സൗദിയില്‍ ജനുവരി-മാര്‍ച്ചില്‍ രണ്ടു ലക്ഷം വിദേശ തൊഴിലാളികള്‍ കുറഞ്ഞു

സ്വകാര്യ മേഖലയില്‍ 94 ലക്ഷം ജീവനക്കാര്‍
 
റിയാദ് - ഈ വര്‍ഷം ജനുവരിക്കും മാര്‍ച്ചിനുമിടയില്‍ സൗദിയില്‍ രണ്ടു ലക്ഷത്തോളം വിദേശ തൊഴിലാളികള്‍ കുറഞ്ഞു. സ്വകാര്യ മേഖലയില്‍ മൊത്തം ജീവനക്കാരുടെ എണ്ണം 94.7 ലക്ഷമായി കുറഞ്ഞതായും ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് അറിയിച്ചു. മാര്‍ച്ചിലെ കണക്ക് പ്രകാരം വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ മൂന്നു ശതമാനവും സൗദി ജീവനക്കാരുടെ എണ്ണത്തില്‍ ഒരു ശതമാനവും കുറവ് രേഖപ്പെടുത്തി. സൗദി ജീവനക്കാരുടെ എണ്ണം കഴിഞ്ഞ വര്‍ഷം അവസാനം അഞ്ചു ശതമാനം വര്‍ധിച്ചിരുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളുടെ എണ്ണം 77,08,009 ആണ്. 2017 ഡിസംബര്‍ അവസാനം വിദേശികളടെ സംഖ്യ 79,07,511 ആയിരുന്നു. 2017 ജനുവരി മുതല്‍ വിദേശ തൊഴിലാളികള്‍ ശരാശരി രണ്ടു ലക്ഷം കണ്ട് കുറഞ്ഞുവരികയായിരുന്നു. ആ വര്‍ഷം  മൂന്നാം പാദത്തില്‍ 81,86,367 ഉം രണ്ടാം പാദത്തില്‍ 83,14,107 ഉം ഒന്നാം പാദത്തില്‍ 84,24,370 ഉം ആയിരുന്നു വിദേശ തൊഴിലാളികള്‍. 
പുതിയ കണക്ക് പ്രകാരം സ്വകാര്യ മേഖലയില്‍ 17,62,004 സൗദി ജീവനക്കാരുണ്ട്. 2017 നാലാം പാദത്തില്‍ 17,79,460 ഉം മൂന്നാം പാദത്തില്‍ 16,86,783 ഉം രണ്ടാം പാദത്തില്‍ 16,70,823 ഉം ഒന്നാം പാദത്തില്‍ 16,60,218 ഉം ആയിരുന്നു സൗദി ജീവനക്കാര്‍.
കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തില്‍ സ്വകാര്യ മേഖലയില്‍ സൗദികളും വിദേശികളും ഉള്‍പ്പെടെ ആകെ 1,00,84,588 ജീവനക്കാരുണ്ടായിരുന്നു. രണ്ടാം പാദത്തില്‍ ആകെ ജീവനക്കാരുടെ എണ്ണം 99,84,930 ഉം മൂന്നാം പാദത്തില്‍ 98,73,150 ഉം നാലാം പാദത്തില്‍ 96,86,971 ഉം ഈ വര്‍ഷം ആദ്യ പാദത്തില്‍ 94,70,013 ഉം ആയി കുറഞ്ഞു.
സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാരില്‍ 8,06,700 പേരുടെ വേതനം മൂവായിരം റിയാല്‍ വരെയാണ്. സൗദി ജീവനക്കാരില്‍ 40 ശതമാനം ഈ ഗണത്തിലാണ്. പതിനായിരവും അതില്‍ കൂടുതലും വേതനം ലഭിക്കുന്ന 2,27,900 സൗദികളാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നത്.
വിദേശികളില്‍ 87 ശതമാനത്തിന്റെയും വേതനം മൂവായിരം റിയാലില്‍ കവിയില്ല. 67 ലക്ഷം പേര്‍ ഈ ഗണത്തില്‍ പെട്ടവരാണ്. മൂന്നു ശതമാനം വിദേശികളുടെ (2,49,000 പേര്‍) വേതനം പതിനായിരം റിയാലില്‍ കൂടുതലാണ്. സ്വകാര്യ മേഖലാ ജീവനക്കാരില്‍ 36 ശതമാനം പേര്‍ (34 ലക്ഷം പേര്‍) റിയാദ് പ്രവിശ്യയിലാണ്. സ്വകാര്യ മേഖലാ ജീവനക്കാരില്‍ 40 ശതമാനം പേര്‍ (38.3 ലക്ഷം) പേര്‍ നിര്‍മാണ മേഖലയിലും 25 ശതമാനം പേര്‍ (23.8 ലക്ഷം പേര്‍) വ്യാപാര മേഖലയിലും ജോലി ചെയ്യുന്നു. വിദേശികളില്‍ 55.7 ലക്ഷം പേരുടെ വേതനം 1500 റിയാലില്‍ കവിയില്ലെന്നും ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് കണക്കുകള്‍ വ്യക്തമാക്കുന്നു.
 

Latest News