ജഡ്ജി പിന്മാറിയതിനെ തുടര്‍ന്ന് ജാമിഅ നഗര്‍ കേസ് കോടതി മാറ്റി

ന്യൂദല്‍ഹി- ജഡ്ജി പിന്മാറിയതിനെ തുടര്‍ന്ന് ദല്‍ഹിയിലെ ജാമിഅ നഗര്‍ അക്രമവുമായി ബന്ധപ്പെട്ട കേസ്  മറ്റൊരു കോടതിയിലേക്ക് മാറ്റി. വിദ്യാര്‍ഥി പ്രവര്‍ത്തകന്‍ ഷര്‍ജീല്‍ ഇമാം ഉള്‍പ്പെടെ 11 പേരെ കുറ്റവിമുക്തരാക്കിയത് വിവാദമായതിനു പിന്നാലെയാണ് ജാമിഅ നഗര്‍ അക്രമവുമായി ബന്ധപ്പെട്ട  രണ്ടാമത്തെ കേസില്‍നിന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി അരുള്‍ വര്‍മ സ്വയം പിന്മാറിയത്.
വിദ്യാര്‍ത്ഥി ആക്ടിവിസ്റ്റ് ആസിഫ് ഇഖ്ബാല്‍ തന്‍ഹ ഉള്‍പ്പെടെ നിരവധി പേര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസാണിത്. മാര്‍ച്ച് 18 ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി സോനു അഗ്‌നിഹോത്രി കേസ് പരിഗണിക്കുമെന്ന് കോടതി വൃത്തങ്ങള്‍ അറിയിച്ചു.
നേരത്തെ, വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വര്‍മ്മ കേസ് മാറ്റണമെന്ന് സാകേത് കോടതിയിലെ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയോട് ആവശ്യപ്പെട്ടത്.
തന്‍ഹ, മീരാന്‍ ഹൈദര്‍, അഷു ഖാന്‍, ഖാസിം ഉസ്മാനി, മുഹമ്മദ് ഹസന്‍, മുഹമ്മദ് ജമാല്‍, മുഹമ്മദ് സാഹില്‍ മുദ്ദസ്സിര്‍, ഫഹീം ഹസ്മി, സമീര്‍ അഹമ്മദ്, മുഹമ്മദ് ഉമര്‍, മുഹമ്മദ് ആദില്‍, റൂഹുല്‍ അമീര്‍, ചന്ദന്‍ കുമാര്‍, സാഖിബ് ഖാന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട അക്രമവുമായി ബന്ധപ്പെട്ട് ജാമിഅ നഗര്‍ പോലീസ് സ്‌റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.
യഥാര്‍ത്ഥ കുറ്റവാളികളെ പിടികൂടാന്‍ കഴിയാത്ത പോലീസ് ഷര്‍ജീല്‍ ഇമാം അടക്കം 11 പ്രതികളെ ബലിയാടുകളാക്കിയെന്ന് ജസ്റ്റിസ് അരുള്‍ വര്‍മ വിമര്‍ശിച്ചിരുന്നു.
പോലീസിനേയും പ്രോസിക്യൂഷനേയും അപമാനിച്ചുവെന്ന ഹരജിയുമായി ദല്‍ഹി പോലീസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതില്‍ ഷര്‍ജീല്‍ ഇമാം അടക്കമുള്ളവര്‍ക്ക് നോട്ടീസയച്ചു. മറ്റൊരു കേസില്‍ വിചാരണ നടക്കുന്നതിനാല്‍ ഷര്‍ജീല്‍ ഇമാം ഇപ്പോഴും ജയിലിലാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News