട്ടെടുപ്പ്. ഭണ്ഡാര ഗോണ്ടിയയില്‍ വിന്യസിച്ച മൊത്തം വിവിപാറ്റ് യന്ത്രങ്ങളില്‍ 21 ശതമാനവും തകരാറിലായതിനെ തുടര്‍ന്ന് മാറ്റേണ്ടി വന്നിരുന്നു. കൈരാനയില്‍ 19 ശതമാനം വിവിപാറ്റ് യന്ത്രങ്ങളും തകരാറിലായിരുന്നു. പുതിയ സംവിധാനമായ വിവിപാറ്റ് യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് മതിയായ പരിശീലനം നല്‍കിയില്ലെന്നാണ് കമ്മീഷന്‍ നിഗമനം.
 

Latest News