വാലന്റൈന്‍സ് ഡേയില്‍ ഹിന്ദുമുന്നണി   നായ്ക്കളുടെ കല്യാണം നടത്തി 

ചെന്നൈ-പ്രണയിക്കുന്നവര്‍ക്കും, പ്രണയിച്ചവര്‍ക്കും ഏറെ പ്രിയപ്പെട്ട വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി തമിഴ്‌നാട്ടിലെ ഹിന്ദു സംഘടന. ഭാരതീയ സംസ്‌കാരത്തിന് യോജിച്ചതല്ല വാലന്റൈന്‍സ് ഡേ ആഘോഷമെന്ന വാദമുയര്‍ത്തിയാണ് സംഘടന പ്രതിഷേധിച്ചത്. ഇതിന്റെ ഭാഗമായി ഒരു സംഘടന തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ നായ്ക്കള്‍ തമ്മിലുള്ള വിവാഹ ചടങ്ങുകള്‍ നടത്തി. വാലന്റൈന്‍സ് ഡേ ആഘോഷത്തിനെതിരായ വിചിത്രമായ പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലായിരിക്കുകയാണ്.
എല്ലാ വര്‍ഷവും ഹിന്ദു മുന്നണി ഭാരവാഹികള്‍ വിവിധ തരത്തില്‍ വാലന്റൈന്‍സ് ഡേയില്‍ പ്രതിഷേധം നടത്താറുണ്ട്. ഇന്ത്യയുടെ സംസ്‌കാരത്തിന് വിരുദ്ധമായ ആഘോഷമെന്ന കാരണത്താലാണിത്. 
കഴിഞ്ഞ ദിവസം ഹിന്ദു മുന്നണി ഭാരവാഹികള്‍ രണ്ട് നായ്ക്കളെ വസ്ത്രങ്ങളും മാലകളും ധരിപ്പിച്ച ശേഷം ഇവര്‍ വിവാഹിതരായെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് ശേഷം രണ്ട് നായകളെയും സ്വതന്ത്രരാക്കി വിടുകയും ചെയ്തു. വാലന്റൈന്‍സ് ഡേ ദിനത്തില്‍ പശുക്കളെ പുണരാന്‍ സര്‍ക്കാര്‍ തലത്തില്‍ നിര്‍ദ്ദേശം വന്നിരുന്നെങ്കിലും വിവാദമായതോടെ കേന്ദ്രം നീക്കത്തില്‍ നിന്നും പിന്‍വലിഞ്ഞിരുന്നു.
 

Latest News