കാളികാവ്-പുല്ലങ്കോട് എസ്റ്റേറ്റില്‍ കടഞ്ചീരി മലവാരത്തിലെ താള്‍കണ്ടി ഭാഗത്ത് പുലിയെ കണ്ടതായി അഭ്യൂഹം. ഏഴാംക്ലാസ് വിദ്യാര്‍ഥി പുലിയെയും കുട്ടികളെയും കണ്ടതായാണ് പ്രചാരണമുണ്ടായത്. ഇതനുസരിച്ച് രക്ഷിതാക്കളും നാട്ടുകാരും വനംവകുപ്പ് അധികൃതരും ചേര്‍ന്നു പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. കാട്ടുപൂച്ചയാകാനാണ് സാധ്യതയെന്നാണ് വനംവകുപ്പ് നിഗമനം. അതേസമയം പുല്ലങ്കോട് ഡിവിഷനില്‍ അടക്കാക്കുണ്ട് 2015 റീ പ്ലാന്റിംഗ്് ഭാഗത്ത് കളിമുറ്റത്തിന് സമീപം കാട്ടുപന്നിയെ കൊന്നു ഭക്ഷിച്ചതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ഈ ഭാഗത്ത് വനം വകുപ്പ് കാമറ സ്ഥാപിച്ചു. ടാപ്പിംഗിന് പോകുന്ന തൊഴിലാളികളോടു നേരം വെളുത്തതിനു ശേഷം മാത്രം ജോലിക്ക് പോയാല്‍ മതിയെന്നും ജാഗ്രത പുലര്‍ത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വനം വകുപ്പ് ജനങ്ങളുടെ സുരക്ഷയ്ക്ക് കൂടെയുണ്ടെന്ന് ഡെപ്യൂട്ടി റേഞ്ചര്‍ വിജയന്‍ പറഞ്ഞു.