Sorry, you need to enable JavaScript to visit this website.

പുതിയ ജിദ്ദ എയര്‍പോര്‍ട്ട് തുറന്നു; ആദ്യ ഘട്ടത്തില്‍ ആഭ്യന്തര വിമാനങ്ങള്‍

ജിദ്ദ - ജിദ്ദയില്‍ പുതുതായി നിര്‍മിച്ച  കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ വിമാന സര്‍വീസുകള്‍ക്ക് തുടക്കമായി. ആദ്യ സര്‍വീസ് ഖുറയ്യാത്തിലേക്കായിരുന്നു. രാവിലെ 5.15 ന് 133 യാത്രക്കാരുമായി എസ്.വി 1291-ാം നമ്പര്‍ വിമാനം ജിദ്ദ വിട്ടു. രാവിലെ 7.10 ന് വിമാനം ഖുറയ്യാത്തിലെത്തി. ഖുറയ്യാത്തില്‍ നിന്നുള്ള എസ്.വി 1290-ാം നമ്പര്‍ വിമാനം രാവിലെ 9.45 ന് പുതിയ ജിദ്ദ എയര്‍പോര്‍ട്ടില്‍ എത്തി. ഈ വിമാനത്തില്‍ 142 യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരെ പൂച്ചെണ്ടുകളും സമ്മാനങ്ങളും നല്‍കി സ്വീകരിച്ചു.
ആദ്യത്തെ മൂന്നു ദിവസങ്ങളില്‍ രണ്ട് സര്‍വീസ് മാത്രമാണ് പുതിയ എയര്‍പോര്‍ട്ടില്‍ നിന്ന് നടത്തുക. ഇതിനു ശേഷം സര്‍വീസുകളുടെ എണ്ണം പടിപടിയായി ഉയര്‍ത്തുമെന്ന് സൗദിയ വക്താവ് എന്‍ജിനീയര്‍ അബ്ദുറഹ്മാന്‍ അല്‍ത്വയ്യിബ് അറിയിച്ചു.
പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് തുടങ്ങിയ എയര്‍പോര്‍ട്ടില്‍ ആറു ആഗമന, നിര്‍ഗമന ഗെയിറ്റുകളാണ് തുറന്നത്. പടിപടിയായി ഗെയിറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കും.
നാലു ഘട്ടങ്ങളിലായാണ് വിമാനത്താവളത്തില്‍ സര്‍വീസുകളുടെ എണ്ണം കൂട്ടുകയെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ ഹകീം അല്‍തമീമി പറഞ്ഞു.
രണ്ടാം ഘട്ടം ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ്. ഒന്നും രണ്ടും ഘട്ടങ്ങളില്‍ പരിമിതമായ ആഭ്യന്തര സര്‍വീസുകള്‍ മാത്രമാണ് പുതിയ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കുക. നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നാം ഘട്ടത്തില്‍ മുഴുവന്‍ ആഭ്യന്തര സര്‍വീസുകളും പുതിയ എയര്‍പോര്‍ട്ടിലെത്തും. 2019 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള നാലാം ഘട്ടത്തില്‍ ഗെയിറ്റുകളുടെ എണ്ണം 46 ആകുമെന്നും  അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുമെന്നും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് പറഞ്ഞു.
8,10,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ നിര്‍മിച്ച ടെര്‍മിനല്‍ കോംപ്ലക്‌സില്‍ യാത്രക്കാരുടെ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് 220 കൗണ്ടറുകളും 80 സെല്‍ഫ് സര്‍വീസ് കൗണ്ടറുകളുമുണ്ടാകും. 34 കിലോമീറ്റര്‍ നീളമുള്ള കണ്‍വെയര്‍ ബെല്‍റ്റുകളാണ് സ്ഥാപിക്കുന്നത്. 27,987 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലായിരിക്കും ബിസിനസ് ഏരിയ. ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കായി 120 മുറികള്‍ അടങ്ങിയ മൂന്നുനില ഹോട്ടലും 81 നമസ്‌കാര സ്ഥലങ്ങളുമുണ്ടാകും. ഹറമൈന്‍ റെയില്‍വേ സ്റ്റേഷനു പുറമെ, 18,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ പച്ചവിരിച്ച സ്ഥലവും മറ്റു അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.
8209 കാറുകള്‍ക്ക് വിശാലമായ ബഹുനില പാര്‍ക്കിംഗ് കോംപ്ലക്‌സും 749 കാറുകള്‍ക്ക് വിശാലമായ ടാക്‌സി പാര്‍ക്കിംഗും 48 ബസുകള്‍ നിര്‍ത്തിയിടുന്നതിന് വിശാലമായ ബസ് പാര്‍ക്കിംഗും ഒരുക്കും. ഇതിനു പുറമെ റെന്റ് എ കാര്‍ കമ്പനികള്‍ക്കും വി.ഐ.പികള്‍ക്കും പ്രത്യേക പാര്‍ക്കിംഗുണ്ടാകും.

Latest News