അൽഹസ- അവധിക്ക് റിയാസ് റഹിം നാട്ടിലേക്കു പോയപ്പോൾ ആരും കരുതിയിരുന്നില്ല, അത് മടക്കമില്ലാത്ത യാത്രയാകുമെന്ന്. അൽഹസ മേഖലയിൽ നവയുഗത്തിലൂടെ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച്, റിയാസ് ജീവിതത്തിൽ നിന്നും അപ്രതീക്ഷിതമായി വിട വാങ്ങിയത് ഇനിയും ഉൾക്കൊള്ളാൻ അൽഹസയിലെ നവയുഗം പ്രവർത്തകർക്കായിട്ടില്ല. നവയുഗം ശോഭ യൂണിറ്റ് സജീവ പ്രവർത്തകനായിരുന്ന കൊല്ലം കരുനാഗപ്പള്ളി വടക്കൻ മൈനാഗപ്പള്ളി അഞ്ചുവിള വടക്കതിൽ റിയാസ് റഹിം (43) കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാലു മാസത്തെ അവധിക്ക് നാട്ടിലേക്ക് യാത്രയായത്. ഭാര്യയും രണ്ടു പെൺകുട്ടികളും അടങ്ങുന്ന കുടുംബവുമൊത്ത് അവധിക്കാലം സന്തോഷത്തോടെ ചിലവഴിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മരണം. ഞായറാഴ്ച അടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്തു മടങ്ങിയെത്തിയ റിയാസ് വീട്ടിൽ ഉറങ്ങാൻ കിടന്നതായിരുന്നു. തിങ്കളാഴ്ച രാവിലെ ഭാര്യ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോഴാണ് മരിച്ചതായി അറിഞ്ഞത്. ഉറക്കത്തിൽ സംഭവിച്ച ഹൃദയാഘാതമാണ് മരണകാരണം.
നവയുഗം അൽഹസ മേഖലയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്ന റിയാസ്, അതുവഴി വലിയൊരു സൗഹൃദവലയത്തിനുടമയായിരുന്നു. കേരളം കണ്ട ഏറ്റവും വലിയ പ്രളയകാലത്തും, സൗദി നിശ്ചലമായ കൊറോണ ലോക്ക്ഡൗൺ കാലത്തും, കഷ്ടപ്പെടുന്നവരെ സഹായിക്കാനും, നവയുഗം അൽഹസ ജീവകാരുണ്യവിഭാഗം നടത്തിയ പ്രവർത്തനങ്ങളിൽ റിയാസ് വഹിച്ച പങ്ക് വളരെ വലുതാണ്.
റിയാസ് റഹീമിന്റെ അപ്രതീക്ഷിത നിര്യാണത്തിൽ നവയുഗം കേന്ദ്ര കമ്മിറ്റി അഗാധ ദുഃഖം രേഖപ്പെടുത്തി. ജാതി, മത, വർഗ വ്യത്യാസങ്ങൾ നോക്കാതെ മറ്റുള്ളവരെ സഹായിക്കുന്ന, മനസ്സിൽ നന്മകൾ നിറഞ്ഞ ഒരു ചെറുപ്പക്കാരനായിരുന്നു റിയാസ് റഹിം. ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ബാക്കി വെച്ചിട്ടാണ് അദ്ദേഹം യാത്രയായത്. റിയാസിന്റെ ഓർമകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതായും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും നവയുഗം കേന്ദ്ര കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.






