80 കോടിയുടെ വാഗമണ്‍ ഭൂമി തട്ടിപ്പ്; മുഖ്യപ്രതി പിടിയില്‍

ഇടുക്കി-വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണില്‍ 3.30 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിക്ക് ആള്‍മാറാട്ടത്തിലൂടെ പട്ടയം സമ്പാദിച്ച് കൃത്രിമ ആധാരം ചമച്ച്  മറിച്ച് വില്‍പ്പന നടത്തിയ കേസിലെ മുഖ്യപ്രതി വിജിലന്‍സ് പിടിയില്‍. റാണിമുടി എസ്റ്റേറ്റ് ഉടമ ജോളി സ്റ്റീഫനെ(61) യാണ് ബാംഗ്ലൂരില്‍ നിന്ന് ജില്ലാ വിജിലന്‍സ് സംഘം പിടികൂടിയത്.  വാഗമണ്‍ വില്ലേജിലെ സര്‍വെ നമ്പര്‍ 724ല്‍പ്പെട്ട ഭൂമിയാണ് തട്ടിപ്പിലൂടെ പ്രതി സ്വന്തമാക്കിയത്.
ഇയാള്‍ക്കും പിതാവിനുമായി ഇവിടെ 110 ഏക്കറിലധികം ഭൂമി കൈവശമായി ഉണ്ടായിരുന്നു. 1994ല്‍ പട്ടയമേള നടത്തിയപ്പോള്‍ അന്നത്തെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ബന്ധുക്കളുടെ പേരില്‍ അവരറിയാതെ 3 മുതല്‍ 4 ഏക്കര്‍ വരെ പട്ടയം സംഘടിപ്പിക്കുകയായിരുന്നു. ഇത്തരത്തില്‍ 12 പേരുടെ പേരിലാണ് പട്ടയമുണ്ടാക്കിയത്.
മുന്‍ ഭാര്യ ഷേര്‍ളി സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയപ്പോഴാണ് കൈയേറ്റ വിവരം പുറത്തുവരുന്നത്. ഇതില്‍ ഇപ്പോഴും അന്വേഷണം നടന്ന് വരികയാണ്. 80 കോടിയിലധികം രൂപ വരുന്ന ഭൂമിയാണ് ഇയാള്‍ കൈയേറി വില്‍പ്പന നടത്തിയതെന്നാണ് പ്രാഥമിക വിവരം.
 

 

Latest News